Categories
health Kerala news

പടം വരച്ചപോലെ മരുന്നിൻ്റെ പേരെഴുതുന്ന ഡോക്ടര്‍ സത്യംഗപാണി; ദൈവത്തെ സിസ്റ്റര്‍ കളിയാക്കരുത്, സംശയം ചോദിക്കുന്ന ഫാര്‍മസിസ്റ്റുകളെ ആക്ഷേപിക്കുന്നത് ഇങ്ങനെ

നിര്‍ദ്ദേശങ്ങള്‍ ലംഘിക്കുന്ന ഡോക്ടര്‍മാര്‍ക്കെതിരെ അച്ചടക്ക നടപടി

ആലപ്പുഴ: മനുഷ്യന് മനസിലാവാത്ത വിധം മരുന്നു കുറിപ്പടിയില്‍ ഇംഗ്ലീഷ് അക്ഷരങ്ങള്‍ വാരിവലിച്ചെഴുതിയ ഡോക്ടറോട് സംശയം ചോദിക്കാനെത്തിയ നഴ്‌സിന് ഡോക്ടര്‍ വക ഉപദേശം അതേ കുറിപ്പടിയില്‍ പച്ച മലയാളത്തില്‍ ‘ദൈവത്തെ സിസ്റ്റര്‍ കളിയാക്കരുത്…’ മറ്റൊരു നഴ്‌സ് സംശയം ചോദിച്ച കുറിപ്പടിയില്‍ വേറൊന്ന്; ‘എന്നാല്‍ ദൈവത്തെ എനിക്ക് പേടിയാണ്…’ മരുന്ന് കുറിപ്പടിയില്‍ കൂട്ടക്ഷരം പാടില്ലെന്നും വായിക്കാവുന്ന വിധത്തില്‍ ജനറിക് പേര് എഴുതണമെന്നുമുള്ള മെഡിക്കല്‍ കൗണ്‍സിലിൻ്റെ നിര്‍ദ്ദേശത്തിന് ആലപ്പുഴ ജനറല്‍ ആശുപത്രിയിലെ മുതിര്‍ന്ന ഡോക്ടര്‍ സത്യംഗപാണി പുല്ലുവിലയാണ് നല്‍കുന്നത്.

ഒരു തരത്തിലും വായിച്ചെടുക്കാന്‍ സാധിക്കാത്ത വിധം മരുന്ന് കുറിക്കുകയും സംശയം ചോദിക്കുന്ന നഴ്‌സുമാരെയും ഫാര്‍മസിസ്റ്റുകളെയും ആക്ഷേപിക്കുകയും ചെയ്യുന്ന ഡോക്ടര്‍ക്കെതിരെ ജീവനക്കാര്‍ ആശുപത്രി സൂപ്രണ്ടിന് പരാതി നല്‍കി. ജനറല്‍ മെഡിസിന്‍ ഒ.പിയില്‍ വൈകുന്നേരങ്ങളിലാണ് ഈ ഡോക്ടര്‍ക്ക് ഡ്യൂട്ടി.

ഡോക്ടറുടെ ക്ഷോഭവും പരിഹാസവും ഭയന്ന് ഇപ്പോള്‍ നഴ്‌സുമാരോ ഫാര്‍മസിസ്റ്റുകളോ സംശയം ചോദിക്കാറില്ല. തങ്ങള്‍ക്ക് മനസിലാവുന്നത് അനുസരിച്ചാണ് മരുന്നുകള്‍ നല്‍കുന്നതെന്ന് ഇവര്‍ പറയുമ്പോള്‍ ഇരയാവുന്നത് പാവം രോഗികളാണ്. ഡോക്ടര്‍ക്കെതിരെ ഒരു പൊതുജനാരോഗ്യ പ്രവര്‍ത്തകന്‍ ആരോഗ്യമന്ത്രിക്ക് പരാതി നല്‍കി. ചിലപ്പോള്‍ സംശയങ്ങള്‍ക്ക് മലയാളത്തില്‍ മരുന്നിൻ്റെ പേരെഴുതി മറ്റൊരു വിധത്തിലും ഡോക്ടര്‍ കളിയാക്കല്‍ നടത്തും.

വിശദീകരണം തേടി

ജീവനക്കാരുടെ പരാതിയെ തുടര്‍ന്ന് ഡോക്ടറോട് വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ആശുപത്രി സൂപ്രണ്ട് ഡോ.രാജന്‍ പറഞ്ഞു.

പരാതിയില്‍ വിശദമായ അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കംപ്ലയിന്റ് മോണിറ്ററിംഗ് അതോറിറ്റിയെ ചുമതലപ്പെടുത്തി.

വ്യക്തമാവണം കുറിപ്പടി

മെഡിക്കല്‍ കൗണ്‍സില്‍ ഒഫ് ഇന്ത്യയുടെ നിര്‍ദേശ പ്രകാരം ജനറിക് പേരുകള്‍ എഴുതണമെന്ന് 2014ല്‍ സര്‍ക്കാര്‍ ഉത്തരവിറക്കിയിരുന്നു. എന്നാല്‍ ഇത് പാലിക്കുന്നില്ലെന്ന പരാതിയെ തുടര്‍ന്നാണ് ഈ വര്‍ഷം സംസ്ഥാന ആരോഗ്യവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി പ്രത്യേക ഉത്തരവിറക്കിയത്.

മനസിലാകും വിധം മരുന്ന് കുറിക്കുക, സര്‍ക്കാര്‍ സംവിധാനത്തിന് പുറത്തുള്ള ഫാര്‍മസികളിലേക്ക് കുറിപ്പടി പരമാവധി നല്‍കാതിരിക്കുക എന്നീ നിര്‍ദ്ദേശങ്ങള്‍ ലംഘിക്കുന്ന ഡോക്ടര്‍മാര്‍ക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കുമെന്നും ഉത്തരവില്‍ വ്യക്തമാണ്.

മരുന്ന് എന്തെന്ന് വ്യക്തമല്ലാത്ത കുറിപ്പടി നല്‍കുന്നത് മനുഷ്യജീവന്‍ പന്താടുന്നതിന് തുല്യമാണ്. സംശയം ചോദിക്കുന്ന സ്ത്രീ ജീവനക്കാരെ പോലും അപമാനിക്കുന്ന തരത്തില്‍ മോശം പ്രയോഗങ്ങള്‍ നടത്തുന്ന ഡോക്ടര്‍ക്കെതിരെ ആരോഗ്യമന്ത്രിക്ക് പരാതിയും നല്‍കിയിട്ടുണ്ട്.

0Shares

Leave a Reply

Your email address will not be published. Required fields are marked *