Categories
national news

ചരിത്ര വിധികളിൽ പങ്കാളിയായ ന്യായാധിപൻ; രാജ്യത്തെ 50-മത് ചീഫ് ജസ്റ്റിസായി ഡി.വൈ ചന്ദ്രചൂഡ് ചുമതലയേറ്റു

യു.യു ലളിതിൻ്റെ പിൻഗാമിയായി വരുന്ന പുതിയ ചീഫ് ജസ്റ്റിസ്

ന്യൂഡൽഹി: ഇന്ത്യയുടെ 50 മത് ചീഫ് ജസ്റ്റിസായി ധനഞ്ജയ യശ്വന്ത് ചന്ദ്രചൂഡ് എന്ന ഡി.വൈ ചന്ദ്രചൂഡ് ചുമതലയേറ്റു. ബുധനാഴ്‌ച രാവിലെ രാഷ്ട്രപതി ഭവനിൽ നടന്ന ചടങ്ങിൽ രാഷ്ട്രപതി ദ്രൗപദി മുർമു സത്യവാചകം ചൊല്ലികൊടുത്തു. യു.യു ലളിതിൻ്റെ പിൻഗാമിയായി വരുന്ന പുതിയ ചീഫ് ജസ്റ്റിസ് പരമോന്നത ന്യായാധിപൻ്റെ കസേരയിൽ രണ്ടു വർഷമുണ്ടാകും.

ഇന്ത്യയുടെ ചരിത്രത്തിൽ ഏറ്റവും നീണ്ട കാലയളവ് (1978-1985) ചീഫ് ജസ്റ്റിസ് പദവിയിലിരുന്ന ജസ്റ്റിസ് യശ്വന്ത് വിഷ്ണു ചന്ദ്രചൂഡിൻ്റെ മകനായ ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് 2024 നവംബർ 24നാകും വിരമിക്കുക.

1959 നവംബര്‍ 11നാണ് ജസ്റ്റിസ് ഡോ. ധനഞ്ജയ യശ്വന്ത് ചന്ദ്രചൂഡ് ജനിച്ചത്. ഡല്‍ഹി സര്‍വകലാശാലയില്‍ നിന്നാണ് എല്‍.എല്‍.ബി പൂര്‍ത്തിയാക്കിയത്. ഇന്‍ലാക്‌സ് സ്‌കോളര്‍ഷിപ്പ് ലഭിച്ച അദ്ദേഹം ഹാര്‍വാര്‍ഡ് സര്‍വകലാശാലയില്‍ നിന്ന് നിയമത്തില്‍ ബിരുദാനന്തര ബിരുദവും (എല്‍.എല്‍.എം) ജുറിഡിക്കല്‍ സയന്‍സസില്‍ ഡോക്ടറേറ്റും (എസ്‌.ജെ.ഡി) എടുത്തു.

1998ല്‍ ബോംബെ ഹൈക്കോടതിയിൽ സീനിയര്‍ അഭിഭാഷകനായി നിയമിതനായ അദ്ദേഹം 1998 മുതല്‍ 2000 വരെ ഇന്ത്യയുടെ അഡീഷണല്‍ സോളിസിറ്റര്‍ ജനറലായും സേവനമനുഷ്ഠിച്ചു. 2000 മാര്‍ച്ച് 29ന് ബോംബെ ഹൈക്കോടതിയുടെ അഡീഷണല്‍ ജഡ്ജിയായി നിയമിതനായി. പിന്നീട് 2013 ഒക്ടോബര്‍ 31ന് അലഹബാദ് ഹൈക്കോടതിയുടെ ചീഫ് ജസ്റ്റിസായി സത്യപ്രതിജ്ഞ ചെയ്യുകയും ചെയ്തു.

ഡി.വൈ ചന്ദ്രചൂഡിൻ്റെ ശ്രദ്ധേയമായ ചില വിധികള്‍

അയോധ്യയുടെ ഉടമസ്ഥാവകാശം: 2019 നവംബര്‍ 9ന് അയോധ്യയിലെ തര്‍ക്കഭൂമി ഹിന്ദുക്കള്‍ക്കും മുസ്ലീങ്ങള്‍ക്ക് ബദല്‍ ഭൂമി നല്‍കുമെന്ന് സുപ്രീംകോടതിയുടെ അഞ്ചംഗ ഭരണഘടനാ ബെഞ്ച് ഏകകണ്ഠമായി വിധിച്ചിരുന്നു. അന്നത്തെ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയിയുടെ നേതൃത്വത്തിലുള്ള, ജസ്റ്റിസുമാരായ ഡി.വൈ ചന്ദ്രചൂഡ്, എസ്.അബ്ദുള്‍ നസീര്‍, അശോക് ഭൂഷണ്‍, എസ്.എ ബോബ്ഡെ എന്നിവരടങ്ങിയ അഞ്ചംഗ ഭരണഘടനാ ബെഞ്ചാണ് വിധി പറഞ്ഞത്.

സ്വകാര്യതയ്ക്കുള്ള അവകാശം: 2017 ഓഗസ്റ്റില്‍, സുപ്രീം കോടതിയുടെ ഒമ്പതംഗ ബെഞ്ച്, ഇന്ത്യന്‍ ഭരണഘടന സ്വകാര്യതയ്ക്കുള്ള മൗലികാവകാശം ഉറപ്പുനല്‍കുന്നുവെന്ന് ഏകകണ്ഠമായി സ്ഥിരീകരിച്ചു. ജസ്റ്റിസ് കെ.എസ് പുട്ടസ്വാമി വേഴ്‌സസ് യൂണിയന്‍ ഓഫ് ഇന്ത്യ എന്ന കേസില്‍ ഭൂരിപക്ഷ തീരുമാനം ജസ്റ്റിസ് ചന്ദ്രചൂഡാണ് എഴുതിയത്. പൗരൻ്റെ ജീവിക്കാനുള്ള അവകാശത്തിലെ പ്രധാന ഘടകമാണ് സ്വകാര്യതയ്ക്കും അന്തസ്സിനുമുള്ള അവകാശമെന്ന് അദ്ദേഹം പരാമര്‍ശിച്ചിരുന്നു.

ഗര്‍ഭച്ഛിദ്രാവകാശം: വിവാഹിതര്‍ക്കും അവിവാഹിതരായ സ്ത്രീകള്‍ക്കും സുരക്ഷിതവും നിയമപരവുമായ ഗര്‍ഭഛിദ്രത്തിന് അവകാശമുണ്ടെന്ന് ഈ വര്‍ഷം സെപ്റ്റംബറില്‍ സുപ്രീം കോടതി വിധിച്ചിരുന്നു. ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് നേതൃത്വത്തിലുള്ള ജസ്റ്റിസുമാരായ എ.എസ്. ബൊപ്പണ, ബി.വി നാഗരത്ന എന്നിവരടങ്ങിയ ബെഞ്ചാണ് എല്ലാ സ്ത്രീകള്‍ക്കും സുരക്ഷിതവും നിയമപരവുമായ ഗര്‍ഭഛിദ്രത്തിന് അര്‍ഹതയുണ്ടെന്ന് വിധിച്ചത്.

0Shares

Leave a Reply

Your email address will not be published. Required fields are marked *