Categories
Kerala news trending

പാവങ്ങള്‍ക്ക് വീട് ലഭിക്കുമ്പോള്‍ എല്ലാവരും സന്തോഷിക്കുകയാണ് വേണ്ടത്: മുഖ്യമന്ത്രി

വികസന കാര്യത്തില്‍ വിട്ടുവീ‍ഴ്‌ചയില്ലാത്ത നടപടികളുമായി സര്‍ക്കാര്‍

സംസ്ഥാന സര്‍ക്കാരിന്‍റെ അഭിമാന പദ്ധതിയായ ലൈഫില്‍ ഉള്‍പ്പെടുത്തി നിര്‍മ്മിച്ച വീടുകള്‍ ഇനി അര്‍ഹതപ്പെട്ട 174 കുടുംബങ്ങള്‍ക്ക് സ്വന്തം. വീടുകളുടെ താക്കോല്‍ ദാനം കണ്ണൂര്‍ കടമ്പൂരില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിച്ചു. കൊല്ലം, ഇടുക്കി, കോട്ടയം ജില്ലകളിലെ ഭവന സമുച്ചയങ്ങള്‍ മുഖ്യമന്ത്രി ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്തു.

ലൈഫ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി നാല് ജില്ലകളില്‍ യാഥാര്‍ത്ഥ്യമാക്കിയ ഭവനസമുച്ചയങ്ങളിലായി 174 കുടുംബങ്ങള്‍ക്കാണ് സംസ്ഥാന സര്‍ക്കാര്‍ സുരക്ഷിതമായ തണലൊരുക്കിയത്. കണ്ണൂരിലെ കടമ്പൂര്‍ ഗ്രാമപഞ്ചായത്തില്‍ 44 കുടുംബങ്ങള്‍ക്കും കോട്ടയത്ത് വിജയപുരം പഞ്ചായത്തിലും കൊല്ലം പുനലൂര്‍ മുന്‍സിപ്പാലിറ്റിയിലും ഇടുക്കി കരിമണ്ണൂര്‍ പഞ്ചായത്തിലും 42 വീതം കുടുംബങ്ങള്‍ക്കും ഇനി സ്വന്തം വീട്ടില്‍ അന്തിയുറങ്ങാം.

കണ്ണൂരില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ വീടുകളുടെ താക്കോല്‍ കൈമാറി ഉദ്ഘാടനം നിര്‍വഹിച്ചു. മന്ത്രി എം.ബി രാജേഷ് ചടങ്ങില്‍ പങ്കെടുത്തു. കോട്ടയത്ത് മന്ത്രി വി.എന്‍ വാസവന്‍, കൊല്ലത്ത് മന്ത്രി കെ.എന്‍ ബാലഗോപാല്‍, ഇടുക്കിയില്‍ മന്ത്രി റോഷി അഗസ്റ്റിന്‍ എന്നിവര്‍ പങ്കെടുത്തു.

ലൈഫ് പോലുള്ള കാര്യങ്ങളില്‍ തര്‍ക്കങ്ങളല്ല വേണ്ടതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ജാതി, മത, രാഷ്ട്രീയം നോക്കിയല്ല സര്‍ക്കാര്‍ വീടിന് അര്‍ഹത തീരുമാനിക്കുന്നത്. പാവങ്ങള്‍ക്ക് വീട് ലഭിക്കുമ്പോള്‍ എല്ലാവരും സന്തോഷിക്കുകയാണ് വേണ്ടത്. നിര്‍ഭാഗ്യവശാല്‍ ഇത്തരം കാര്യങ്ങളിലും അനാരോഗ്യ പ്രവണതകളുണ്ടാകുന്നുവെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

ലൈഫ് പദ്ധതിയില്‍ വീടുകള്‍ നിര്‍മിക്കുന്നതിനായി സര്‍ക്കാരിലേക്ക് ഭൂമി കൈമാറാന്‍ “മനസ്സോടിത്തിരി മണ്ണ്” പ്രചരണം ആരംഭിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു.‍ ഈ വര്‍ഷം 71861 ലൈഫ് വീടുകളും 30 ഭവന സമുച്ചയങ്ങളും നിര്‍മ്മിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

ജി 20 ഉച്ചകോടിയിലെ വിദേശ പ്രതിനിധികളടക്കം കേരളത്തിന്‍റെ വികസനത്തെ അനുമോദിക്കുകയാണെന്നും നമ്മുടെ നാട് വിദേശികളെ ഹരം കൊള്ളിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. വികസന കാര്യത്തില്‍ സര്‍ക്കാര്‍ വിട്ടുവീ‍ഴ്‌ചയില്ലാത്ത നടപടികളുമായി മുന്നോട്ട് പോവുകയാണ്.

മികച്ച നിലവാരത്തില്‍ ദേശീയപാതയും പൂര്‍ത്തിയാവുകയാണ്.തീരദേശ ഹൈവേ, മലയോര ഹൈവേ എന്നിവയുടെ പ്രവൃത്തികളും നടക്കുന്നു. കോവളം- ബേക്കല്‍ ജലപാത ഉടന്‍ പൂര്‍ത്തിയാക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

0Shares

Leave a Reply

Your email address will not be published. Required fields are marked *