Trending News
മുംബൈ: വ്യാപാരിയെ കബളിപ്പിച്ച് സൈബര്‍ കുറ്റവാളികള്‍ കവര്‍ന്നത് ഒരുകോടി രൂപ. ലാര്‍സന്‍ ആന്‍ഡ് ടൂബ്രോ എന്ന കണ്‍സ്ട്രക്ഷന്‍ കമ്പനിയുമായുള്ള ഇടപാടിൻ്റെ ഭാഗമായി ഓണ്‍ലൈനായി പണമടച്ചപ്പോഴാണ് ഒരു കോടി രൂപ നഷ്ടമായത്. പിന്നാലെ മുംബൈ സ്വദേശിയായ വ്യാപാരി സൈബര്‍ സെല്ലില്‍ പരാതി നല്‍കുകയായിരുന്നു.
Also Read
ഒരു ക്ലയന്റ് കമ്മ്യൂണിക്കേഷന്‍ ഇ-മെയില്‍ ഐ.ഡി മുഖേന എല്‍ & ടി എന്ന കമ്പനി പങ്കുവെച്ച അക്കൗണ്ടിലേക്ക് പരാതിക്കാരന്‍ ജൂണില്‍ അഞ്ച് കോടി രൂപ പ്രാഥമികമായി അടച്ചിരുന്നു. ബാക്കി തുക കൈമാറുന്നതിനുള്ള നിര്‍ദേശവുമായി മറ്റൊരു ഇ-മെയില്‍ കൂടി വരികയും അതുപ്രകാരം പണം അടയ്ക്കുകയും ചെയ്തു. എന്നാല്‍, അത് വ്യാജ ഇ-മെയില്‍ ആണെന്ന് തിരിച്ചറിയാന്‍ വൈകിയിരുന്നു.
പണമടച്ച് കുറച്ച് ദിവസങ്ങള്‍ക്ക് ശേഷം കമ്പനിയില്‍ നിന്നുള്ള വസ്തു വ്യാപാരിക്ക് ലഭിച്ചിരുന്നു. എന്നാല്‍ കുടിശ്ശിക അടയ്ക്കുന്നതിന് മുമ്പായി, പണമടക്കുന്നതിനുള്ള അക്കൗണ്ടുകള്‍ മാറിയെന്ന് അവകാശപ്പെട്ടുകൊണ്ട് ഒരു വ്യാജ ഐ.ഡിയില്‍ നിന്ന് അദ്ദേഹത്തിന് ഇ-മെയില്‍ വന്നു.
‘Larsen’ എന്നതിന് പകരം, മെയിലില്‍ കമ്പനിയുടെ പേര് ‘Lasren’ എന്നായിരുന്നു നല്‍കിയിരുന്നത്. ”പണം നല്‍കുന്നതിന് മുമ്പ് അദ്ദേഹം എല്‍ & ടി ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ട് വിശദാംശങ്ങള്‍ പരിശോധിച്ചിരുന്നില്ല. തട്ടിപ്പുകാരന്‍ യഥാര്‍ത്ഥ അക്കൗണ്ടിന് സമാനമായ ഒരു ഇ-മെയില്‍ സൃഷ്ടിക്കുകയായിരുന്നു,” – മുംബൈ പൊലീസിൻ്റെ സൈബര്‍ സെല്‍ ഓഫീസര്‍ പറഞ്ഞു.
പരാതിക്കാരനോട് 1.5 കോടി രൂപ നിക്ഷേപിക്കാന്‍ ആവശ്യപ്പെട്ട രണ്ട് ബാങ്ക് അക്കൗണ്ടുകള്‍ ഇ-മെയിലില്‍ പരാമര്‍ശിച്ചിരുന്നു. “ജൂലൈ മൂന്നിന്, അദ്ദേഹം ആകെ ഒരു കോടി രൂപയുടെ രണ്ട് പേയ്‌മെണ്ടുകള്‍ നടത്തിയിട്ടുണ്ട്. അതില്‍ നിന്ന് 61 ലക്ഷം രൂപയുടെ ഇടപാട് ഞങ്ങള്‍ക്ക് തടയാന്‍ സാധിച്ചിട്ടുണ്ട്. എന്നാല്‍, ബാക്കിയുള്ള 39 ലക്ഷം രൂപ പ്രതികള്‍ മറ്റൊരു അക്കൗണ്ടിലേക്ക് മാറ്റിയതായും” ഉദ്യോഗസ്ഥര്‍ പറഞ്ഞു.
