Categories
channelrb special local news news

വൈശാഖിൻ്റെ ദുരൂഹ മരണം കാഞ്ഞങ്ങാട് ഡി.വൈ.എസ്.പി അന്വേഷിക്കും; വിഷുദിവസം രാവിലെ റെയിൽവേ ഗേറ്റിന് സമീപം കൂലേരിയിൽ ട്രെയിൻ തട്ടി മരിച്ച നിലയിൽ ആയിരുന്നു

തന്നെ ചതിച്ച ചങ്കിനെക്കുറിച്ച് പിതാവിനോട് വെളിപ്പെടുത്തിയതിന് ശേഷമാണ് ട്രെയിനിന് മുന്നിൽ ചാടി ജീവനൊടുക്കിയത്

കാഞ്ഞങ്ങാട് / കാസർകോട്: വെൽഡിംഗ് തൊഴിലാളിയും ചന്തേര മുന്തിക്കോട്ടെ കൃഷ്‌ണൻ വെളിച്ചപ്പാടിൻ്റെ മകനുമായ കെ.വി വൈശാഖിൻ്റെ (26) ദുരൂഹ മരണം സംബന്ധിച്ച വിശദമായ അന്വേഷണത്തിന് കാഞ്ഞങ്ങാട് ഡി.വൈ.എസ്.പിയെ പ്രത്യേകമായി ചുമതല ഏൽപ്പിക്കുമെന്ന് കാസർകോട് ജില്ലാ പോലീസ് മേധാവി പി.ബിജോയ് പറഞ്ഞു.

വൈശാഖിൻ്റെ മരണത്തിൽ അന്വേഷണം ഊർജിതമാക്കണം എന്നാവശ്യപ്പെട്ട് രൂപീകരിച്ച സർവ്വകക്ഷി ആക്ഷൻ കമ്മിറ്റി ഭാരവാഹികൾ നേരിട്ടെത്തി നിവേദനം നൽകിയപ്പോഴാണ് അദ്ദേഹം ഈ ഉറപ്പ് നൽകിയത്. വൈശാഖിൻ്റെ ഭാര്യ നൽകിയ മൊഴികൾ ലോക്കൽ പോലീസ് റിക്കാർഡ് ചെയ്‌തില്ലെന്ന വീട്ടുകാരുടെ പരാതിയെ കുറിച്ച് ആക്ഷൻ കമ്മിറ്റി ധരിപ്പിച്ച ആക്ഷേപവും പരിശോധിക്കുമെന്ന് ജില്ലാ പോലീസ് മേധാവി പറഞ്ഞു.

ആക്ഷൻ കമ്മിറ്റി ചെയർമാൻ രവീന്ദ്രൻ മാണിയാട്ട്, ഭാരവാഹികളായ കരീം ചന്തേര, കെ.മോഹനൻ, ഉദിനൂർ സുകുമാരൻ, പി.വി വത്സരാജ് എന്നിവരാണ് നിവേദക സംഘത്തിൽ ഉണ്ടായിരുന്നത്. വെൽഡിംഗ് തൊഴിലാളിയായ വൈശാഖിനെ ഏപ്രിൽ 14ന് വിഷുദിവസം രാവിലെയാണ് തൃക്കരിപ്പൂർ ബീരിച്ചേരി റെയിൽവേ ഗേറ്റിന് സമീപം കൂലേരിയിൽ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തിയത്.

പിതാവ് കൃഷ്‌ണൻ വെളിച്ചപ്പാടിനെ അവസാനമായി ഫോണിൽ വിളിച്ച വൈശാഖ് തന്നെ ചതിച്ച ചങ്കിനെക്കുറിച്ച് പിതാവിനോട് വെളിപ്പെടുത്തിയതിന് ശേഷമാണ് ട്രെയിനിന് മുന്നിൽ ചാടി ജീവനൊടുക്കിയത്. സംഭവത്തിൽ വിശദമായ അന്വേഷണം വേണമെന്ന് ബന്ധുക്കളും നാട്ടുകാരും ആവശ്യപ്പെട്ടിരുന്നു. ഇതേത്തുടർന്നാണ് സർവ്വകക്ഷി ആക്ഷൻ കമ്മിറ്റി രൂപീകരിച്ചത്.

0Shares

Leave a Reply

Your email address will not be published. Required fields are marked *