Categories
Kerala news

കൈയിലും മുതുകിലും വടികൊണ്ട് അടിച്ചു; സി.പി.എം നേതാക്കളുടെ പേര് പറയാന്‍ ഭീഷണിയും, ഇ.ഡി ഉദ്യോഗസ്ഥര്‍ക്ക് എതിരെ അരവിന്ദാക്ഷന്‍

അരവിന്ദാക്ഷൻ്റെ പരാതിയില്‍ പൊലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്

ഇ.ഡി ഉദ്യോഗസ്ഥര്‍ വടികൊണ്ട് മര്‍ദിച്ചെന്നും ഭീഷണിപ്പെടുത്തിയെന്നും ആരോപണവുമായി വടക്കാഞ്ചേരി നഗരസഭ കൗണ്‍സിലറും സി.പി.എം പ്രാദേശിക നേതാവുമായ അരവിന്ദാക്ഷന്‍. ചോദ്യം ചെയ്യലിനിടെ ഇ.ഡി ഉദ്യോഗസ്ഥര്‍ മര്‍ദിച്ചന്നാണ് അരവിന്ദാക്ഷൻ്റെ പരാതി. ഇ.ഡി ഉദ്യോഗസ്ഥര്‍ വടികൊണ്ട് കൈയ്യിലും മുതുകിലും അടിച്ചുവെന്ന് അരവിന്ദാക്ഷന്‍ പറഞ്ഞു.

ഇ.പി ജയരാജൻ്റെയും കെരാധാകൃഷ്ണൻ്റെയും എ.സി മൊയ്ദീൻ്റെയും പേര് പറയാന്‍ നിര്‍ബന്ധിച്ചു. നേതാക്കളുടെ പേര് പറഞ്ഞാല്‍ കേസില്‍ നിന്ന് ഒഴിവാക്കുമെന്നാണ് ഉദ്യോഗസ്ഥര്‍ പറഞ്ഞത്. മകളുടെ വിവാഹ നിശ്ചയദിവസം വീട്ടില്‍ വന്നു അറസ്റ്റ് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയെന്നും അരവിന്ദാക്ഷന്‍ പറഞ്ഞു.

ചോദ്യം ചെയ്യലിനിടെ മര്‍ദിച്ചെന്ന അരവിന്ദാക്ഷൻ്റെ പരാതിയില്‍ പൊലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്. കൊച്ചി സെന്‍ട്രല്‍ സി.ഐ ഇ.ഡി ഓഫീസിലെത്തി പ്രാഥമിക അന്വേഷണം നടത്തി.പൊലീസ് മടങ്ങിയതിന് പിന്നാലെ നിയമ വിദഗ്ധരുമായി ഇ.ഡി ഉദ്യോഗസ്ഥര്‍ കൂടിയാലോചന നടത്തി.

കേന്ദ്ര ഏജന്‍സിയുമായി ബന്ധപ്പെട്ട കേസായതിനാല്‍ പൊലീസിന് നിയമോപദേശം തേടേണ്ടി വരും. എഫ്.ഐ.ആര്‍. രജിസ്റ്റര്‍ ചെയ്‌ത അന്വേഷണം ആവശ്യമാണ് എന്ന് പോലീസിന് ബോധ്യപ്പെട്ടാല്‍ കേന്ദ്ര ഏജന്‍സിയ്‌ക്കെതിരെ എഫ്.ഐ.ആര്‍. രജിസ്റ്റര്‍ ചെയ്യും.

കേസെടുക്കുന്നതില്‍ തീരുമാനം പിനീടെന്നാണ് പൊലീസ് നിലപാട്. പോലിസ് മടങ്ങിയതിന് പിന്നാലെ ഇ.ഡി അഭിഭാഷകന്‍ സന്തോഷ് ഇ.ഡി ആസ്ഥാനത്തെത്തി ഉദ്യോഗസ്ഥരുമായി കൂടികാഴ്‌ച നടത്തിയിരുന്നു. ഉന്നത ഉദ്യോഗസ്ഥരുമായും കൊച്ചി യൂണിറ്റ് കൂടിയാലോചന നടത്തിയിട്ടുണ്ട്.

കരുവന്നൂര്‍ കേസിലെ തുടര്‍നടപടികള്‍ വേഗത്തിലാക്കാനാണ് നീക്കം. നേരത്തെ സ്വര്‍ണക്കടത്ത് കേസില്‍ ഇ.ഡിയും പോലീസും നേര്‍ക്കുനേര്‍ ഏറ്റുമുട്ടിയിരുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിക്കുകയും അതിനെതിരെ ഇ.ഡി ഹൈക്കോടതിയെ സമീപിച്ച്‌ തുടര്‍നടപടികള്‍ സ്റ്റേ ചെയ്യുകയുമായിരുന്നു സംഭവിച്ചത്.

0Shares

Leave a Reply

Your email address will not be published. Required fields are marked *

The Latest