Categories
news

സ്വർണ്ണക്കടത്ത് കേസിൽ മുഖ്യമന്ത്രിയെ കടന്നാക്രമിച്ച് പ്രതിപക്ഷം; സഭ പൂരപ്പാട്ട് നടത്താനുള്ള സ്ഥലമാണോയെന്ന് മുഖ്യമന്ത്രി; നിയമസഭയിലെ നാടകീയ രംഗങ്ങള്‍

സ്വർണ്ണക്കള്ളക്കടത്തുകാരെ താലോലിക്കുന്ന മുഖ്യമന്ത്രീ നിങ്ങളൊരു കമ്യൂണിസ്റ്റാണോ എന്ന് അടിയന്തര പ്രമേയത്തിന് അനുമതി തേടിക്കൊണ്ട് പി.ടി. തോമസ് ചോദിച്ചു.

സ്വർണ്ണക്കടത്ത് കേസിൽ അടിയന്തര പ്രമേയവുമായി മുഖ്യമന്ത്രിയെ കടന്നാക്രമിച്ച് പ്രതിപക്ഷം. മുഖ്യമന്ത്രി ധൃതരാഷ്ട്രരെപ്പോലെ പുത്രി വാത്സല്യത്താൽ അന്ധനായെന്ന പി.ടി.തോമസിന്‍റെ പ്രസ്താവന സഭയിൽ ബഹളത്തിനിടയാക്കി. സഭ പൂരപ്പാട്ട് നടത്താനുള്ള സ്ഥലമാണോയെന്നു മുഖ്യമന്ത്രി ചോദിച്ചു.

നിയമസഭയിൽ എന്തും പറയാമെന്നു കരുതരുത്. പി.ടി.തോമസിനെ നിയന്ത്രിക്കാൻ പ്രതിപക്ഷ നേതാവിനു കഴിയില്ലെന്നറിയാമെന്നും മുഖ്യമന്ത്രി പറഞ്ഞു. മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കർ അറസ്റ്റിലായതും അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി സി. എം. രവീന്ദ്രൻ സംശയത്തിന്‍റെ നിഴലിൽ നിൽക്കുന്നതും സഭ നിർത്തിവെച്ച് ചർച്ച ചെയ്യണമെന്നാവശ്യപ്പെട്ടാണ് അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകിയത്.

ഇത്തരമൊരു വിവാദപരമായ കേസ് സംസ്ഥാനചരിത്രത്തിലാദ്യമായാണ് വരുന്നതെന്ന് പ്രതിപക്ഷം നോട്ടീസിൽ പറയുന്നു. സ്വർണ്ണക്കള്ളക്കടത്തുകാരെ താലോലിക്കുന്ന മുഖ്യമന്ത്രീ നിങ്ങളൊരു കമ്യൂണിസ്റ്റാണോ എന്ന് അടിയന്തര പ്രമേയത്തിന് അനുമതി തേടിക്കൊണ്ട് പി.ടി. തോമസ് ചോദിച്ചു. എം.ശിവശങ്കർ വെറുതേ വന്നതല്ലെന്നും അദ്ദേഹത്തിന് മുഖ്യമന്ത്രിയുമായുള്ള ബന്ധം ലാവ്‌ലിൻ കാലത്ത് തുടങ്ങിയതാണെന്നും അദ്ദേഹം പറഞ്ഞു.

ലാവ്‌ലിനിൽ അന്വേഷണം നടക്കുന്ന കാലത്ത് ഫയലുകൾ ചോർത്തി നൽകിയതാണ് ശിവശങ്കറും മുഖ്യമന്ത്രിയും തമ്മിലുള്ള അടുപ്പത്തിന് കാരണമെന്നും പി.ടി തോമസ് ആരോപിച്ചു. എന്നാൽ ശിവശങ്കറിന്‍റെ ഭാഗത്ത് നിന്ന് വീഴ്ചയുണ്ടായതായി സമ്മതിച്ച മുഖ്യമന്ത്രി സി.എം. രവീന്ദ്രനെ സംരക്ഷിക്കുന്ന നിലപാടാണ് കൈക്കൊണ്ടത്. സ്വർണ്ണക്കടത്തുമായി ബന്ധപ്പെട്ടല്ല രവീന്ദ്രനെ ചോദ്യം ചെയ്യാൻ വിളിപ്പിച്ചത്. ചില പരാതികളുടെ അടിസ്ഥാനത്തിൽ ചില കാര്യങ്ങളിൽ വ്യക്തത വരുത്താൻ മാത്രമാണ്. അദ്ദേഹത്തെ സ്വർണ്ണക്കടത്തുമായി ബന്ധപ്പെടുത്തുന്നത് വികല മനസുള്ളവരാണെന്നും മുഖ്യമന്ത്രി മറുപടി പറഞ്ഞു.

പി.ടി തോമസിന് പിണറായി വിജയനെ മനസിലായിട്ടില്ലെന്നും സഭ പൂരപ്പാട്ടിനുള്ള സ്ഥലം അല്ലെന്നും മുഖ്യമന്ത്രി തിരിച്ചടിച്ചു. ടിഷ്യൂ പേപ്പർ കാണിച്ചാൽ പോലും ഒപ്പിടുന്ന ആളാണെന്ന് ശിവശങ്കരൻ പറഞ്ഞിട്ടില്ല. പിണറായി വിജയനെ ഇങ്ങനെയാക്കിയത് പി.ആർ ഏജൻസികൾ അല്ല. സ്വപ്ന സുരേഷ് എങ്ങനെ ബാംഗ്ലൂരിൽ എത്തിയെന്നത് കേന്ദ്ര ഏജൻസികൾ അന്വേഷിക്കുന്നുണ്ടെന്നും കമ്മ്യൂണിസ്റ്റുകാരെ ജയിൽ കാണിച്ച് പേടിപ്പിക്കരുതെന്നും മുഖ്യമന്ത്രി പറഞ്ഞു.

0Shares

Leave a Reply

Your email address will not be published. Required fields are marked *