Categories
local news news

വാഴ കൃഷിനാശം ഉണ്ടായ കാഞ്ഞങ്ങാട് നഗരസഭയിലെ പ്രദേശങ്ങള്‍ ജില്ലാ കളക്ടര്‍ സന്ദര്‍ശിച്ചു

കാഞ്ഞങ്ങാട്: വെള്ളക്കെട്ടിനെ തുടർന്നു കൃഷിനാശം ഉണ്ടായ കാഞ്ഞങ്ങാട് നഗരസഭാ പരിധിയിലെ അരയി പ്രദേശങ്ങള്‍ ജില്ലാ കളക്ടര്‍ കെ.ഇമ്പശേഖര്‍ സന്ദര്‍ശിച്ചു. കൃഷി നാശത്തെ സംബന്ധിച്ച സമഗ്രമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിന് പ്രിന്‍സിപ്പല്‍ അഗ്രികള്‍ച്ചര്‍ ഓഫീസര്‍ പി.രാഘവേന്ദ്രയ്ക്ക് കളക്ടര്‍ നിര്‍ദേശം നല്‍കി. വാഴകൃഷി മധുര കിഴങ്ങ് കൃഷി തുടങ്ങിയവയാണ് നശിച്ചത്. ദേശീയപാത വികസനത്തിൻ്റെ ഭാഗമായി നീലേശ്വരം പുഴയില്‍ മണ്ണിട്ടടച്ചപ്പോഴാണ് ഈ പ്രദേശങ്ങളില്‍ വെള്ളക്കെട്ട് രൂപപ്പെട്ടത് എന്നാണ് പരാതി. അരയി വെള്ളരിക്കണ്ടം,കോടാളി,വിരിപ്പുവയല്‍,ചിറക്കാല്‍, കാര്‍ത്തിക വയല്‍ തുടങ്ങി പനങ്കാവു വരെ നീളുന്ന പ്രദേശങ്ങളിലെ കൃഷിയിടങ്ങളിലാണ് വെള്ളം കയറിയത്. ഒന്നര ലക്ഷം വാഴ തൈകൾ നശിച്ചു നഷ്ടമുണ്ടായതായി കര്‍ഷകര്‍ കളക്ടറോട് പറഞ്ഞു. ഇ.ചന്ദ്രശേഖരന്‍ എം.എല്‍.എ നേരത്തെ സംഭവ സ്ഥലം സന്ദര്‍ശിച്ചിരുന്നു. കാഞ്ഞങ്ങാട് നഗരസഭ ചെയര്‍പേഴ്‌സണ്‍ കെ.വി സുജാത ടീച്ചര്‍, കൗണ്‍സിലര്‍ കെ.വി മായാകുമാരി, സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍മാരായ കെ.വി സരസ്വതി, കെ ലത കര്‍ഷക പ്രതിനിധി പി.പി രാജു, അരയി തുടങ്ങിയവര്‍ കളക്ടറോട് വിശദീകരിച്ചു. പ്രിന്‍സിപ്പല്‍ അഗ്രികള്‍ച്ചര്‍ ഓഫീസര്‍ പി.രാഘവേന്ദ്ര കൃഷി ഡെപ്യൂട്ടി ഡയറക്ടര്‍ സ്മിത നന്ദിനി കാഞ്ഞങ്ങാട് കൃഷി ഫീൽഡ് അസിസ്റ്റൻറ് കെ മുരളിധരൻ കാഞ്ഞങ്ങാട് വില്ലേജ് ഓഫീസര്‍ കെ രാജൻ തുടങ്ങിയവര്‍ കളക്ടറോടൊപ്പം ഉണ്ടായിരുന്നു.

0Shares

Leave a Reply

Your email address will not be published. Required fields are marked *

The Latest