Categories
local news

തൊഴിലുറപ്പ് പദ്ധതി പ്രവര്‍ത്തനങ്ങൾ; പടന്ന ഗ്രാമ പഞ്ചായത്തിന് മൂന്നാം തവണയും മഹാത്മാ പുരസ്‌കാരം

2021-22 സാമ്പത്തിക വര്‍ഷം നടത്തിയ വേറിട്ട പ്രവര്‍ത്തനങ്ങളാണ് ജില്ലയില്‍ ഒന്നാം സ്ഥാനം നേടി മഹാത്മാപുരസ്‌കാരം നേടാന്‍ ഇടയായത്.

കാസർകോട്: തൊഴിലുറപ്പ് പദ്ധതി പ്രവര്‍ത്തനങ്ങളില്‍ മികച്ച ഗ്രാമപഞ്ചായത്തിനുള്ള ഈ വര്‍ഷത്തെ മഹാത്മാ പുരസ്‌കാരം ജില്ലയില്‍ ഒന്നാം സ്ഥാനം പടന്ന പഞ്ചായത്തിന്. കര്‍ഷകരുടെ ഉന്നമനത്തിനായ് 330 വ്യക്തിഗത ആസ്തി പ്രവൃത്തികള്‍ പൂര്‍ത്തീകരിക്കുകയും ബ്ലോക്കില്‍ തന്നെ മാതൃകയായി ഏറ്റെടുത്ത തീറ്റപ്പുല്‍ കൃഷി, 50 ഓളം പശുതൊഴുത്ത്, ആട്ടിന്‍ കൂട്, കോഴിക്കൂട്, അസോള ടാങ്ക്, നിര്‍മ്മാണം തുടങ്ങിയ പ്രവൃത്തികളും 30 ഓളം റോഡ്, ഡ്രൈനേജ് നിര്‍മ്മാണ പ്രവൃത്തികളും കയര്‍ ഭൂവസ്ത്ര പദ്ധതിയും പൂര്‍ത്തിയാക്കാന്‍ സാധിച്ചിട്ടുണ്ട്.

1100 തൊഴിലാളികള്‍ക്ക് 100 തൊഴില്‍ ദിനം നല്‍കാനും ശരാശരി തൊഴില്‍ ദിനം 81 ദിനം നല്‍കാനും മുന്‍ വര്‍ഷത്തിനേക്കാള്‍ അന്‍പതിനായിരം തൊഴില്‍ ദിനം അധികമായി നല്‍കാനും പഞ്ചായത്തിന് സാധിച്ചിട്ടുണ്ട്. മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി 2015, 2016 സാമ്പത്തിക വര്‍ഷത്തില്‍ തുടര്‍ച്ചയായി തൊഴിലുറപ്പില്‍ മികച്ച പ്രവര്‍ത്തനത്തിന് ജില്ലയില്‍ രണ്ടാം സ്ഥാനം ഇതിന് മുമ്പ് ലഭിച്ചിരുന്നു. പുരസ്‌കാരം 18,19 തിയ്യതികളില്‍ തൃത്താലയില്‍ നടക്കുന്ന പഞ്ചായത്ത് ദിനാഘോഷ പരിപാടിയില്‍ വിതരണം ചെയ്യും.

2021-22 സാമ്പത്തിക വര്‍ഷം നടത്തിയ വേറിട്ട പ്രവര്‍ത്തനങ്ങളാണ് ജില്ലയില്‍ ഒന്നാം സ്ഥാനം നേടി മഹാത്മാപുരസ്‌കാരം നേടാന്‍ ഇടയായത്. ഭരണസമിതിയുടെയും ജീവനക്കാരുടെയും ,മാറ്റുമാരുടെയും തൊഴിലാളികളുടെയും കൂട്ടായ പ്രവര്‍ത്തനത്തിൻ്റെ ഫലമായാണ് ഈ അംഗീകാരം നേടാന്‍ സാധിച്ചെതെന്നും ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ച എല്ലാവരെയും അഭിനന്ദിക്കുന്നതായും പഞ്ചായത്ത് പ്രസിഡണ്ട് പി.വി.മുഹമ്മദ് അസ്ലം അറിയിച്ചു.

മടിക്കൈ ഗ്രാമപഞ്ചായത്ത് ആസ്തിവികസനത്തിലും കാര്‍ഷിക മേഖലയിലും തൊഴിലുറപ്പ് പദ്ധതി ഫലപ്രദമായി പ്രയോജനപ്പെടുത്തി. പശുതൊഴുത്ത്, ആട്ടിന്‍ കൂട്, കോഴിക്കൂട് എന്നിവയും റോഡ് നിര്‍മാണ പ്രവര്‍ത്തനങ്ങളും ശ്രദ്ധേയമായി. മടിക്കൈ ഗ്രാമഞ്ചായത്ത് പ്രസിഡണ്ട് എസ്.പ്രീതയുടെ നേതൃത്വത്തിലുള്ള ഭരണസമിതിയാണ് നേതൃത്വം നല്‍കുന്നത്.

മടിക്കൈ ഗ്രാമപഞ്ചായത്തില്‍ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ 2021-22 സാമ്പത്തികവര്‍ഷത്തില്‍ 228065 തൊഴില്‍ ദിനം സൃഷ്ടിച്ച് 1630 കുടുംബങ്ങള്‍ക്ക് 100 തൊഴില്‍ദിനങ്ങള്‍ നല്‍കിയും, വ്യക്തിഗത ആസ്തികള്‍, മാലിന്യ സംസ്‌കരണത്തിൻ്റെ ഭാഗമായി സോക്ക്പിറ്റ്, കമ്പോസ്പിറ്റ്, ഗ്രാമീണ മേഖലയില്‍ അടിസ്ഥാന സൗകര്യം വര്‍ദ്ധിപ്പിക്കുന്നത്തിനായി റോഡ് നിര്‍മ്മാണം, ഡ്രൈനേജ്, നടപ്പാത, സ്‌കൂളുകളില്‍ ഭോജനശാല കൂടാതെ തോടുകള്‍ സംരക്ഷിക്കുന്നതിനു കയര്‍ ഭൂവസ്ത്രം, വനവത്കരത്തിൻ്റെ ഭാഗമായി നഴ്‌സറി, ബാംബൂ പ്ലാന്റേഷന്‍ തുടങ്ങിയ പ്രവര്‍ത്തികളിലൂടെ 10 കോടി 65 ലക്ഷം രൂപ ചിലവഴിച്ച് മികച്ച ഗ്രാമപഞ്ചായത്തിനുള്ള മഹാത്മാ പുരസ്‌കാരത്തിനു ജില്ലയില്‍ രണ്ടാം സ്ഥാനത്തിന് അര്‍ഹരായി.

0Shares

Leave a Reply

Your email address will not be published. Required fields are marked *