Categories
Kerala news trending

‘യഥാർത്ഥ ഭക്തർ ശബരിമലയിൽ ദർശനം നടത്താതെ പോയിട്ടില്ല’; കപട ഭക്തരാണ് പ്രശ്‌നങ്ങൾ ഉണ്ടാക്കിയത്: മന്ത്രി കെ.രാധാകൃഷ്ണൻ

പൊലീസ് വളരെ കൃത്യമായി ഇടപെട്ടെന്നും മന്ത്രി

ശബരിമല മാസ്റ്റർ പ്ലാനിൻ്റെ പദ്ധതികൾക്കായി ഹൈപ്പവർ കമ്മറ്റി രൂപീകരിച്ച് പ്രവർത്തനം പുരോഗമിക്കുന്നുവെന്ന് മന്ത്രി കെ.രാധാകൃഷ്ണൻ. പലപദ്ധതികൾ ശബരിമലയിൽ നടന്നു വരുന്നു. എന്നാൽ ഭൂമി ലഭ്യമാക്കുന്നതിൽ തടസങ്ങൾ നേരിടുന്നുണ്ട്. ശബരിമലയെ തകർക്കാനുള്ള വ്യാജ പ്രചാരണങ്ങൾ നടക്കുന്നു. സംഭവിക്കാത്ത കാര്യങ്ങൾ സംഭവിച്ചു എന്ന് വരുത്തി തീർക്കാൻ ഉള്ള ശ്രമം നടന്നു.

കേസുകൾ എടുത്തിട്ടുണ്ട്. യഥാർത്ഥ ഭക്തന്മാർ ആരും മാലയൂരിയോ തേങ്ങയുടച്ചോ ശബരിമലയിൽ ദർശനം നടത്താതെ പോയിട്ടില്ല. കപട ഭക്തന്മാരാണ് പ്രശ്നങ്ങൾ ഉണ്ടാക്കിയത്. ബോധപൂർവ്വം കുഴപ്പം ഉണ്ടാക്കാനുള്ള ശ്രമം നടന്നു. പൊലീസ് വളരെ കൃത്യമായി ഇടപെട്ടെന്നും മന്ത്രി കെ.രാധാകൃഷ്ണൻ സഭയിൽ വ്യക്തമാക്കി.

പൊലീസ് ഇടപെട്ടില്ലെങ്കിൽ ഉണ്ടാകുന്ന പ്രശ്‌നം വേറെയാണ്. പുൽമേടിൻ്റെയും പമ്പയുടെയും അനുഭവം നമുക്ക് മുന്നിലുണ്ട്. ആ അനുഭവം ആവർത്തിക്കാതിരിക്കാൻ ആണ് പൊലീസ് മുൻകരുതലെടുത്തത്. പൊലീസ് ഇടപെടൽ ശരിയായ രീതിയിൽ ആണെന്ന അഭിപ്രായമാണ് സർക്കാരിനുള്ളതെന്നും കെ.രാധാകൃഷ്ണൻ വ്യക്തമാക്കി.

വ്യാജ വാർത്തകൾ ചില കോണുകളിൽ നിന്ന് വന്നു. വെള്ളവും ഭക്ഷണവും വേണമെന്ന് ആവശ്യപ്പെട്ട് ചിലർ സമരം ചെയ്യുന്നത് കണ്ടു. പക്ഷേ അവരുടെ മുദ്രാവാക്യം മുഖ്യമന്ത്രിക്ക് എതിരായിരുന്നു. അത്തരം സമരക്കാരുടെ ലക്ഷ്യം എന്തെന്ന് മനസ്സിലാക്കാമെന്നും മന്ത്രി വ്യക്തമാക്കി.

0Shares

Leave a Reply

Your email address will not be published. Required fields are marked *