Categories
local news

ക്രിസ്തുമസ് പുതുവത്സരാഘോഷം: കാസർകോട് ലഹരിക്കെതിരെ എക്‌സൈസ് പോലീസ് പരിശോധന ശക്തമാക്കും

വിവിധ എന്‍ഫോഴ്‌സ്‌മെന്റ് ഏജന്‍സികളുടെയും, ഹോട്ടല്‍സ് ആന്‍ഡ് റിസോര്‍ട്ട്‌സ്, ഹോട്ടല്‍ ആന്‍ഡ് റസ്റ്റോറന്റ് പ്രതിനിധികള്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം.

കാസർകോട്: ക്രിസ്തുമസ് പുതുവത്സര ആഘോഷത്തിൻ്റെ ഭാഗമായി ഹോട്ടലുകളിലും, റിസോര്‍ട്ടുകളിലും, വിനോദസഞ്ചാര കേന്ദ്രങ്ങളിലും മറ്റും നടത്തപ്പെടുന്ന ഡി.ജെ പാര്‍ട്ടി ഉള്‍പ്പെടെയുള്ള പരിപാടികളില്‍ നിരോധിത ലഹരി ഉത്പന്നങ്ങളുടെ ഉപയോഗം തടയുന്നതിനായി പരിശോധന ശക്തമാക്കും. എക്‌സൈസ്, പോലീസ് ഉള്‍പ്പെടെ വിവിധ എന്‍ഫോഴ്‌സ്‌മെന്റ് ഏജന്‍സികളുടെയും, ഹോട്ടല്‍സ് ആന്‍ഡ് റിസോര്‍ട്ട്‌സ്, ഹോട്ടല്‍ ആന്‍ഡ് റസ്റ്റോറന്റ് പ്രതിനിധികള്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം.

ജില്ലാ ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണറുടെ ചേമ്പറിലാണ് യോഗം ചേര്‍ന്നത്. ജില്ലാ ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണര്‍ ഡി.ബാലചന്ദ്രന്‍ യോഗത്തിന് അദ്ധ്യക്ഷത വഹിച്ചു. പോലീസ് ഇന്‍സ്‌പെക്ടര്‍മാരായ പി.അജിത്ത് കുമാര്‍, വി.മോഹനന്‍, പി.ഉത്തംദാസ്, എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ എസ്.ടോണി ഐസക്, ഹോട്ടല്‍ ആന്‍ഡ് റസ്റ്റോറന്റ്, റിസോര്‍ട്ട് പ്രതിനിധികള്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.

ആഘോഷ നാളുകളില്‍ പോലീസ് എക്‌സൈസ് വകുപ്പുകള്‍ സംയുക്തമായി ഡോഗ്‌സ് സ്‌ക്വാഡ് ഉള്‍പ്പെടെയുള്ള സംവിധാനങ്ങള്‍ പ്രയോജനപ്പെടുത്തി വിവിധ പേരുകളില്‍ സംഘടിപ്പിക്കപ്പെടുന്ന ആഘോഷ പാര്‍ട്ടികള്‍ നടക്കുന്ന സ്ഥലങ്ങളില്‍ നിരോധിത ലഹരി ഉത്പന്നങ്ങളുടെ ഉപയോഗം തടയുന്നതിനായി പരിശോധനകള്‍ ശക്തമാക്കും. ഉത്സവാഘോഷ കാലയളവില്‍ മദ്യ മയക്കുമരുന്ന് കുറ്റകൃത്യങ്ങള്‍ സംബന്ധിച്ച പരാതികള്‍ ഫോണിലൂടെ അറിയിക്കാം. പരാതിക്കാരൻ്റെ പേരുവിവരങ്ങള്‍ രഹസ്യമായി സൂക്ഷിയ്ച്ച് നടപടി സ്വീകരിക്കും. കണ്‍ട്രോള്‍ റൂം ടോള്‍ ഫ്രീ നമ്പര്‍ 155358, കണ്‍ട്രോള്‍ റൂം 04994 256728.

0Shares

Leave a Reply

Your email address will not be published. Required fields are marked *