Categories
news

മനോരമ ചാനലിലെ നിഷക്കെതിരെ ഫേസ്ബുക്ക് പോസ്റ്റ്; താല്‍ക്കാലിക ജീവനക്കാരനില്‍ നിന്ന് വിശദീകരണം തേടി ദേശാഭിമാനി

നിഷാ പുരുഷോത്തമനെതിരെ ഫേസ്ബുക്കില്‍ സൈബര്‍ ആക്രമണം നടത്തിയ വിനീത് വി.യു ദേശാഭിമാനി പത്രത്തിലെ സര്‍ക്കുലേഷന്‍ താല്‍ക്കാലിക ജീവനക്കാരനാണെന്നും പി.രാജീവ്.

മനോരമാ ന്യൂസിലെ മാധ്യമപ്രവര്‍ത്തക നിഷാ പുരുഷോത്തമനെതിരെ ഫേസ്ബുക്കിലൂടെ നടത്തിയ ലൈംഗിക അധിക്ഷേപത്തിലും, സൈബര്‍ ബുള്ളിയിംഗിലും ദേശാഭിമാനി ദിനപത്രത്തിലെ താല്‍ക്കാലിക ജീവനക്കാരനോട് വിശദീകരണം ചോദിച്ചതായി എഡിറ്റര്‍ പി.രാജീവ്. ഇത്തരം ആക്രമണ രീതികളെ തള്ളിപ്പറയുന്നുവെന്നും സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം കൂടിയായ പി.രാജീവ് വ്യക്തമാക്കി.

നിഷാ പുരുഷോത്തമനെതിരെ ഫേസ്ബുക്കില്‍ സൈബര്‍ ആക്രമണം നടത്തിയ വിനീത് വി.യു ദേശാഭിമാനി പത്രത്തിലെ സര്‍ക്കുലേഷന്‍ താല്‍ക്കാലിക ജീവനക്കാരനാണെന്നും പി.രാജീവ്. നിഷാ പുരുഷോത്തമനെതിരെ നടന്ന സൈബര്‍ ബുള്ളിയിംഗില്‍ സാമൂഹ്യമാധ്യമങ്ങളില്‍ അടക്കം വലിയ തോതില്‍ പ്രതിഷേധമുയര്‍ന്നിരുന്നു. പത്രപ്രവര്‍ത്തക യൂണിയന്‍ സൈബര്‍ ആക്രമണത്തില്‍ മുഖ്യമന്ത്രിയോടും ഡി.ജി.പിയോടും നടപടി വേണമെന്നും ആവശ്യപ്പെട്ടു.

പി. രാജീവിന്‍റെ പ്രസ്താവന പൂര്‍ണ്ണരൂപം:

ദേശാഭിമാനിയില്‍ സര്‍ക്കുലേഷന്‍ വിഭാഗത്തില്‍ താല്‍ക്കാലികാടിസ്ഥാനത്തില്‍ ജോലി ചെയ്യുന്നയാളുടെ വ്യക്തിപരമായ ഫേസ് ബുക്ക് അക്കൗണ്ടില്‍ നിന്നും മനോരമ ചാനലിലെ മാധ്യമ പ്രവര്‍ത്തകയെ വ്യക്തിപരമായി അധിക്ഷേപിക്കുന്ന പോസ്റ്റിട്ടതു ശ്രദ്ധയില്‍പ്പെടുകയുണ്ടായി. ഇത്തരം രീതികളോട് ദേശാഭിമാനിക്ക് യോജിപ്പില്ല. ദേശാഭിമാനിയുടെ പേജില്‍ നിന്നല്ലെങ്കില്‍ പോലും പത്രവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവരുടെ ഭാഗത്തു നിന്നു മാത്രമല്ല ആരില്‍ നിന്നും ഇത്തരം പ്രവണതകള്‍ ഉണ്ടാകാന്‍ പാടില്ലെന്നതാണ് സമീപനം.

ഇതു സബന്ധിച്ച് ആ വ്യക്തിയോട് വിശദീകരണം ചുമതലപ്പെട്ടവര്‍ ചോദിച്ചിട്ടുണ്ട്. രാഷ്ട്രീയമായ വിമര്‍ശനങ്ങളാകാം. വ്യക്തിപരമായ അധിക്ഷേപവും സ്വകാര്യതകളിലേക്കുള്ള നുഴഞ്ഞുകയറ്റവും ആധുനിക സമൂഹത്തിനു യോജിക്കുന്നതല്ല. മോര്‍ഫിങ്ങുകളും നിര്‍മ്മിത കഥകളും വഴി പാര്‍ടി നേതാക്കളെ മാത്രമല്ല കുടുംബാംഗങ്ങളെ വരെ വ്യക്തിഹത്യ ചെയ്യുന്ന രീതി സാമൂഹ്യ മാധ്യമങ്ങളിലൂടെ എതിരാളികള്‍ നടത്തുന്നുണ്ടെങ്കിലും ഞങ്ങള്‍ക്ക് അത്തരം രീതികളോട് യോജിപ്പില്ല. വ്യക്തി അധിക്ഷേപ രീതികളെ ഞങ്ങള്‍ തള്ളിപ്പറയുന്നു.

0Shares

Leave a Reply

Your email address will not be published. Required fields are marked *