Categories
channelrb special Kerala news

അനന്തപുരം തടാക ക്ഷേത്രത്തില്‍ വീണ്ടും മുതലയെത്തി; മുമ്പ് ബബിയ മുതല കഴിഞ്ഞിരുന്ന കുളത്തിലെ മടയ്ക്കുള്ളില്‍ തന്നെയാണ് പുതിയ മുതലയും

മുതലയെ കാണാൻ വിശ്വാസികള്‍ അടക്കമുള്ളവര്‍ ക്ഷേത്രത്തിലേക്ക് എത്തുന്നുണ്ട്

കാസര്‍കോട്: അനന്തപുരം അനന്തപത്‌മനാഭ സ്വാമി തടാക ക്ഷേത്രത്തില്‍ വീണ്ടും മുതല പ്രത്യക്ഷപ്പെട്ടു.
കഴിഞ്ഞ ദിവസമാണ് അധികൃതര്‍ ക്ഷേത്രത്തില്‍ വീണ്ടും മുതലയുള്ളതായി സ്ഥിരീകരിച്ചത്. ക്ഷേത്രകുളത്തില്‍ മുതലയെ കാണാൻ ഇപ്പോൾ ഭക്‌തരുടെയും സന്ദര്‍ശകരുടെയും വൻ തിരക്കാണ്. എങ്ങിനെയാണ് പുതിയൊരു മുതല കുളത്തില്‍ കാണാൻ ഇടയായതെന്നുള്ള കാര്യങ്ങൾ അജ്ഞാതമാണ്.

ഒന്നര വര്‍ഷം മുമ്പാണ് ഇവിടെ കുളത്തില്‍ ജീവിച്ചിരുന്ന ബബിയ എന്ന മുതല മരിച്ചത്. കഴിഞ്ഞ ദിവസം ക്ഷേത്രക്കുളത്തില്‍ മുതലയെ കണ്ടെന്ന വാര്‍ത്തയും വീഡിയോയും സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിച്ചിരുന്നു.

മുമ്പ് ബബിയ മുതല കഴിഞ്ഞിരുന്ന കുളത്തിലെ അതേ മടയ്ക്കുള്ളില്‍ തന്നെയാണ് പുതിയ മുതലയെയും കണ്ടത്തിയിട്ടുള്ളത്. മടയ്ക്കുള്ളില്‍ നിന്നും പുറത്തു വന്ന മുതലയെ കാണാൻ വിശ്വാസികള്‍ അടക്കമുള്ളവര്‍ ക്ഷേത്രത്തിലേക്ക് എത്തുന്നുണ്ട്.

ബബിയ പോയതോടെ ക്ഷേത്രത്തിലെത്തുന്ന ആളുകളുടെ എണ്ണം വളരെ കുറഞ്ഞിരുന്നു. ആരാണ് വീണ്ടും മുതലയെ എത്തിച്ചതെന്നത് ക്ഷേത്ര ഭാരവാഹികളും വ്യക്തമാക്കിയിട്ടില്ല. മുതല ക്ഷേത്രം എന്നും അനന്തപുരം ക്ഷേത്രത്തിന് പേരുണ്ട്.

അനന്തപുരം ക്ഷേത്രത്തിലെ ബബിയ

മുതല വസിക്കുന്ന ക്ഷേത്രക്കുളം എന്ന നിലയിലാണ് അനന്തപുരം ക്ഷേത്രം വിശ്വാസികള്‍ക്കിടയില്‍ അറിയപ്പെടുന്നത്. ആരെയും ഉപദ്രവിക്കാതെ, ക്ഷേത്രക്കുളത്തില്‍ വസിച്ചിരുന്ന ബബിയ എന്ന മുതല ക്ഷേത്ര പൂജായി നൽകുന്ന നിവേദ്യമാണ് ഭക്ഷണമായി കഴിച്ചിരുന്നതെന്നാണ് പറയപ്പെടുന്നത്. വളരെ ശാന്തമായി പെരുമാറിയിരുന്ന മുതലയെ കാണാൻ വിശ്വാസികള്‍ സ്ഥിരമായി എത്തിയിരുന്നു.

