Categories
Kerala local news news

ഭരണസമിതിക്കെതിരെ ഗുരുതര ആരോപണം; കാസർകോട് ജില്ലാ പഞ്ചായത്തിലെ അഴിമതിയും വിവേചനവും അവസാനിപ്പിക്കണമെന്ന് മുസ്ലിം ലീഗ്

കാസർകോട്: ജില്ലാ പഞ്ചായത്തിൽ അഴിമതിയും സ്വജനപക്ഷപാതവും കൊടിക്കുത്തിവാഴുകയാണെന്ന് മുസ്ലിം ലീഗ്. പ്രതിപക്ഷ മെമ്പർമാരുടെ ഡിവിഷനുകളോട് വിവേചനം കാണിക്കുന്ന പ്രവണത തുടരുകയാണെന്നും മുസ്ലിം ലീഗ് ജില്ലാ ജനറൽ സെക്രട്ടറി എ. അബ്ദുറഹിമാൻ പറഞ്ഞു. ജില്ലാ പഞ്ചായത്തിൻ്റെ അനിവാര്യ ചുമതലയിൽപെട്ട ഹൈസ്കൂളുകളുടെ അറ്റകുറ്റപ്പണിയും മറ്റു വികസന പ്രവർത്തനങ്ങളും പാടെ നിരാകരിക്കുന്ന രീതിയാണ് തുടർന്നുവരുന്നത്. ജില്ല പഞ്ചായത്തിൻ്റെ അധീനതയിലുള്ള പല ഹൈസ്കൂളുകളും ഹയർ സെക്കണ്ടറി സ്ക്കൂളുകളും ചോർന്നൊലിക്കുന്നു. പദ്ധതി രൂപീകരണ സമയത്ത് നീക്കിവെക്കുന്ന പ്രതിപക്ഷ അംഗങ്ങളുടെ ഡിവിഷനുകളിലെ പദ്ധതിയും ഫണ്ടും, പദ്ധതി നിർവ്വഹണ ഘട്ടത്തിൽ ഭരണകക്ഷി അംഗങ്ങളുടെ ഡിവിഷനുകളിലെ വികസന പ്രവർത്തനങ്ങളായി മാറുകയാണ്. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ടും വൈസ് പ്രസിഡണ്ടും ഫണ്ടുകൾ വകമാറ്റി ചിലവഴിക്കുന്നതിൽ മത്സരിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.

ജില്ലാ പഞ്ചായത്തിൽ അവിഹിതമായ കയ്യിട്ട് വാരലും സ്വന്തക്കാർക്കും ഇഷ്ടക്കാർക്കും പ്രവർത്തികൾ വീതിച്ച് നൽകലും കമ്മീഷൻ വാങ്ങലും നിത്യസംഭവമായി മാറിയിരിക്കുന്നു. ജില്ലാ പഞ്ചായത്തിൽ സുതാര്യമായ ഒരു പ്രവർത്തനവും നടക്കുന്നില്ല. വികേന്ദ്രീകൃത ആസൂത്രണ പ്രക്രിയക്ക് കോടാലി വെക്കുന്ന ഇത്തരം സമീപനങ്ങൾക്കെതിരെ ജനങ്ങളെ അണിനിരത്തി പ്രക്ഷോഭം സംഘടിപ്പിക്കാൻ മുസ്ലിം ലീഗ് നിർബ്ബന്ധിതമാകുമെന്നും അദ്ദേഹം പറഞ്ഞു. വികസനരംഗത്ത് ഇരട്ട മുഖം കാണിക്കുന്ന ജില്ലാ പഞ്ചായത്ത് ഭരണ നേതൃത്വം പൊതുമരാമത്ത് പ്രവർത്തികളുടെ മറവിൽ കോടികളുടെ അഴിമതി നടത്തുന്നതിൽ മത്സരിക്കുന്നുണ്ട്. മത്സരാധിഷ്ഠിത ടെൻഡർ നടപടികൾ സ്വീകരിക്കുന്നതിനു പകരം സർക്കാർ അംഗീകൃത ഏജൻസികൾ മുഖേന സ്വന്തക്കാർക്കും ബന്ധുക്കൾക്കും ലക്ഷങ്ങളുടെ പൊതുമരാമത്ത് പ്രവർത്തികളാണ് അവിഹിതമായി വീതിച്ച് നൽകികൊണ്ടിരിക്കുന്നത്. കഴിഞ്ഞ കുറെ കാലങ്ങളായി ജില്ലാ പഞ്ചായത്തിൽ സർക്കാർ അംഗീകൃത ഏജൻസികൾക്ക് പ്രവർത്തികളുടെ ടെൻഡർ നേരിട്ട് കൊടുക്കുന്ന പ്രവണതയാണ് നടക്കുന്നത്. ജില്ലാ പഞ്ചായത്തിന് സ്വന്തമായി എഞ്ചിനീയറിങ് വിഭാഗം നിലവിൽ ഇരിക്കെയാണ് സ്വകാര്യ ഏജൻസികളെ കൊണ്ട് എസ്റ്റിമേറ്റ് ഉണ്ടാക്കുകയും അവരുടെ എൻജിനീയർമാർ തന്നെ പ്രവർത്തികൾക്ക് മേൽനോട്ടം വഹിക്കുകയും അവർ തന്നെ മോണിറ്ററിംഗ് നടത്തുകയും ചെയ്യുന്ന അപൂർവ്വമായ പ്രവണത കാസർകോട് ജില്ലാ പഞ്ചായത്തിൽ നടക്കുന്നത്. പ്രതിപക്ഷ മെമ്പർമാർ നിരവധി തവണ ഇക്കാര്യങ്ങൾ ചൂണ്ടിക്കാണിക്കുകയും ഉത്തരവാദപ്പെട്ടവരെ ബോധ്യപ്പെടുത്തുകയും ചെയ്തിട്ടും തിരുത്താൻ തയ്യാറായിട്ടില്ല. നഗ്നമായ ഈ അഴിമതിയും കെടുകാര്യസ്ഥതയും നോക്കി നിൽക്കാൻ ജനാധിപത്യ വിശ്വാസികൾക്ക് കഴിയില്ല. പഞ്ചായത്ത് രാജ് സംവിധാനങ്ങൾക്കും, വികേന്ദ്രീകൃതാസൂത്രണ പ്രക്രിയകൾക്കും ശവക്കുഴി തോണ്ടുന്ന ജില്ലാ പഞ്ചായത്തിൻ്റെ ഇത്തരം സമീപനങ്ങൾക്കെതിരെ മുസ്ലിം ലീഗ് ശക്തമായ പ്രക്ഷോഭം ആരംഭിക്കുമെന്നും അബ്ദുൽ റഹ്മാൻ മുന്നറിയിപ്പ് നൽകി.

0Shares

Leave a Reply

Your email address will not be published. Required fields are marked *