Categories
Kerala news

രക്ഷിതാക്കള്‍ കുഞ്ഞുങ്ങളെ ചേര്‍ത്ത് പിടിച്ച് കുടുംബ ബന്ധങ്ങള്‍ ഊട്ടിയുറപ്പിക്കണം; ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്

കാസർഗോഡ്: രക്ഷിതാക്കള്‍ കുഞ്ഞുങ്ങളെ ചേര്‍ത്ത് പിടിച്ച് കുടുംബ ബന്ധങ്ങള്‍ ഊട്ടിയുറപ്പിക്കണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി. ബേബി ബാലകൃഷ്ണന്‍ പറഞ്ഞു. സംസ്ഥാന ബാലാവകാശ കമ്മീഷനും ജില്ലാ കുടുംബശ്രീ മിഷനും സംയുക്തമായി സംഘടിപ്പിച്ച ബാലസൗഹൃദ രക്ഷാകര്‍തൃത്വം ഏകദിന പരിശീലനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍. മൊബൈല്‍ ഫോണിൻ്റെ അതിപ്രസരം കുടുംബ ബന്ധങ്ങളില്‍ വിള്ളല്‍ വരുത്തുന്നണ്ടെന്നും അത് കുഞ്ഞുങ്ങളെ സാരമായി ബാധിക്കുന്നുണ്ടെന്നും പ്രസിഡന്റ് പറഞ്ഞു. മൂന്നാം തരത്തില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് പോലും വിഷാദവും സമ്മര്‍ദ്ദവും ഉണ്ടാകുന്ന തരത്തില്‍ ഗുരുതരമാണ് ഈ വിഷയം. സമപ്രായക്കാരായ കുട്ടികള്‍ക്കൊപ്പം കളിച്ച് വളരേണ്ട കുഞ്ഞുങ്ങളെ മൊബൈല്‍ ഫോണ്‍ കൂട്ടിന് നല്‍കി വീട്ടകങ്ങളില്‍ ഒതുക്കി വളര്‍ത്തുന്ന രക്ഷിതാക്കളാണ് കൂടുതലും. അല്‍പം വളര്‍ന്നു കഴിഞ്ഞാല്‍ ട്യൂഷനും പഠന ഭാരവും അവര്‍ക്ക് മേല്‍ അടിച്ചേല്‍പ്പിക്കുന്നു. അവര്‍ക്ക് ആവശ്യമായ ഭക്ഷണവും വസ്ത്രവും വിദ്യാഭ്യാസവും നല്‍കുന്നതോടൊപ്പം വാല്‍സല്യവും കരുതലും നല്‍കണം. കുട്ടികളോട് സനേഹപൂര്‍വ്വം ഇടപെടുകയും തെറ്റുകള്‍ തിരുത്തി മുന്നോട്ട് നയിക്കേണ്ടതും രക്ഷിതാക്കളുടെ കടമയാണ്. കേരളത്തിലെ സ്ത്രീകളെ ശാക്തീകരിച്ച കുടുംബശ്രീ സംവിധാനത്തെ ബാലാവകാശ കമ്മീഷൻ്റെ ക്യാമ്പയിനിനായി തെരഞ്ഞെടുത്തത് ഏറ്റവും ഉചിതമായ തീരുമാനമാണെന്നും അവര്‍ പറഞ്ഞു.

അണുകുടുംബങ്ങളിലേക്ക് നമ്മുടെ കുടുംബാന്തരീക്ഷം ചുരുങ്ങി പോവുകയും ഭാര്യയും ഭര്‍ത്താവും ജോലി ചെയ്ത് ഉപജീവനം നടത്തുകയും ചെയ്യുമ്പോള്‍ കുട്ടികളെ വേണ്ടവിധം പരിഗണിക്കുന്നുണ്ടോ എന്ന് ഓരോരുത്തരും സ്വയം വിലയിരുത്തണമെന്ന് കാസര്‍കോടിൻ്റെ ചുമതലയുള്ള ബാലാവകാശ കമ്മീഷന്‍ അംഗം ബി. മോഹന്‍കുമാര്‍ പറഞ്ഞു. കുഞ്ഞുങ്ങളെ നേര്‍വഴിക്ക് നടത്താന്‍ പാകത്തിന് മികച്ച കുടുംബാന്തരീക്ഷം മാറേണ്ടതുണ്ട്. ഏറ്റവും മികച്ച ഗുരുനാഥന്‍മാര്‍ രക്ഷിതാക്കളാണെന്നും ഗ്രാമ നഗരങ്ങളിലെ വീടുകളിലെ രക്ഷിതാക്കളിലേക്ക് ഈ സന്ദേശമെത്തിക്കേണ്ടത് കുടുംബശ്രീ പ്രവര്‍ത്തകരാണെന്നും അദ്ദേഹം പറഞ്ഞു. ചടങ്ങില്‍ കുടുംബശ്രീ ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ ടി.ടി സുരേന്ദ്രന്‍ അധ്യക്ഷത വഹിച്ചു. ജില്ലാ ശിശു സംരക്ഷണ ഓഫീസര്‍ ഷൈനി സംസാരിച്ചു. ചടങ്ങില്‍ കുടുംബശ്രീ ഡി.പി.എം എം. രേഷ്മ സ്വാഗതവും കുടുംബശ്രീ ഡി.പി.എം കെ.വി ലിജിന്‍ നന്ദിയും പറഞ്ഞു. തുടര്‍ന്ന് ഉത്തരവാദിത്ത പൂര്‍ണമായ രക്ഷാകര്‍തൃത്വം എന്ന വിഷയത്തില്‍ ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ് ആല്‍ബിന്‍ എല്‍ദോസ്, ബാലാവകാശം, ബാലാവകാശ നിയമങ്ങള്‍ എന്നീ വിഷയങ്ങളില്‍ ഡി.സി.പിയു പ്രൊട്ടക്ഷന്‍ ഓഫീസര്‍ കെ.ഷുഹൈബ് എന്നിവര്‍ ക്ലാസെടുത്തു.

0Shares

Leave a Reply

Your email address will not be published. Required fields are marked *

The Latest