Categories
health Kerala news obitury

ഓക്‌സിജൻ കിട്ടാതെ മരണം; ബന്ധുക്കളുടെ ആരോപണം തള്ളി ആശുപത്രി, ആംബുലന്‍സില്‍ ഓക്‌സിജൻ ഉണ്ടായിരുന്നു, ആരോഗ്യമന്ത്രി റിപ്പോര്‍ട്ട് തേടി

പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി

തിരുവല്ല / പത്തനംതിട്ട: ഓക്‌സിജൻ കിട്ടാതെ രോഗി മരിച്ചെന്ന ബന്ധുക്കളുടെ പരാതി നിഷേധിച്ച് തിരുവല്ല താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ.ബിജു ബി.നെൽസൺ. 38 ശതമാനം ഓക്‌സിജൻ നിലയിലാണ് രോഗിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ബന്ധുക്കളുടെ അഭ്യർത്ഥന മാനിച്ച് വണ്ടാനം മെഡിക്കൽ കോളേജിലേക്ക് റഫർ ചെയ്തു. ബി ടൈപ്പ് ഫുൾ സിലിണ്ടർ ഓക്‌സിജൻ സൗകര്യം നൽകിയാണ് മെഡിക്കൽ കോളേജിലേക്ക് അയച്ചത്. ഗുരുതരാവസ്ഥയിലായിരുന്ന രോഗി മെഡിക്കൽ കോളേജിൽ എത്തി 20 മിനിറ്റിന് ശേഷമാണ് മരിച്ചതെന്നും സൂപ്രണ്ട് പറഞ്ഞു.

എന്നാൽ ആംബുലൻസിൽ വച്ചാണ് രോഗി മരിച്ചതെന്നാണ് ബന്ധുക്കളുടെ പരാതി. തിരുവല്ല ആശുപത്രിയിൽ നിന്ന് വണ്ടാനം മെഡിക്കൽ കോളേജിലേക്ക് കൊണ്ടു പോകുന്നതിനിടെ ഓക്‌സിജൻ കിട്ടാതെയാണ് രോഗി മരിച്ചതെന്ന് ബന്ധുക്കൾ ആരോപിച്ചു. മെഡിക്കൽ കോളേജിലേക്ക് പോകുന്നതിനിടെ സിലിണ്ടർ തീർന്നതായും ബന്ധുക്കൾ പറഞ്ഞു. തിരുവല്ല വെസ്റ്റ് വെൺപാല 22ൽ രാജൻ ആണ് മരിച്ചത്.

താലൂക്ക് ആശുപത്രിയിലെ കാഷ്വാലിറ്റിയില്‍ വച്ച് ഘടിപ്പിച്ച ഓക്‌സിജൻ സിലിണ്ടര്‍ ഇടയ്ക്കുവച്ച് മാറ്റി ആംബുലന്‍സ് ഡ്രൈവര്‍ മറ്റൊരു സിലിണ്ടര്‍ ഘടിപ്പിച്ചെന്ന് രാജൻ്റെ മകന്‍ ഗിരീഷ് പറഞ്ഞു. മൂന്നു കിലോമീറ്റർ കഴിഞ്ഞപ്പോൾ രോഗിയുടെ ശ്വാസതടസ്സം വർദ്ധിച്ചു. സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കാൻ ആവശ്യപ്പെട്ടിട്ടും ഡ്രൈവർ അനുവദിച്ചില്ലെന്നും ഗിരീഷ് ആരോപിച്ചു.

സംഭവത്തിൽ പത്തനംതിട്ട ഡി.എം.ഒയോട് റിപ്പോർട്ട് തേടി ആരോഗ്യമന്ത്രി വീണാ ജോർജ്. സംഭവത്തിൽ പുളിക്കീഴ് പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. മരിച്ച രാജന്‍റെ ബന്ധുക്കളുടെ മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. കോട്ടയം മെഡിക്കൽ കോളേജിൽ പോസ്റ്റ്മോർട്ടം നടത്തിയ ശേഷം തുടർ നടപടികൾ സ്വീകരിച്ചതായി പൊലീസ് അറിയിച്ചു. തിരുവല്ല താലൂക്ക് ആശുപത്രിയിൽ നിന്ന് ആലപ്പുഴ മെഡിക്കൽ കോളേജിലേക്ക് കൊണ്ടു പോകുന്നതിനിടെ ഞായറാഴ്‌ചയാണ് രാജൻ മരിച്ചത്.

0Shares

Leave a Reply

Your email address will not be published. Required fields are marked *