Categories
local news

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ഉപതിരഞ്ഞെടുപ്പ്; കാസർകോട് ജില്ലയിൽ തെരഞ്ഞെടുപ്പ് സാമഗ്രികള്‍ വിതരണം ചെയ്തു

വോട്ടെടുപ്പ് സമയം ജൂലൈ 21 രാവിലെ ഏഴ് മുതല്‍ വൈകീട്ട് ആറ് വരെ. വോട്ടെണ്ണല്‍ ജൂലൈ 22ന് രാവിലെ 10ന് ആരംഭിക്കും.

കാസർകോട്: ജൂലൈ 21ന് നടക്കുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട തെരഞ്ഞെടുപ്പ് സാമഗ്രികള്‍ വിതരണം ചെയ്തു. ജില്ലയിലെ അഞ്ച് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ഒഴിവിലേക്കുള്ള ഉപതിരഞ്ഞെടുപ്പാണ് ജൂലൈ 21 ന് നടക്കുന്നത്. കാഞ്ഞങ്ങാട് മുന്‍സിപ്പാലിറ്റി 11-ാം വാര്‍ഡ് തോയമ്മല്‍, കള്ളാര്‍ പഞ്ചായത്ത് രണ്ടാം വാര്‍ഡ് ആടകം, പള്ളിക്കര പഞ്ചായത്ത് 19-ാം വാര്‍ഡ് പള്ളിപ്പുഴ, ബദിയടുക്ക പഞ്ചായത്ത് 14-ാം വാര്‍ഡ് പട്ടാജെ, കുമ്പള പഞ്ചായത്ത് 14-ാം വാര്‍ഡ് പെര്‍വാഡ് എന്നിവിടങ്ങളിലാണ് ഉപതിരഞ്ഞെടുപ്പ് നടക്കുക.

കാഞ്ഞങ്ങാട് നഗരസഭയില്‍ 565 പുരുഷന്‍മാരും 633 സ്ത്രീകളുമടക്കം 1198 വോട്ടര്‍മാരാണ് പോളിങ് ബൂത്തിലെത്തുക. കുമ്പള പഞ്ചായത്തില്‍ 875 പുരുഷന്‍മാരും 951 സ്ത്രീകളുമടക്കം 1826 വോട്ടര്‍മാരും ബദിയഡുക്ക പഞ്ചായത്തില്‍ 659 പുരുഷന്‍മാരും 646 സ്ത്രീകളുമായി 1275 വോട്ടര്‍മാരും വോട്ട് ചെയ്യും.

പള്ളിക്കര പഞ്ചായത്തില്‍ 891 പുരുഷന്‍മാരും 995 സത്രീകളുമായി 1886 വോട്ടര്‍മാരും കള്ളാര്‍ പഞ്ചായത്തില്‍ 581 പുരുഷന്‍മാരും 597 സ്ത്രീകളുമായി 1178 വോട്ടര്‍മാരും പോളിങ് ബൂത്തുകളിലെത്തും.
കഞ്ഞങ്ങാട് നഗരസഭ, ബദിയഡുക്ക പഞ്ചായത്ത്, പള്ളിക്കര പഞ്ചായത്ത്, കള്ളാര്‍ പഞ്ചായത്ത് എന്നിവിടങ്ങളില്‍ മൂന്ന് സ്ഥാനാര്‍ത്ഥികളും കുമ്പള പഞ്ചായത്തില്‍ അഞ്ച് സ്ഥാനാര്‍ത്ഥികളുമാണ് തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത്.

പോളിംഗ് സ്റ്റേഷനായി നിശ്ചയിച്ചിട്ടുള്ള സ്‌കൂളുകള്‍ക്കും കോളേജുകള്‍ക്കും ജൂലൈ 20, 21 തീയ്യതികളിലും, ഈ വാര്‍ഡുകളിലെ സര്‍ക്കാര്‍ ഓഫീസുകള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും 21 നും അവധി നല്‍കുമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചിട്ടുണ്ട്. വോട്ടെടുപ്പ് സമയം ജൂലൈ 21 രാവിലെ ഏഴ് മുതല്‍ വൈകീട്ട് ആറ് വരെ. വോട്ടെണ്ണല്‍ ജൂലൈ 22ന് രാവിലെ 10ന് ആരംഭിക്കും. തെരഞ്ഞെടുപ്പ് പൂര്‍ത്തിയാക്കാനുള്ള അവസാന തീയ്യതി ജൂലൈ 25.

ജൂലൈ 18ന് തെരഞ്ഞെടുപ്പ് സാമഗ്രികള്‍ ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസില്‍ നിന്നും ബന്ധപ്പെട്ട വരണാധികാരികള്‍ കൈപ്പറ്റി. ജൂലൈ 19ന് (ഇന്ന്) ഇലട്രോണിക് വോട്ടിങ് മിഷിനുകളില്‍ ബാലറ്റ് പേപ്പര്‍ ചേര്‍ത്ത് രാഷ്ട്രീയപാര്‍ട്ടികളുടെ സാന്നിധ്യത്തില്‍ ബന്ധപ്പെട്ട വരണാധികാരികള്‍ കമ്മീഷനിങ് ചെയ്യും.
സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദ്ദേശിച്ചതനുസരിച്ച് കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് തെരഞ്ഞെടുപ്പ് നടത്താന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും ആവശ്യമായ മാസ്‌ക്, സാനിറ്റൈസര്‍ എന്നിവ ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസില്‍ നിന്നും ബന്ധപ്പെട്ട വരണാധികാരികള്‍ക്ക് വിതരണം ചെയ്തിട്ടുണ്ടെന്നും ഇലക്ഷന്‍ ഡെപ്യൂട്ടികളക്ടര്‍ കെ. നവീന്‍ ബാബു അറിയിച്ചു.

0Shares

Leave a Reply

Your email address will not be published. Required fields are marked *