Categories
entertainment Kerala local news

കേരളത്തിലെ പ്രശസ്‌തരായ മാപ്പിളപ്പാട്ട്‌ ഗായകര്‍ അണി നിരക്കുന്ന പരിപാടി; “ഇന്നലെയുടെ ഇശലുകള്‍”
ഫെബ്രുവരി 25ന്‌ കാസര്‍കോട്‌ മുനിസിപ്പല്‍ ടൗണ്‍ ഹാളില്‍

കാസര്‍കോട്‌: പതിറ്റാണ്ടുകളോളം ഉത്തരകേരളത്തിൻ്റെ കലാ, സാംസ്‌കാരിക രംഗത്തും മാപ്പിളപ്പാട്ട്‌ സംഘാടന രംഗത്തും വ്യക്തി മുദ്ര പതിപ്പിച്ച കൊപ്പല്‍ അബ്‌ദുല്ലയുടെ സ്‌മരണാര്‍ത്ഥം സംഘടിപ്പിക്കുന്ന “ഇന്നലെയുടെ ഇശലുകള്‍” ഫെബ്രുവരി 25 വെള്ളിയാഴ്‌ച വൈകുന്നേരം 6 മണി മുതല്‍ കാസര്‍കോട്‌ മുനിസിപ്പല്‍ ടൗണ്‍ ഹാളില്‍ അരങ്ങേറും. കാസര്‍കോട്‌ ആര്‍ട്‌ ഫോറം സംഘടിപ്പിക്കുന്ന ഇന്നലെയുടെ ഇശലുകളില്‍ കേരളത്തിലെ പ്രശസ്‌തരായ മാപ്പിളപ്പാട്ട്‌ ഗായകര്‍ അണി നിരക്കും.

ചടങ്ങില്‍ മാപ്പിളപ്പാട്ട്‌ ശാഖയെ സമ്പന്നമാക്കിയ കവികളും കലാകാരന്‍മാരുമായ റംലാ ബീഗം, പി.എസ്‌ ഹമീദ്‌, ബാപ്പു വെള്ളിപ്പറമ്പ്‌, അസീസ്‌ തായിനേരി, കണ്ണൂര്‍ സീനത്ത്‌ എന്നിവരെ മാപ്പിളപ്പാട്ടിന്‌ നല്‍കിയ സമഗ്ര സംഭാവനകള്‍ മാനിച്ച്‌ ആദരിക്കും. സാംസ്‌കാരിക ജീവ കാരുണ്യ രംഗത്ത്‌ നിശബ്‌ദ സേവനം ചെയ്‌തു വരുന്ന ചേരൂര്‍ കെ.എം.മൂസ ഹാജിക്ക്‌ പ്രഥമ കൊപ്പല്‍ അബ്‌ദുല്ല പുരസ്‌കാരവും, മാപ്പിളപ്പാട്ടിൻ്റെ തോഴനും, സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ സജീവ സാന്നിധ്യവുമായ ഷാഫി നാലപ്പാടിന്‌ ഇശല്‍ തോഴന്‍ പുരസ്‌കാരവും നല്‍കും.

നഗര സഭാ ചെയര്‍മാന്‍ അഡ്വ. വി.എം.മുനീറിൻ്റെ അധ്യക്ഷതയില്‍.അഡ്വ. സി.എച്ച്‌ കുഞ്ഞമ്പു എം.എല്‍.എ ഉദ്‌ഘാടനം ചെയ്യും. ചടങ്ങില്‍ പത്മശ്രീ ഹരേക്കള ഹജബ്ബ മുഖ്യാതിഥിയായിരിക്കും. കാഫ്‌ വൈസ്‌ ചെയര്‍മാന്‍ ടി.എ ഷാഫി അതിഥികളെ പരിചയപ്പെടുത്തും. ഫാദര്‍ സെവാരിയോസ്‌ തോമസ്‌, യഹ്‌യ തളങ്കര, ഡോ.എം.പി ഷാഫി ഹാജി, നാങ്കി മുഹമ്മദലി, പി.ബി അഹമ്മദ്‌, കെ.അഹമ്മദ്‌ ഷെരീഫ്‌, അച്ചു നായമാര്‍മൂല, നവാസ്‌ ബെള്ളിപ്പാടി, അസീസ്‌ കടപ്പുറം, അബ്ബാസ്‌ ബീഗം, അഷ്‌റഫ്‌ ഐവ,, അച്ചു മുഹമ്മദ്‌, നൗഷാദ്‌ എം.എം, അബ്‌ദുല്‍ ഖാദര്‍ ടി.എം, സി.യു. മുഹമ്മദ്‌ ചേരൂര്‍ എന്നിവര്‍ പ്രസംഗിക്കും. കണ്‍വീനര്‍ ഷാഫി എ.നെല്ലിക്കുന്ന്‌ സ്വാഗതവും സി.എല്‍.ഹമീദ്‌ നന്ദിയും പറയുമെന്ന് ഭാരവാഹികൾ അറിയിച്ചു.

0Shares

Leave a Reply

Your email address will not be published. Required fields are marked *