Categories
news

പ്രത്യേക പെര്‍മിറ്റോ ലൈസന്‍സോ ആവശ്യമില്ല; ഡല്‍ഹിയിലെ പലചരക്ക് കടകള്‍ 24മണിക്കൂറും തുറന്ന് പ്രവര്‍ത്തിക്കുമെന്ന് കെജ്രിവാള്‍

അവശ്യ വസ്തുക്കള്‍ക്കല്ലാതെ അരും പുറത്തിറങ്ങരുതെന്നും എല്ലാവരും വീടിനുള്ളില്‍ കഴിയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ഏപ്രില്‍ 14 വരെ രാജ്യത്ത് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തില്‍ ഡല്‍ഹിയിലെ പലചരക്ക് കടകള്‍ 24മണിക്കൂറും തുറന്ന് പ്രവര്‍ത്തിപ്പിക്കാന്‍ അനുവദിക്കുമെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍. ലെഫ്റ്റനന്റ് ഗവര്‍ണര്‍ അനില്‍ ബൈജലും മുതിര്‍ന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥരുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.

പ്രധാനമന്ത്രി നരേന്ദ്ര മോദി ചൊവ്വാഴ്ച 21 ദിവസത്തെ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച ഉടന്‍ തന്നെ അവശ്യവസ്തുക്കളായ പാല്‍, റൊട്ടി, പഴങ്ങള്‍, പച്ചക്കറികള്‍ തുടങ്ങിയവയുടെ ലഭ്യതയെ കുറിച്ച് ജനങ്ങള്‍ക്കിടയില്‍ ആശങ്ക നിലനിന്നിരുന്നു. അടച്ചുപൂട്ടലിന് മുമ്പ് ഇവ വാങ്ങിക്കൂട്ടുന്നതിന് ആളുകള്‍ തിരക്ക് കൂട്ടുകയും ചെയ്തിരുന്നു എന്നും അദ്ദേഹം പറഞ്ഞു.

കടകളില്‍ ആളുകള്‍ കൂട്ടമായെത്തുന്നത് ഒഴിവാക്കുന്നതിനായി അവശ്യസാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ക്ക് ഇരുപത്തിനാല് മണിക്കൂറും പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കാന്‍ തീരുമാനിച്ചതായി മുഖ്യമന്ത്രി ട്വിറ്ററിലൂടെ അറിയിച്ചു. ഇതിനായി പ്രത്യേക പെര്‍മിറ്റോ ലൈസന്‍സോ ആവശ്യമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. 36 കൊവിഡ് കേസുകള്‍ ഡല്‍ഹിയില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്ന് കെജ്രിവാള്‍ പറഞ്ഞു.

അവശ്യ വസ്തുക്കള്‍ക്കല്ലാതെ അരും പുറത്തിറങ്ങരുതെന്നും എല്ലാവരും വീടിനുള്ളില്‍ കഴിയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. റേഷന്‍ ഷോപ്പുകള്‍, മെഡിസിന്‍ ഷോപ്പുകള്‍, പച്ചക്കറി കച്ചവടക്കാര്‍, മറ്റ് അവശ്യ സേവന ദാതാക്കള്‍ എന്നിവര്‍ക്ക് സര്‍ക്കാര്‍ വാട്ട്സ്ആപ്പ് വഴി പാസ് നല്‍കുമെന്ന് അദ്ദേഹം പറഞ്ഞു.

‘അവശ്യ സേവനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്ന എല്ലാവര്‍ക്കും ഞങ്ങള്‍ ഇ-പാസുകള്‍ നല്‍കുന്നു. നിങ്ങള്‍ ചെയ്യേണ്ടത് 1031 ല്‍ വിളിക്കുക, തുടര്‍ന്ന് പാസ് ലഭിക്കുന്നതിനുള്ള നിര്‍ദ്ദേശങ്ങള്‍ അറിയിക്കും. പാസുകള്‍ വാട്ട്സ്ആപ്പ് വഴി അവര്‍ക്ക് അയയ്ക്കും,’ കെജ്രിവാള്‍ പറഞ്ഞു.

0Shares

Leave a Reply

Your email address will not be published. Required fields are marked *