ക്ഷേത്രത്തിലെത്തുന്ന വിശ്വാസികൾ മുതലയ്ക്കായി നിവേദ്യം വഴിപാടായി നടത്തുന്ന പതിവും ഉണ്ടായിരുന്നു. ഉദ്ദിഷ്ട കാര്യം സാധിക്കാനായിരുന്നു ഇത്. ബബിയ എങ്ങനെ ക്ഷേത്രത്തിലെത്തി എന്ന കാര്യത്തില്‍ ആര്‍ക്കും വലിയ വ്യക്തതയില്ലെങ്കിലും ബബിയയുമായി ബന്ധപ്പെട്ട പല കഥകളും പ്രചാരത്തിലുണ്ട്.

സ്വാതന്ത്ര്യം ലഭിക്കുന്നതിന് മുമ്പ് ബ്രിട്ടീഷുകാര്‍ ഇവിടെ ഉണ്ടായിരുന്നുവത്രെ. ഒരിക്കല്‍ ക്ഷേത്രക്കുളത്തിലെ ബബിയയുടെ കഥകള്‍ കേട്ട അവര്‍ നേരില്‍ കാണാനായി ഇവിടെ വരികയും മുതല കുളത്തില്‍ ജലനിരപ്പിന് മുകളിലേക്ക് വന്നപ്പോള്‍ അതിനെ വെടിവച്ചു കൊല്ലുകയും ചെയ്‌തുവത്രെ. എന്നാല്‍ ഈ സംഭവം കഴിഞ്ഞ് ദിവസങ്ങള്‍ക്ക് ശേഷം മറ്റൊരു മുതല വെള്ളത്തില്‍ പ്രത്യക്ഷപ്പെട്ടുവെന്നും ആളുകള്‍ അതിനെ ബബിയ എന്നു തന്നെ വിളിച്ചെന്നുമാണ് പറയപ്പെടുന്നത്.

കേരളത്തിലെ ഏക തടാക ക്ഷേത്രം

അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമായ നിര്‍മ്മിതിയാണ് കാസര്‍കോട് അനന്തപുരം തടാക ക്ഷേത്രം. കേരളത്തിലെ ഏക തടാക ക്ഷേത്രമാണിത്. സരോവര ക്ഷേത്രം എന്നും വിളിക്കപ്പെടുന്ന ഈ ക്ഷേത്രം ഒരു കുളത്തിന് നടുവിലായാണ് സ്ഥിതി ചെയ്യുന്നത്. മഴയായാലും വെയിലാണെങ്കിലും എല്ലാ സമയത്തും ഒരേ നിരപ്പില്‍ ആണ് ഇവിടെ ജലമുള്ളത്. എത്ര വലിയ മഴയോ വെയിലോ വന്നാലും ഈ ജലനിരപ്പില്‍ ഒരു മാറ്റവും സംഭവിക്കാറില്ല.

ഒരുപാട് വിശ്വാസങ്ങളും ഈ ക്ഷേത്രത്തിനുണ്ട്. തിരവനന്തപുരം പത്മനാഭ സ്വാമി ക്ഷേത്രത്തിന്‍റെ മൂലസ്ഥാനം ആണ് കാസര്‍കോട് അനന്തപുരം തടാക ക്ഷേത്രം എന്നാണ് വിശ്വാസം. പത്മനാഭസ്വാമി ക്ഷേത്രം നിര്‍മ്മിക്കുന്നതിന് മുമ്പ് പത്മനാഭവൻ ഇവിടെയാണ് വസിച്ചിരുന്നതെന്നും ഭഗവാന‍് ഇരിക്കുന്ന രൂപത്തിലാണ് പ്രതിഷ്ഠിച്ചിരിക്കുന്നതെന്നും പറയപ്പെടുന്നു. ഇവിടുന്ന് ശ്രീ പത്‌മനാഭ സ്വാമി ക്ഷേത്രം വരെ നീളുമുള്ള ഗുഹയുടെ കവാടം ഉണ്ടെന്നും വിശ്വസിക്കുന്നു.

തടാകക്ഷേത്രത്തില്‍ എത്തിച്ചേരാൻ

കാസര്‍കോട് നിന്നും 16 കിലോമീറ്റര്‍ ദൂരമുണ്ട് തടാക ക്ഷേത്രത്തിലേക്ക്. കാസര്‍കോട് നിന്നും സീതാംഗോളി റൂട്ടിൽ മായിപ്പാടി ശിവാജി നഗറില്‍ നിന്നും ഇടത്തേക്ക് രണ്ട് കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ അനന്തപുരം ക്ഷേത്രത്തിൽ എത്താം.

0Shares

Leave a Reply

Your email address will not be published. Required fields are marked *

The Latest