Categories
national news

സോണിയ ഗാന്ധിയെ ഇ.ഡി ചോദ്യം ചെയ്‌തു; ഇ.ഡിയെ ഉപയോഗിച്ച് കേന്ദ്ര സർക്കാർ കള്ളക്കേസിൽ കുടുക്കാൻ ശ്രമിക്കുന്നുവെന്ന് ആരോപിച്ച് കോൺഗ്രസ് രാജ്യവ്യാപക പ്രതിഷേധം, ട്രെയിൻ തടഞ്ഞു

അഡീഷനല്‍ ഡയറക്ടര്‍ ഉള്‍പ്പെടെ അഞ്ചു വനിത ഉദ്യോഗസ്ഥരാണ് ചോദ്യം ചെയ്തത്

ന്യൂഡൽഹി: നാഷണല്‍ ഹെറാള്‍ഡ് കേസില്‍ കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയെ ഇ.ഡി ചോദ്യം ചെയ്യുന്നതിനെതിരെ രാജ്യ വ്യാപക പ്രതിഷേധവുമായി കോൺഗ്രസ്. രാഷ്ട്രപതി ഭവനിലേക്ക് കോൺഗ്രസ് എം.പിമാർ മാർച്ച് നടത്തി. സോണിയാ ഗാന്ധിയേയും രാഹുൽ ഗാന്ധിയേയും ഇ.ഡിയെ ഉപയോഗിച്ച് കേന്ദ്ര സർക്കാർ കള്ളക്കേസിൽ കുടുക്കാൻ ശ്രമിക്കുന്നുവെന്നു ആരോപിച്ചാണ് സംസ്ഥാനത്തെ വിവിധ കേന്ദ്രങ്ങളിൽ കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധവുമായി രംഗത്തെത്തിയത്.

പാലക്കാട് ഒലവക്കോട് റെയിൽവേ സ്റ്റേഷനിൽ ദൻബാദ്- ആലപ്പുഴ ട്രെയിൻ തടഞ്ഞ പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി. മലപ്പുറത്ത് അങ്ങാടിപ്പുറം റെയിൽവേ സ്റ്റേഷനിലും യൂത്ത് കോൺഗ്രസ് പ്രതിഷേധിച്ചു. കോട്ടയത്ത്‌ യൂത്ത് കോൺഗ്രസ് പ്രവർത്തകർ റെയിൽവേ സ്‌റ്റേഷനിൽ പ്രതിഷേധം സംഘടിപ്പിച്ചു.

നാഷണൽ ഹെറാൾഡ് കേസിൽ രണ്ടാംവട്ട ചോദ്യചെയ്യലിനായാണ് സോണിയ ഗാന്ധി ചൊവ്വാഴ്‌ച രാവിലെ ഇ.ഡി ഓഫീസിലെത്തിയത്. അഡീഷനല്‍ ഡയറക്ടര്‍ ഉള്‍പ്പെടെ അഞ്ചു വനിത ഉദ്യോഗസ്ഥരാണ് ചോദ്യം ചെയ്തത്. സോണിയയെ ഇ.ഡി വേട്ടയാടുന്നെന്ന് ആരോപിച്ച്‌ ഡല്‍ഹിയിലും സംസ്ഥാന തലസ്ഥാനങ്ങളിലും വ്യാപകമായ പ്രതിഷേധമാണ് അരങ്ങേറിയത്. നാഷണല്‍ ഹെറാള്‍ഡ് കേസില്‍ കൂടുതല്‍ വിവരങ്ങള്‍ സോണിയാ ഗാന്ധിയിൽ നിന്നും ചോദിച്ചറിയാന്‍ ഉണ്ടെന്ന് ഇ.ഡി വ്യക്തമാക്കിയിരുന്നു. ഇ.ഡി നടപടിക്കെതിരെ എ.ഐ.സി.സി ആസ്ഥാനത്ത് കോണ്‍ഗ്രസ് നേതാക്കള്‍ സത്യാഗ്രഹം അനുഷ്ഠിച്ചു. പാര്‍ലമെണ്ടിലും വിഷയം കോണ്‍ഗ്രസ് ഉന്നയിച്ചിട്ടുണ്ട്.

0Shares

Leave a Reply

Your email address will not be published. Required fields are marked *