Categories
Gulf international news

ശരീരഭാഷ നോക്കി പിടിക്കും; വ്യാജരേഖകളിൽ ദുബായിലേക്ക് കടക്കാന്‍ ശ്രമിക്കേണ്ട, മുന്നറിയിപ്പുമായി എമിഗ്രേഷന്‍ വിഭാഗം

സുരക്ഷാ പരിശീലനം നേടിയവരെ പാസ്‌പോര്‍ട്ട് ഉദ്യോഗസ്ഥരായി നിയമിക്കുന്നു

ദുബായ്: വ്യാജ രേഖകളുമായി രാജ്യത്ത് പ്രവേശിക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് മുന്നറിയിപ്പുമായി ദുബായ് എമിഗ്രേഷന്‍ വിഭാഗം. ശരീരഭാഷ അടക്കമുള്ള ലക്ഷണങ്ങള്‍ വഴി കണ്ടെത്തുന്നതിന് ഉദ്യോഗസ്ഥര്‍ക്ക് പരിശീലനം നല്‍കുമെന്ന് അധികൃതര്‍ അറയിച്ചു. സാങ്കേതിക വിദ്യകളുടെ സഹായവും ഇതിനായി ഉപയോഗിക്കുമെന്നു ദുബായ് ഇമിഗ്രേഷന്‍ ഡയറക്ടര്‍ ജനറല്‍ മുഹമ്മദ് അഹമ്മദ് അല്‍ മറി അറിയിച്ചു.

വ്യോമ, കര, നാവിക കവാടങ്ങളിലൂടെ വ്യാജരേഖകളുമായി വരുന്നവരെ അവിടെ തന്നെ കുടുക്കാനുള്ള പദ്ധതികള്‍ നടപ്പാക്കുന്നത്. ഈ വര്‍ഷം ഓഗസ്റ്റ് 24 വരെ 849 വ്യാജ രേഖകള്‍ പിടികൂടിയിട്ടുണ്ട്. സാങ്കേതിക വിദ്യയുടെ സഹായത്തോടെ രേഖകള്‍ പരിശോധിക്കുന്നത് പോലെ തന്നെ ശരീര ഭാഷയിലൂടെയും കള്ളത്തരം കണ്ടെത്താന്‍ കഴിയും.രേഖകള്‍ പരിശോധിക്കുമ്പോള്‍ അവരുടെ കണ്ണുകള്‍, ശരീരത്തിൻ്റെ ചലനങ്ങള്‍ ഇവ സസൂക്ഷ്മം നിരീക്ഷിച്ചു നിഗമനത്തിലെത്താന്‍ ഉദ്യോഗസ്ഥര്‍ക്കു പരിശീലനം നല്‍കുമെന്നും അധികൃതര്‍ വ്യക്തമാക്കി.

ടെര്‍മിനല്‍ 1,2,3 ജബല്‍ അലിയിലെ അല്‍മക്തൂം രാജ്യാന്തര വിമാനത്താവളങ്ങളിലായി 1357 പാസ്‌പോര്‍ട്ട് ഉദ്യോഗസ്ഥരുണ്ട്. ഇവരുടെ ചുമതലയിലാണ് വ്യാജരേഖകളുടെ പരിശോധന. ഓരോ പാസ്‌പോര്‍ട്ട് കൗണ്ടറും നൂതന സാങ്കേതിക സൗകര്യങ്ങളോടെയാണ് പ്രവര്‍ത്തിക്കുന്നത്. ഇതുവഴി വിവിധ രാജ്യങ്ങളുടെ അസല്‍ പാസ്‌പോര്‍ട്ടും വ്യാജ പാസ്‌പോര്‍ട്ടും അതിവേഗം വേര്‍തിരിച്ചറിയാന്‍ സാധിക്കും. ഇതിനായി ഡോക്യുമെണ്ട് ലാബും ഇമിഗ്രേഷന് കീഴിലുണ്ട്.

യാത്രാരേഖകളുമായി ബന്ധപ്പെട്ട തിരിമറികളും ആള്‍മാറാട്ടവും കണ്ടെത്താന്‍ പ്രത്യേക സുരക്ഷാ പരിശീലനം നേടിയവരെയാണ് പാസ്‌പോര്‍ട്ട് ഉദ്യോഗസ്ഥരായി നിയമിക്കുന്നത്. അറബിക്, .ഇംഗ്ലിഷ് ഭാഷകള്‍ക്ക് പുറമെ ചൈനീസ്, ഫ്രഞ്ച്, സ്‌പാനിഷ്, റഷ്യന്‍, പേര്‍ഷ്യന്‍ ഭാഷകള്‍ സംസാരിക്കാന്‍ കഴിയുന്നവരാണ് ഉദ്യോഗസ്ഥര്‍.

0Shares

Leave a Reply

Your email address will not be published. Required fields are marked *