Categories
national news trending

ഫിൻജാൽ ചുഴലിക്കാറ്റിനെ തുടർന്നുള്ള മഴക്കെടുതി; 9 മരണം റിപ്പോർട്ട് ചെയ്തു; രക്ഷാപ്രവർത്തനം തുടരുന്നു; ജാഗ്രതയിൽ കേരളവും

ചെന്നൈ: ഫിൻജാൽ ചുഴലിക്കാറ്റിനെ തുടർന്നുള്ള മഴക്കെടുതിയിൽ ഇതുവരെ 9 മരണം റിപ്പോർട്ട് ചെയ്തു. തമിഴ്നാട്ടിലും പുതുച്ചേരിയിലുമായാണ് മരണം റിപ്പോർട്ട് ചെയ്തിട്ടുള്ളത്. അതേസമയം പുതുച്ചേരിയിലും തമിഴ്നാട്ടിലെ വിഴുപ്പുറത്തും വെള്ളപ്പൊക്കത്തിൽ ജനജീവിതം സ്തംഭിച്ചിരിക്കുകയാണ്. പുതുച്ചേരിയിൽ സൈന്യത്തിൻ്റെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനം തുടരുകയാണ്. ഫിൻജാൽ ശക്തി ക്ഷയിച്ച് അടുത്ത 12 മണിക്കൂറിൽ ന്യൂനമർദ്ദമായി മാറുമെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചിട്ടുണ്ട്. ഫിൻജാൽ കരതൊട്ട പുതുച്ചേരിയാണ് പ്രളയത്തിൽ മുങ്ങിയത്. ഇവിടെ റെക്കോർഡ് മഴയാണ് പെയ്തത്. 24 മണിക്കൂറിൽ 50 സെൻറിമീറ്ററും കടന്ന മഴ പ്രളയമായി മാറുകയായിരുന്നു. ഇതോടെ പ്രധാന ബസ് ഡിപ്പോഅടക്കം വെള്ളത്തിനടിയിലായി. നൂറുകണക്കിന് വീടുകളിൽ വെള്ളം കയറിയിട്ടുണ്ട്. നിരവധി വാഹനങ്ങൾ ഒഴികിപ്പോയിട്ടുണ്ട്. സബ്സ്റ്റേഷനുകളിലും വെള്ളം കയറിയതോടെ വൈദ്യുതി ബന്ധവും താറുമാറായി. പുതുച്ചേരിയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഇപ്പോൾ ദുരിതാശ്വാസ ക്യാംപുകളായി പ്രവർത്തിക്കുകയാണ്.

50 വർഷത്തിനിടയിലെ ഏറ്റവും വലിയ വെള്ളപ്പൊക്കം നേരിടുന്ന തമിഴ്‍നാട്ടിലെ വിഴുപ്പുറത്തും സ്ഥിതി ആശങ്കാജനകമാണ്. ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിൻ്റെ നേരിട്ടുള്ള മേൽനോട്ടത്തിലാണ് ഇവിടെ രക്ഷാപ്രവർത്തനം തുടരുന്നത്. കടലൂർ, കള്ളക്കുറിച്ചി ജില്ലകളിൽ ഏക്കറുകണക്കിന് കൃഷി നശിച്ചു. മറ്റു ഇടങ്ങളിലെ സ്ഥിതിവിവരം ശേഖരിച്ചുവരികയാണ്. രാവിലെ മുതൽ മഴക്ക് ശമനമുണ്ട്. ഇത് സ്ഥിതി സാധാരണനിയിലെത്താൻ സഹായകരമാകും. ചെന്നൈയിലെ താഴ്ന്ന പ്രദേശങ്ങൾ വെള്ളക്കെട്ടിലാണ്. എന്നാൽ മിക്കയിടത്തും വെള്ളം ഇറങ്ങിതുടങ്ങിയിട്ടുണ്ട്. അടച്ചിട്ട ചെന്നൈ വിമാനത്താവളം സാധാരണ നിലയിലേക്ക് തിരിച്ചെത്തി. നാളെ വൈകീട്ട് വരെ ചെന്നൈയിലും തെക്കൻ ആന്ധ്രയിലും മഴ തുടരുമെന്നാണ് കാലാവസ്ഥാ പ്രവചനം. കേരളത്തിലും മഴക്ക് സാധ്യതയുണ്ട്. ജാഗ്രത തുടരുകയാണ്.

0Shares

Leave a Reply

Your email address will not be published. Required fields are marked *

The Latest