Categories
news

പരാജയപ്പെടുത്തിയത് ഇന്ത്യന്‍ വംശജനായ ഋഷി സുനകിനെ; മാര്‍ഗരറ്റ് താച്ചറിനും തെരേസ മേയ്ക്കും ശേഷം ബ്രിട്ടീഷ് പ്രധാനമന്ത്രിപദം അലങ്കരിക്കുന്ന വനിതയായി ലിസ് ട്രസ്

അതിസമ്പന്നനാണെന്നും ഭാര്യ ബ്രിട്ടനില്‍ നികുതി നല്‍കുന്നില്ലെന്നുമൊക്കെയുള്ള എതിരാളികളുടെ പ്രചാരണം ഋഷി സുനകിൻ്റെ തോല്‍വിക്ക് കാരണമായി.

ബ്രിട്ടൻ്റെ പുതിയ പ്രധാനമന്ത്രിയായി ലിസ് ട്രസ് വിജയിച്ചു. ബോറിസ് ജോണ്‍സണ്‍ മന്ത്രിസഭയില്‍ വിദേശകാര്യമന്ത്രിയായിരുന്നു ലിസ് ട്രസ്. ഇന്ത്യന്‍ വംശജനായ ഋഷി സുനാകിനെ പരാജയപ്പെടുത്തിയാണ് ലിസ് ട്രസ് പ്രധാനമന്ത്രിപദത്തിലെത്തിയത്.

മാര്‍ഗരറ്റ് താച്ചറിനും തെരേസ മേയ്ക്കും ശേഷം ബ്രിട്ടീഷ് പ്രധാനമന്ത്രിപദം അലങ്കരിക്കുന്ന വനിതയാണ് ലിസ് ട്രസ്. പാര്‍ട്ടി ഗേറ്റ് വിവാദത്തെ തുടര്‍ന്ന് സ്ഥാനമൊഴിയേണ്ടി വന്ന ബോറിസ് ജോണ്‍സണ് പിന്‍ഗാമിയായി എത്തുന്ന ലിസ് ട്രസ് തന്നെയാണ് കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയെയും നയിക്കുക. ഒന്നര ലക്ഷത്തോളം കണ്‍സര്‍വേറ്റീവ് അംഗങ്ങള്‍ തങ്ങളുടെ സമ്മതിദാനാവകാശം വിനിയോഗിച്ചപ്പോള്‍ 81326 വോട്ടുകള്‍ ലിസ് ട്രസ് നേടി.

ഋഷി സുനാകിന് 60399 വോട്ടുകള്‍ മാത്രമേ കരസ്ഥമാക്കാന്‍ കഴിഞ്ഞുള്ളൂ. അഞ്ച് റൗണ്ടുകളിലായാണ് പ്രധാനമന്ത്രിയെ തിരഞ്ഞെടുക്കുന്നതിന് വോട്ടെടുപ്പ് നടന്നത്. ഇതില്‍ ആദ്യ നാല് റൗണ്ടുകളിലും മറ്റ് സ്ഥാനാര്‍ഥികളെ ബഹുദൂരം പിന്നിലാക്കി ഋഷി സുനാക് മുന്നേറി. ആദ്യ നാല് റൗണ്ടുകളിലും ഋഷി സുനാകിന് വെല്ലുവിളി ഉയര്‍ത്തിയത് പെന്നി മോര്‍ഡന്റ് ആയിരുന്നു.

എന്നാല്‍ അഞ്ചാം റൗണ്ടില്‍ പെന്നി മോര്‍ഡന്റിനെയും ഋഷി സുനാകിനെയും പിന്നിലാക്കി ലിസ് ട്രസ് വിജയിക്കുകയായിരുന്നു. വോട്ടെടുപ്പിൻ്റെ രണ്ടാം ഘട്ടം മുതല്‍ തന്നെ ലിസ് ട്രസ് അഭിപ്രായ സര്‍വേകളില്‍ മേല്‍ക്കൈ നേടിയിരുന്നു. ഋഷി സുനാക് ഇന്ത്യന്‍ വംശജനാണെന്ന എതിരാളികളുടെ നിശബ്ദ പ്രചാരണം തിരിച്ചടിയായി.

മാത്രമല്ല അതിസമ്പന്നനാണെന്നും ഭാര്യ ബ്രിട്ടനില്‍ നികുതി നല്‍കുന്നില്ലെന്നുമൊക്കെയുള്ള എതിരാളികളുടെ പ്രചാരണം ഋഷി സുനകിൻ്റെ തോല്‍വിക്ക് കാരണമായി. നിലവില്‍ കാവല്‍ പ്രധാനമന്ത്രിയായി തുടരുന്ന ബോറിസ് ജോണ്‍സണ്‍ നാളെ സ്ഥാനമൊഴിയും. തുടര്‍ന്ന് പ്രധാനമന്ത്രിയാകാനുള്ള അവകാശവാദവുമായി ലിസ് ട്രസ് എലിസബത്ത് രാജ്ഞിയെ സന്ദര്‍ശിക്കും.

ആചാരപരമായ ചടങ്ങുകള്‍ക്ക് ശേഷം ചൊവ്വാഴ്ച വൈകിട്ടോ ബുധനാഴ്ചയോ ആകും പുതിയ പ്രധാനമന്ത്രി അധികാരമേല്‍ക്കുക. സ്‌കോട്ട്‌ലന്‍ഡിലെ വേനല്‍ക്കാല വസതിയായ ബാല്‍മോറിലാണ് നിലവില്‍ എലിസബത്ത് രാജ്ഞിയുള്ളത്. ഇവിടെയെത്തിയാകും പുതിയ പ്രധാനമന്ത്രി രാജ്ഞിയെ കാണുക. ബോറിസിന്റെ രാജിയും വിടവാങ്ങല്‍ സന്ദര്‍ശനവും ഇവിടെത്തന്നെയാകും നടക്കുക.

0Shares

Leave a Reply

Your email address will not be published. Required fields are marked *