Categories
news

അഞ്ചുപേർ ചേർന്ന് തന്നെ പട്ടാപ്പകൽ ബലാത്സം​ഗം ചെയ്തെന്ന ആലപ്പുഴയിലെ പ്ലസ്ടു വിദ്യാർത്ഥിനിയുടെ പരാതി നുണക്കഥ; കള്ളം പറഞ്ഞത് സ്കൂളിൽ പോകാതിരിക്കാൻ

പ്രതികളിൽ ഒരാളുടെ ലുങ്കി കീറിയെടുത്ത് കയ്യും വായും കെട്ടിയ ശേഷം വാനിൽ വച്ചാണ് പീഡനമെന്നാണു പെൺകുട്ടി മൊഴി നൽകിയത്.

കൂട്ട ബലാത്സം​ഗത്തിനിരയായെന്ന പ്ലസ്ടു വിദ്യാർത്ഥിനിയുടെ പരാതിക്ക് പിന്നിൽ സ്കൂളിൽ പോകാനുള്ള മടി. സ്‌കൂളിൽ നിന്ന് വീട്ടിലേക്ക് മടങ്ങവേ അഞ്ചുപേർ ചേർന്ന് പീഡിപ്പിച്ചെന്നാണ് ആലപ്പുഴ സ്വദേശിനിയായ പ്ലസ് ടു വിദ്യാർഥിനിയുടെ പരാതി.

എന്നാൽ, ഇതിൽ വാസ്തവമില്ലെന്നും സ്‌കൂളിൽ പോകാനുള്ള മടികാരണം പെൺകുട്ടി പറഞ്ഞ നുണക്കഥയാണിതെന്നുമാണ് പൊലീസ് നൽകുന്ന സൂചന. സ്കൂൾ തുറന്ന ദിവസം വീട്ടിലേക്ക് മടങ്ങവേ അഞ്ചംഗ സംഘം പീഡിപ്പിച്ചെന്നായിരുന്നു രക്ഷാകർത്താക്കളോട് പറഞ്ഞത്. തിങ്കളാഴ്ച ഉച്ചയ്ക്ക് ഒന്നോടെ മുട്ടാർ ശ്മശാനത്തിനു സമീപമാണു സംഭവമെന്ന് രാമങ്കരി പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു. വീട്ടുകാർ പൊലീസിൽ പരാതി നൽകുകയായിരുന്നു.

സംഭവസ്ഥലം പരിശോധിച്ച പൊലീസ് സി. സി. ടി. വി ദൃശ്യം ശേഖരിക്കുകയും പ്രദേശവാസികളുടെ മൊഴി രേഖപ്പെടുത്തുകയും ചെയ്തു. പ്രതികളിൽ ഒരാളുടെ ലുങ്കി കീറിയെടുത്ത് കയ്യും വായും കെട്ടിയ ശേഷം വാനിൽ വച്ചാണ് പീഡനമെന്നാണു പെൺകുട്ടി മൊഴി നൽകിയത്. പെൺകുട്ടി വീട്ടിലെത്തി സംഭവം പറഞ്ഞപ്പോഴാണു വീട്ടുകാർ അറിഞ്ഞത്.

പെൺകുട്ടിയുടെ മൊഴിയിലെ വൈരുദ്ധ്യം തുടക്കത്തിൽ തന്നെ പൊലീസ് തിരിച്ചറിഞ്ഞു. കുട്ടി പറഞ്ഞ ആളുകളെ ചോദ്യം ചെയ്തപ്പോൾ സംഭവ സമയത്ത് ഇവർ സ്ഥലത്തില്ലായിരുന്നു എന്ന വിവരവും ലഭിച്ചു. വൈദ്യ പരിശോധനയിലും പീഡനം നടന്നതിൻ്റെ തെളിവ് ലഭിച്ചില്ല. പരാതി ആരുടെയെങ്കിലും പ്രേരണയാൽ നൽകിയതാണോ എന്ന കാര്യവും പൊലീസ് അന്വേഷിക്കുന്നുണ്ട്.

ക്ലാസ് തുടങ്ങുന്ന വാർത്ത അറിഞ്ഞപ്പോൾ തന്നെ ഇനി സ്‌കൂളിൽ പോകുന്നില്ലെന്ന് വിദ്യാർഥിനി വീട്ടിൽ പറഞ്ഞിരുന്നു. എന്നാൽ, മൊബൈൽ ഫോൺ തിരികെ നൽകി സ്‌കൂളിലേക്ക് പോകണമെന്ന് വീട്ടുകാർ ആവശ്യപ്പെടുകയായിരുന്നു. നിരന്തരമായ സ്മാർട്ട് ഫോൺ ഉപയോഗത്തിലൂടെ പെൺകുട്ടി മൊബൈൽ ഗെയിമുകൾക്ക് അടിമയായിട്ടുണ്ടെന്നാണ് പൊലീസ് നൽകുന്ന സൂചന. രണ്ടുവർഷമായി കുട്ടിയുടെ കൈയിൽ എപ്പോഴും മൊബൈൽ ഉണ്ടായിരുന്നു.

0Shares

Leave a Reply

Your email address will not be published. Required fields are marked *