Categories
Kerala news

സ്വപ്‌നയ്ക്ക് കേന്ദ്ര സുരക്ഷ നല്‍കാനാകില്ലെന്ന് ഇ.ഡി കോടതിയില്‍; കേന്ദ്ര സര്‍ക്കാര്‍ കേസില്‍ കക്ഷി അല്ലാത്തതിനാല്‍ കേന്ദ്ര സുരക്ഷയില്ല

പൊലീസ് സുരക്ഷ ആവശ്യമില്ലെന്നും പകരം ഇ.ഡി സുരക്ഷ ഒരുക്കണമെന്നും സ്വപ്‍നയുടെ അഭിഭാഷകന്‍ കോടതില്‍

കൊച്ചി: സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്‍ന സുരേഷിന് സുരക്ഷ നല്‍കാനാവില്ലെന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. എറണാകുളം ജില്ലാ കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് ഇ.ഡി നിലപാട് വ്യക്തമാക്കിയത്.

സുരക്ഷ നല്‍കാനുള്ള സംവിധാനം ഇ.ഡിക്ക് ഇല്ല. സുരക്ഷയ്ക്കായി ഇ.ഡി സംസ്ഥാന പൊലീസിനെയാണ് സമീപിക്കുന്നത്. കേന്ദ്ര സര്‍ക്കാര്‍ കേസില്‍ കക്ഷിയല്ലാത്തതിനാല്‍ കേന്ദ്ര സുരക്ഷ നല്‍കാനാകില്ലെന്നും ഇ.ഡിയുടെ സത്യവാങ്മൂലത്തില്‍ പറയുന്നു. കേസില്‍ കേന്ദ്ര സര്‍ക്കാരിനെ കക്ഷി ചേര്‍ക്കാന്‍ അപേക്ഷ നല്‍കുമെന്ന് സ്വപ്‌നയുടെ അഭിഭാഷകന്‍ വ്യക്തമാക്കി.

നേരത്തെ കോടതിയില്‍ 164 മൊഴി നല്‍കിയതിന് പിന്നാലെ സ്വപ്‍ന സുരേഷിൻ്റെ പാലക്കാട്ടെ ഫ്ലാറ്റിന് പൊലീസ് സുരക്ഷ ഏര്‍പ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് പൊലീസ് സുരക്ഷ ആവശ്യമില്ലെന്നും പകരം ഇ.ഡി സുരക്ഷ ഒരുക്കണമെന്നും ആവശ്യപ്പെട്ട് സ്വപ്‍നയുടെ അഭിഭാഷകന്‍ കോടതിയെ സമീപിച്ചത്. താമസിക്കുന്നയിടത്ത് അടക്കം തന്നെ കേരള പൊലീസ് നിരീക്ഷിക്കുകയാണെന്നും പൊലീസിനെ പിന്‍വലിക്കണമെന്നുമായിരുന്നു ആവശ്യം.

ക്രൈംബ്രാഞ്ച് രജിസ്റ്റര്‍ ചെയ്ത് ഗൂഢാലോചന കേസില്‍ സ്വപ്‍നയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി മറ്റന്നാളത്തേക്ക് മാറ്റിയിട്ടുണ്ട്. വെള്ളിയാഴ്ചവരെ അറസ്റ്റ് തടയണമെന്ന സ്വപ്‌നയുടെ ആവശ്യം കോടതി അ൦ഗീകരിച്ചിരുന്നില്ല.

വ്യാജരേഖ ഉണ്ടാക്കി എന്നതടക്ക൦ മൂന്ന് ജാമ്യമില്ലാ വകുപ്പുകള്‍ കൂടി തനിക്കെതിരെ ചുമത്തിയെന്നും അന്വേഷണ സംഘം അറസ്റ്റ് ചെയ്യാന്‍ സാധ്യതയുണ്ടെന്നും ആരോപിച്ചാണ് സ്വപ്‍ന മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയത്. പാലക്കാട് കേസില്‍ എഫ്‌.ഐ.ആര്‍ റദ്ദാക്കണമെന്ന സ്വപ്‍നയുടെ ഹ‍ര്‍ജിയും വെള്ളിയാഴ്ച പരിഗണിക്കുന്നുണ്ട്.

0Shares

Leave a Reply

Your email address will not be published. Required fields are marked *