Categories
channelrb special local news news

ബൈക്ക് കവർന്ന് രക്ഷപ്പെട്ട യുവാവ് മണിക്കൂറുകൾക്കകം പിടിയിൽ; കാസർകോട്ടെ പോലീസ് നടത്തിയത് തന്ത്രപ്രധാന നീക്കം

പോലീസ് ഉദ്യോഗസ്ഥർ ഒരുമിച്ച് നടത്തിയ ഓപ്പറേഷൻ

മേൽപറമ്പ / കാസർകോട്: അന്യസംസ്ഥാന തൊഴിലാളിയുടെ ബൈക്ക് മോഷ്‌ടിച്ച് കടന്ന തൃശൂർ സ്വദേശിയെ മണിക്കൂറുകൾക്കകം പൊലീസ് പിന്തുടർന്ന് പിടികൂടി. കളനാട് ബേബി വില്ല ക്വാർട്ടേഴ്‌സിൽ താമസിച്ച് മാർബിൾ പണിയെടുക്കുന്ന മധ്യപ്രദേശ് സ്വദേശിയായ ബ്രജരാജ് എന്നയാളുടെ ഹീറോ മോട്ടോർ സൈക്കിൾ (KL 14 X 9522) ആണ് കഴിഞ്ഞദിവസം രാത്രി മോഷണം പോയത്.

കട്ടക്കാൽ താമസക്കാരനായ ബ്രജരാജ് എന്നയാളുടെ പരാതിയിൽ മേൽപറമ്പ പോലീസ് കേസ് രജിസ്റ്റർ ചെയുകയും വിവരം ഉടൻ തന്നെ വയർലെസ് മുഖാന്തിരം ജില്ലയിലെ എല്ലാ പോലീസ് സ്റ്റേഷനുകളിലും അറിയിക്കുകയും ചെയ്‌തു. നാട്ടുകാരുടെ സഹായത്തോടെ സി.സി.ടി.വികൾ പരിശോധിച്ചതിൽ കളവ് ചെയ്‌ത ബൈക്ക് ഒരു ചെറുപ്പക്കാരൻ കാഞ്ഞങ്ങാട് ഭാഗത്തേക്ക് ഓടിച്ചു പോകുന്നതായി വിവരം കിട്ടി.

വിവരമറിഞ്ഞ ഉടൻ കാഞ്ഞങ്ങാട് ഡി.വൈ.എസ്.പി പി.ബാലകൃഷ്ണൻ നായരുടെ നിർദ്ദേശ പ്രകാരം പോലീസ് നടത്തിയ പരിശോധനയിൽ ബൈക്ക് കാഞ്ഞങ്ങാട് റെയിൽവേ സ്റ്റേഷനിൽ നിർത്തിയിട്ടതായി കണ്ടെത്തി. ഉടനെ കണ്ണൂർ കാസർകോട് ഭാഗത്തെ റെയിൽവേ പോലീസിനെ വിവിരം അറിയിക്കുകയും കണ്ണൂരിൽ നിന്നും കസ്റ്റഡിയിലെടുക്കുകയും ചെയ്‌തു.

മേൽപറമ്പ പോലീസ് സ്റ്റേഷനിലെത്തിച്ച് സി.ഐ ടി.ഉത്തംദാസ് എസ്.ഐ ശരത് സോമൻ എന്നിവരുടെ നേതൃത്വത്തിൽ പ്രതിയെ ചോദ്യം ചെയ്‌ത്‌ അറസ്റ്റ് രേഖപ്പെടുത്തി. തൃശൂർ സ്വദേശിയും പെരിഞ്ഞനം മോട്ടോർ മെക്കാനിക്കുമായ അശ്വിൻ (24) ആണ് അറസ്റ്റിലായതെന്ന് സി.ഐ ടി.ഉത്തംദാസ് ചാനൽ ആർ.ബിയോട് പറഞ്ഞു.

ഹൊസ്‌ദുർഗ് ഡി.വൈ.എസ്.പി പി.ബാലകൃഷ്‌ണൻ നായർ ബേക്കൽ ഡി.വൈ.എസ്.പി സുനിൽ കുമാർ, മേൽപറമ്പ സി.ഐ ടി.ഉത്തംദാസ് ബേക്കൽ സി.ഐ വിപിൻ യു.പി എന്നിവരുടെ നേതൃത്വത്തിൽ എസ്.ഐ മാരായ ശരത് സോമൻ, സതീശൻ, അനുരൂപ്, പ്രദീഷ് കുമാർ, ജയരാജൻ ക്രൈം സ്ക്വാഡ് അംഗങ്ങളായ ഷാജു, നികേഷ്, അബൂബക്കർ, പ്രണവ് എന്നിവരും മേൽപറമ്പ ഹൊസ്ദുർഗ് ബേക്കൽ പോലീസ് സ്റ്റേഷനുകളിലെ പോലീസ് ഉദ്യോഗസ്ഥരും ഒരുമിച്ച് നടത്തിയ ഓപ്പറേഷനിൽ ആണ് മണിക്കൂറുകൾക്കകം മോഷ്ടാവിനെ പിന്തുടർന്ന് പിടികൂടാനായത്.

പ്രതിയെ വൈദ്യ പരിശോധനക്ക് ശേഷം ഹൊസ്‌ദുർഗ് കോടതിയിൽ ഹാജരാക്കി. പോലീസ് കസ്റ്റഡിൽ വാങ്ങി ചോദ്യം ചെയ്‌ത്‌ അന്വേഷണം നടത്തുമെന്ന് പോലീസ് അറിയിച്ചു.

0Shares

Leave a Reply

Your email address will not be published. Required fields are marked *

The Latest