Categories
national news

മഹാരാഷ്ട്രയില്‍ മണ്ണിടിച്ചിലില്‍ മരിച്ചവരുടെ എണ്ണം 26 ആയി; 122 പേരെ കാണാതായി, തിരച്ചില്‍ നാലാം ദിവസവും തുടരുന്നു

മുംബൈ, താനെ, റായ്‌ഗഡ്, രത്‌നഗിരി എന്നിവിടങ്ങളില്‍ ഓറഞ്ച് അലര്‍ട്ട്

മഹാരാഷ്ട്ര: റായ്‌ഗഡ് ജില്ലയില്‍ ഉണ്ടായ ഉരുള്‍ പൊട്ടലില്‍ മരിച്ചവരുടെ എണ്ണം 26 ആയി. മൂന്ന് സ്ത്രീകള്‍ അടക്കം നാല് പേരുടെ മൃതദേഹമാണ് കഴിഞ്ഞ ദിവസം കണ്ടെത്തിയത്. മരണസംഖ്യ ഇനിയും ഉയരുമെന്നാണ് സൂചന.

മലയോരത്ത് താമസിച്ചിരുന്ന ഒരു ആദിവാസി ഗ്രാമമാണ് ദുരന്തത്തിനിരയായത്. ബുധനാഴ്‌ച രാത്രി പത്തരയ്ക്ക് ശേഷമാണ് ഉരുള്‍പൊട്ടല്‍ റിപ്പോര്‍ട്ട് ചെയ്‌തത്. രാത്രിയിലെ കനത്ത മഴ മലയോര പ്രദേശത്തെ രക്ഷാപ്രവര്‍ത്തനങ്ങള്‍ ദുസഹമാക്കി.

നൂറിലധികം പേരെയാണ് കാണാതായിരിക്കുന്നത്. ഇവര്‍ക്കായി തിരച്ചില്‍ നാലാം ദിവസവും തുടരുകയാണ്. 69 പേരെയാണ് ഇതുവരെ സുരക്ഷാ സേന രക്ഷപ്പെടുത്തിയത്. ഇവരില്‍ പരിക്കേറ്റവരെ അടുത്തുള്ള ആശുപത്രികളില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

അതെസമയം മുംബൈയിലും പ്രാന്ത പ്രദേശങ്ങളിലും 4ദിവസമായി തുടരുന്ന മഴയ്ക്ക് കഴിഞ്ഞ ദിവസം കുറച്ച്‌ ശമനമുണ്ടായിരുന്നു. എന്നാല്‍ വരും ദിവസങ്ങളില്‍ മഴ കൂടുതല്‍ ശക്തി പ്രാപിക്കുമെന്നാണ് കാലാവസ്ഥ വകുപ്പ് പ്രവചിച്ചിരിക്കുന്നത്. ഇതോടെ നഗരം പ്രളയ ഭീഷണിയിലാണ്.

മുംബൈ, താനെ, റായ്‌ഗഡ്, രത്‌നഗിരി എന്നിവിടങ്ങളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കൂടാതെ പാല്‍ഘര്‍ ജില്ല അടക്കം പല മേഖലകളും റെഡ് അലര്‍ട്ടിലാണ്.

0Shares

Leave a Reply

Your email address will not be published. Required fields are marked *