Categories
Kerala news

ഡോ. വന്ദനാ കൊലക്കേസ് പ്രതി സന്ദീപിന് മാനസിക പ്രശ്നങ്ങള്‍ ഇല്ലെന്ന് നിഗമനം; മാരക ലഹരി പദാർത്ഥങ്ങൾ ഉപയോഗിച്ചിട്ടില്ലെന്നും പോലീസ് കണ്ടെത്തൽ

കൊലപാതകം ബോധ്യത്തോടെ ആയിരുന്നു എന്ന ആദ്യ വാദം ഉറപ്പിക്കുകയാണ് അന്വേഷണ സംഘം

കൊല്ലം: വന്ദനാ കൊലക്കേസ് പ്രതി സന്ദീപിന് മാനസിക പ്രശ്നങ്ങൾ ഒന്നുമില്ലെന്ന നിഗമനത്തിൽ അന്വേഷണ സംഘം. പ്രതിയെ പാർപ്പിച്ചിരിക്കുന്ന പൂജപ്പുര സെൻട്രൽ ജയിലിലെ സി.സി.ടി.വി ക്യാമറ ദൃശ്യങ്ങൾ പൊലീസ് കർശനമായി നിരീക്ഷിച്ചു വരികയാണ്. മാനസിക പ്രശ്നമുണ്ടെന്ന് വരുത്തിത്തീർക്കാൻ പ്രതി ശ്രമിക്കുമെന്ന സൂചനയെ തുടർന്നാണ് അന്വേഷണ സംഘത്തിൻ്റെ 24 മണിക്കൂർ നിരീക്ഷണം. മാരക ലഹരി പദാർത്ഥങ്ങൾ പ്രതി ഉപയോഗിച്ചിട്ടില്ല എന്നാണ് മറ്റൊരു കണ്ടെത്തൽ.

പൂജപ്പുര സെൻട്രൽ ജയിലിലെ നിരീക്ഷണ ക്യാമറ സംവിധാനമുള്ള മുറിയിൽ സന്ദീപിനെ പാർപ്പിച്ച് ഓരോ നിമിഷവും നിരീക്ഷിച്ചത് വിജയം കണ്ടുവെന്ന വിലയിരുത്തലിലാണ് അന്വേഷണ സംഘം. രണ്ട് രാത്രിയും ഒരു പകലും പിന്നിടുമ്പോൾ, പ്രതിക്ക് മാനസിക പ്രശ്നങ്ങൾ ഇല്ലെന്ന നിഗമനത്തിൽ എത്തിച്ചേരാൻ ഇതോടെ അന്വേഷണ സംഘത്തിനായി.

വന്ദനയെ കുത്തി വീഴ്ത്തിയ ശേഷം ബഹളമുണ്ടാക്കിയതും ആദ്യ ദിവസം സെല്ലിനുള്ളിൽ അലറി വിളിച്ചതും മാനസിക പ്രശ്നം മൂലമല്ലെന്നും പൊലീസ് പറയുന്നു. അതായത് കൊലപാതകം കൃത്യമായ ബോധ്യത്തോടെ ആയിരുന്നു എന്ന ആദ്യ വാദം കൂടുതൽ ഉറപ്പിക്കുകയാണ് അന്വേഷണ സംഘം. പ്രതി വാർഡൻമാരോട് സംസാരിക്കുകയും കുടുംബ വിവരങ്ങൾ പങ്കുവയ്ക്കുകയും ചെയ്തിട്ടുണ്ട്. ഈ സാഹചര്യത്തിൽ രണ്ടു ദിവസത്തിനുള്ളിൽ സന്ദീപിനെ കൗൺസിലിങ്ങിന് വിധേയനാക്കാനാണ് തീരുമാനം.

പ്രതി സഹകരിക്കുമെന്ന് ഉറപ്പായാൽ ഉടൻ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യാനാണ് അന്വേഷണ സംഘത്തിൻ്റെ നീക്കം. ഭക്ഷണം കഴിച്ചു തുടങ്ങിയതോടെ പ്രതിയുടെ ആരോഗ്യനില മെച്ചപ്പെട്ടു വരുന്നതും അന്വേഷണ സംഘത്തിന് ആശ്വാസമാണ്. സന്ദീപ് മാരക ലഹരി പദാർത്ഥങ്ങൾ ഉപയോഗിച്ചതായി ഒരു തെളിവും പൊലീസിന് ലഭിച്ചിട്ടില്ല. മദ്യം മാത്രമാണ് ലഹരിക്കായി പ്രതി ഉപയോഗിച്ചിരുന്നത്. മദ്യാസക്തി കുറയ്ക്കാൻ ലഹരി വിമുക്തി കേന്ദ്രത്തിൽ ചികിത്സ തേടിയതിൻ്റെ വിവരങ്ങളും അന്വേഷണ സംഘം ശേഖരിച്ചിട്ടുണ്ട്.

0Shares

Leave a Reply

Your email address will not be published. Required fields are marked *