Categories
entertainment

ഉരുൾപൊട്ടലിൽ തകർന്ന കൂട്ടിക്കലിനെ ചേർത്തുപിടിച്ച് മമ്മൂട്ടി; അവശ്യവസ്തുക്കളും മരുന്നും ജലസംഭരണികളും എത്തിച്ചു

കെയർ ആൻഡ് ഷെയർ മാനേജിംഗ് ഡയറക്ടർ ഫാ. തോമസ് കുര്യൻ മരോട്ടിപ്പുഴയെയും സംഘത്തെയും കൂട്ടിക്കൽ ദുരന്തം പുറത്തുവന്നതിനു പിന്നാലെ മമ്മൂട്ടി ദുരന്തസ്ഥലത്തേക്ക് അയച്ചിരുന്നു.

ശക്തമായ മഴയെ തുടർന്ന് ഉണ്ടായ ഉരുൾപൊട്ടലിൽ തകർന്ന കോട്ടയം ജില്ലയിലെ കൂട്ടിക്കലിനെ ചേർത്തുപ്പിടിച്ച് നടൻ മമ്മൂട്ടി. തൻ്റെ ജീവകാരുണ്യ സംഘടനയായ കെയർ ആൻഡ് ഷെയർ ഇന്റർനാഷണൽ ഫൗണ്ടേഷൻ വഴിയാണ് മമ്മൂട്ടി സഹായം എത്തിച്ചത്. മമ്മൂട്ടിയുടെ നേതൃത്വത്തിൽ ഏർപ്പാട് ചെയ്ത വിദഗ്ദ ഡോക്ടർമാർ അടങ്ങിയ മെഡിക്കൽ സംഘം കൂട്ടിക്കലിൽ രാവിലെ തന്നെ എത്തി സേവനം ആരംഭിച്ചു.

ആലുവയിലെ രാജഗിരി ആശുപത്രി മെഡിക്കൽ സൂപ്രണ്ടും ശ്വാസരോഗ വിദഗ്ദനുമായ ഡോ സണ്ണി പി. ഓരത്തിലിൻ്റെ നേതൃത്വത്തിലുള്ള മെഡിക്കൽ സംഘമാണ് കുട്ടിക്കലിലെ വിവിധ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് സഹായവുമായി എത്തിയത്. നിരവധി ആധുനിക മെഡിക്കൽ ഉപകരണങ്ങളും മരുന്നുകളും ആയിട്ടായിരുന്നു വിദഗ്ദ ഡോക്ടർമാർ അടങ്ങിയ സംഘം എത്തിയത്.

നൂറു ജലസംഭരണികളും താരം എത്തിച്ചു. പത്തു കുടുംബങ്ങൾക്ക് ഒന്ന് വീതം എന്ന നിലയിലാണ് ജലസംഭരണികൾ എത്തിച്ചത്. കൂടാതെ, ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്നവർക്ക് പുതിയ വസ്ത്രങ്ങൾ, പാത്രങ്ങൾ, കിടക്കകൾ തുടങ്ങി മറ്റ് അവശ്യവസ്തുക്കൾ അടങ്ങുന്ന രണ്ടായിരത്തോളം കിറ്റുകളും വിതരണം ചെയ്തു.

കെയർ ആൻഡ് ഷെയർ മാനേജിംഗ് ഡയറക്ടർ ഫാ. തോമസ് കുര്യൻ മരോട്ടിപ്പുഴയെയും സംഘത്തെയും കൂട്ടിക്കൽ ദുരന്തം പുറത്തുവന്നതിനു പിന്നാലെ മമ്മൂട്ടി ദുരന്തസ്ഥലത്തേക്ക് അയച്ചിരുന്നു. ദുരന്തം നടന്ന പ്രദേശങ്ങൾ നേരിട്ടു കണ്ടതിനു ശേഷം ഇവർ തയ്യാറാക്കിയ റിപ്പോർട്ട് പ്രകാരമാണ് സഹായങ്ങൾ എത്തിക്കുന്നത്. ഇപ്പോൾ പ്രദേശത്ത് അടിയന്തിരസേവനമാണ് നടത്തുന്നതെന്നും വരും ദിവസങ്ങളിൽ കൂടുതൽ സഹായങ്ങൾ എത്തിക്കുമെന്നും കെയർ ആൻഡ് ഷെയർ ഡയറ്കടർ ബോർഡ് അറിയിച്ചു.

0Shares

Leave a Reply

Your email address will not be published. Required fields are marked *