Categories
local news news

ജില്ലാ കളക്ടറുടെ വില്ലേജ് അദാലത്തുകൾ പൂര്‍ത്തിയായി, കണ്ടെത്തിയ പൊതുവായ പ്രശ്‌നങ്ങൾ സമയബന്ധിതമായി പരിഹരിക്കും; ജില്ലാ കളക്ടർ കെ ഇമ്പശേഖർ

കാസറഗോഡ്: കാസർകോട് ജില്ലയിലെ വില്ലേജുകളിൽ ജില്ലാ കളക്ടർ കെ ഇമ്പശേഖർ നടത്തിയ വില്ലേജ് അദാലത്തുകള്‍ പൂര്‍ത്തിയായി. 129 വില്ലേജുകളിലായി 3455 പരാതികളാണ് അദാലത്തില്‍ ലഭിച്ചത്. രണ്ടു ഘട്ടങ്ങളിലായി ജില്ലയിലെ മുഴുവൻ വില്ലേജുകളിലും ജില്ലാ കളക്ടർ അദാലത്ത് നടത്തി പൊതുജനങ്ങളിൽ നിന്നും നേരിട്ട് പരാതികൾ സ്വീകരിച്ചു. ലഭിച്ച പരാതികളിൽ പരിഹാരം കാണുന്നതിനുള്ള നടപടികൾ ആരംഭിച്ചു അദാലത്തുകളിൽ കണ്ടെത്തിയ പ്രശ്‌നങ്ങളില്‍ സമയ ബന്ധിതമായി കൃത്യമായ ഇടപെടല്‍ നടത്തുമെന്ന് ജില്ലാ കളക്ടര്‍ കെ.ഇമ്പശേഖര്‍ പറഞ്ഞു.അദാലത്തില്‍ പ്രധാനമായും ഭൂപ്രശ്നങ്ങളാണ് ഉയർന്നുവന്നത്. പരാതികളിൽ കണ്ടെത്തിയ പ്രശ്‌നങ്ങളില്‍ അധികവും റീസര്‍വേയുമായി ബന്ധപ്പട്ടവയാണ്. റീസര്‍വേ നടത്തിയപ്പോള്‍ ഭൂവിസ്തൃതിയിലെ വ്യത്യാസവും സര്‍വേ നമ്പര്‍ മാറിയതും കാരണം കരം അടക്കാന്‍ സാധിക്കാത്തവരുടെ നിരവധി പരാതി ലഭിച്ചു. ഇത്തരം പ്രശ്നങ്ങൾ ഗൗരവമായി പരിഗണിക്കുമെന്ന് ജില്ലാ കളക്ടർ പറഞ്ഞു.

മടിക്കൈ, പുതുക്കൈ, ചിത്താരി വില്ലേജുകളില്‍ ഈ പ്രശ്‌നം കൂടുതലാണ്. പുഴ പുറമ്പോക്കുകളില്‍ താമസിക്കുന്നവരുടെ ഭൂ പ്രശ്നങ്ങളും അദാലത്തുകളിൽ കണ്ടെത്തി. തുരുത്തി, വലിയപറമ്പ, പടന്ന വില്ലേജുകളിലാണ് ഇത്തരം വിഷയങ്ങള്‍ കണ്ടെത്തിയത്. മിച്ചഭൂമിയുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ കൂടുതലായി വന്നത് വെള്ളരിക്കുണ്ട് താലൂക്കിലാണ്. പ്ലൻറേഷന്‍ കോര്‍പ്പറേഷനുമായി ബന്ധപ്പെട്ട ഭൂമി പരാതികളും അദാലത്തിൽ ലഭിച്ചു. പട്ടയം കാണാത്തതുമായി ബന്ധപ്പെട്ട പരാതികളും ലഭിച്ചിട്ടുണ്ട്.
അദാലത്തിൽ മനസ്സിലാക്കിയ പ്രധാന പ്രശ്നങ്ങൾ ചര്‍ച്ച ചെയ്ത് തുടര്‍ നടപടികള്‍ സ്വീകരിക്കും. എല്ലാ മാസവും ചേരുന്ന പട്ടയമിഷന്‍ യോഗങ്ങളില്‍ ഈ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യും.ഡിജിറ്റൽ സർവ്വേ ഫലപ്രദമായി നടത്തി പ്രശ്നങ്ങൾക്ക് പരിഹാരം കാണും. ഡിജിറ്റല്‍ സര്‍വ്വേ ഫലപ്രദമായി ഉപയോഗിച്ച് ഭൂപ്രശ്നങ്ങൾ പരിഹരിക്കും. രണ്ടാം ഘട്ടത്തില്‍ ഡിജിറ്റൽ സർവേ നടത്തുന്നത് മടിക്കൈ, പുല്ലൂര്‍ പെരിയ, മാലോം വില്ലേജുകളില്‍. ആണ്. ഈ വില്ലേജുകളിൽ സര്‍ക്കാര്‍ ഭൂമിയും പട്ടയ സംബന്ധമായ പ്രശ്‌നങ്ങളും കൂടുതലാണ്. മൂന്നാം ഘട്ടത്തിലും പ്രശ്‌നങ്ങള്‍ കൂടുതലുള്ള വില്ലേജ് ഓഫീസുകള്‍ കണ്ടെത്തി ഡിജിറ്റല്‍ സര്‍വ്വേയില്‍ ഉള്‍പ്പെടുത്തി ഭൂമി പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണും. ലൈഫ് മിഷന്‍ വീടുകള്‍ കിട്ടാത്ത പ്രശ്‌നങ്ങള്‍, മുന്‍ഗണനാ കാര്‍ഡ് സംബന്ധിച്ച പ്രശ്‌നങ്ങള്‍ തുടങ്ങിയ പരാതികളും അദാലത്തിലെത്തി. അദാലത്തിൽ കണ്ടെത്തിയ പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് സമയബന്ധിതമായ നടപടി സ്വീകരിക്കാൻ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

0Shares

Leave a Reply

Your email address will not be published. Required fields are marked *