ജൂലൈ ഏഴിന് ആരംഭിച്ച അന്വേഷണത്തില്‍, ക്രിമിനല്‍ റെക്കോര്‍ഡുകൾ ഒന്നുമില്ലാത്ത നാലംഗ സംഘമാണ് തട്ടിപ്പിന് പിന്നിലെന്ന് സൈബര്‍ സെല്‍ കണ്ടെത്തുകയും ചെയ്തു. ഇന്ദ്രേഷ് പാണ്ഡെ (30) എന്നയാളാണ് മുഖ്യ സൂത്രധാരന്‍. ജൂലൈ മുതല്‍ ഇയാള്‍ ഒളിവിലാണ്. ഇയാള്‍ക്കെതിരെ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിക്കാനുള്ള നീക്കത്തിലാണ് സൈബര്‍ സെല്‍. പാണ്ഡെയുടെ കൂട്ടാളികളായ ഭുവനേശ്വര്‍ ശര്‍മ്മ, ഹേമന്ത് സുലിയ, അഭയ് പതിവാര്‍ എന്നിവരെ സൈബര്‍ സെല്‍ അറസ്റ്റ് ചെയ്തിട്ടുണ്ട്.
പണി ഇ-മെയില്‍ ബോക്സിലൂടെയും
ഫേസ്ബുക്ക് അടക്കമുള്ള സോഷ്യല്‍ മീഡിയ സൈറ്റുകളിലും ബാങ്കിങ് ആപ്പുകളിലുമടക്കം ഒരുപാട് ഓണ്‍ലൈന്‍ സേവനങ്ങളിലേക്ക് പ്രവേശനം നേടാന്‍ നാം ഇ-മെയില്‍ ഐ.ഡി ഉപയോഗിക്കാറുണ്ട്. അത്തരം ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്ന മെയില്‍ ഐ.ഡികള്‍ ഒരിക്കലും അപ്രധാനമായ കാര്യങ്ങള്‍ക്ക് ഉപയോഗിക്കാതിരിക്കുക.
ഓണ്‍ലൈന്‍ ഗെയിമുകളില്‍ ലോഗ്-ഇന്‍ ചെയ്യാനും ഇലക്‌ട്രോണിക് ഷോപ്പുകളില്‍ ഓണം ബംപര്‍ പ്രൈസിനായുള്ള കൂപ്പണുകളിലുമൊക്കെ കൊടുക്കാന്‍ രണ്ടാമതൊരു മെയില്‍ ഐ.ഡി നിര്‍മിക്കുക. അതിലൂടെ ഇ-മെയില്‍ ഇന്‍ബോക്‌സ് ക്ലീനായി സൂക്ഷിക്കാം. ഒപ്പം അപകടങ്ങള്‍ പതിയിരിക്കുന്ന ഫിഷിങ്- തട്ടിപ്പ് ഇ-മെയിലുകളില്‍ നിന്ന് രക്ഷനേടുകയും ചെയ്യാം.
നിങ്ങളുടെ ജി-മെയില്‍ ബോക്‌സിലേക്ക് വരുന്ന മെയിലുകളുടെ നോട്ടിഫിക്കേഷനുകള്‍ കൃത്യമായി വായിച്ചതിന് ശേഷം മാത്രം അവ തുറക്കുക. ബാങ്കുകളില്‍ നിന്ന് വരുന്ന സന്ദേശങ്ങളില്‍ ബാങ്കിൻ്റെ പേര് കൃത്യമായി കൊടുത്തിട്ടുണ്ടോ എന്നുള്ളതും പരിശോധിക്കുക. ഇ-മെയിലിനുള്ളിലെ ലിങ്കുകളില്‍ ക്ലിക്ക് ചെയ്യുമ്പോഴും ഒന്നില്‍ കൂടുതല്‍ തവണ പരിശോധിച്ച് ഉറപ്പുവരുത്തുക.
Sorry, there was a YouTube error.