Categories
news

ഇത് മതേതര രാജ്യമായ ഇന്ത്യ; പാര്‍ലമെന്റ് കെട്ടിടം പണിയുമ്പോള്‍ എന്തിനാണ് ഹൈന്ദവ പൂജ?; തറക്കല്ലിടല്‍ ചടങ്ങിനെതിരെ സോഷ്യൽ മീഡിയയിൽ വിമര്‍ശനം ഉയരുന്നു

റഫാല്‍ വിമാനത്തില്‍ മുളക് തൂക്കുകയും നാരങ്ങ കയറ്റി ഇറക്കുകയും ചെയ്യുന്ന പോലത്തെ അശാസ്ത്രീയമായ കാര്യങ്ങള്‍ എന്തിനാണ് ചെയ്യുന്നത്?

സുപ്രീം കോടതിയിലേക്ക് വരെ നീണ്ട വിവാദങ്ങള്‍ തുടരുന്നതിനിടെ ആയിരുന്നു രാജ്യത്തെ പുതിയ പാര്‍ലമെന്റ് മന്ദിരത്തിന് പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് തറക്കല്ലിട്ടത്. ഇതിന്‍റെ ഭാഗമായി ഹൈന്ദവ ചടങ്ങായ ഭൂമി പൂജ നടത്തിയതും വിമര്‍ശനങ്ങള്‍ക്ക് വഴിവെച്ചിരിക്കുകയാണ്. മതേതര രാജ്യമായ ഇന്ത്യയില്‍ പാര്‍ലമെന്റ് കെട്ടിടം പണിയുമ്പോള്‍ എന്തിനാണ് ഹൈന്ദവ പൂജയെന്നാണ് പ്രധാനമായും ഉയരുന്ന വിമര്‍ശനം.

https://www.facebook.com/jineshps/posts/10157763221018977

ഒരു സെക്കുലര്‍ രാജ്യത്തില്‍ ഒരു സര്‍ക്കാര്‍ വക കെട്ടിടം പണിയുമ്പോള്‍ എന്തിനാണ് പൂജ നടത്തുന്നതെന്നാണ് ഡോ.ജിനേഷ് പി.എസ് ഫെയ്‌സ്ബുക്കില്‍ കുറിച്ചത്.

ഒരു മതേതര രാജ്യത്തെ പാര്‍ലമെന്റ് മന്ദിരം പണിയുമ്പോള്‍ ഒരു മതത്തിന്‍റെ വകയായ ആചാരം നടക്കുന്നത് എന്തിനാണെന്നും അദ്ദേഹം ചോദിക്കുന്നു. ‘ഇന്ത്യന്‍ ഭരണഘടന വിഭാവനം ചെയ്യുന്നത് ഇന്ത്യ ഒരു മതേതര രാഷ്ട്രമാണ് എന്ന് തന്നെയാണ്, ഇപ്പോഴും അങ്ങനെ തന്നെ. റഫാല്‍ വിമാനത്തില്‍ മുളക് തൂക്കുകയും നാരങ്ങ കയറ്റി ഇറക്കുകയും ചെയ്യുന്ന പോലത്തെ അശാസ്ത്രീയമായ കാര്യങ്ങള്‍ എന്തിനാണ് ചെയ്യുന്നത്???

പാലാരിവട്ടം പാലം പൊളിച്ചപ്പോള്‍ പൂജ നടത്തിയതിനെ ട്രോളിയവരെയൊന്നും ഇപ്പോള്‍ കാണാനുമില്ലല്ലോ! എന്തിനാണ് ഇതുപോലൊരു അവസ്ഥയില്‍ പുതിയൊരു പാര്‍ലമെന്റ് മന്ദിരം പണിയുന്നത് എന്നും മനസ്സിലാവുന്നില്ല’, ജിനേഷ് പി.എസ് കുറിച്ചു. അഭിഭാഷകയായ രശ്മിത രാമചന്ദ്രനും നടപടിയെ വിമര്‍ശിച്ച് രംഗത്തെത്തിയിട്ടുണ്ട്.

‘ഇന്ത്യ മതനിരപേക്ഷ രാഷ്ട്രമാണ്. പൗരനും ഭരണകൂടവും തമ്മിലുള്ള ഒരിടപാടിലും മതം കടന്നു വരാന്‍ പാടില്ല. അങ്ങനെയെങ്കില്‍ പുതിയ പാര്‍ലമെന്റ് മന്ദിരത്തിന്‍റെ ഉദ്ഘാടനച്ചടങ്ങില്‍ എങ്ങനെ ഹൈന്ദവ പൂജ നടത്തി? പാലാരിവട്ടം പാലം പൊളിക്കുന്ന ചടങ്ങിനു എങ്ങനെ ഹൈന്ദവ രീതിയില്‍ത്തന്നെ പൂജ നടന്നു? സുപ്രീം കോടതിയുടെ രജിസ്ട്രിയിലെ വിവിധ സെക്ഷനുകളില്‍ എങ്ങനെ ഹൈന്ദവ ദേവതാ ചിത്രങ്ങള്‍ വന്നു?’, ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ രശ്മിത ചോദിക്കുന്നു.

https://www.facebook.com/resmitha.ramachandran.7/posts/455859945402563

പുതിയ പാര്‍ലമെന്റ് മന്ദിരത്തിന് തറക്കല്ലിടുന്നതിന്, ഹൈന്ദവാചാരപ്രകാരമുള്ള ചടങ്ങുകള്‍ എന്തിനാണെന്നാണ് മാധ്യമപ്രവര്‍ത്തകനായ മനു സെബാസ്റ്റ്യന്‍ സമൂഹമാധ്യമങ്ങളിലൂടെ ചോദിക്കുന്നത്. പാര്‍ലമെന്റിനെ ജനാധിപത്യത്തിന്‍റെ ക്ഷേത്രമെന്നും വിളിക്കാറുണ്ടെങ്കിലും അതൊരു ആലങ്കാരീകമായ ഉപയോഗമാണെന്നാണ് തനിക്ക് തോന്നുന്നതെന്നും അദ്ദേഹം കുറിച്ചു.

പ്രതിപക്ഷത്തിന്‍റെയും സാമൂഹിക സാംസ്‌കാരിക രംഗത്തുള്ളവരുടെയും എതിര്‍പ്പുകള്‍ വകവെക്കാതെയാണ് കേന്ദ്രസര്‍ക്കാര്‍ പുതിയ പാര്‍ലമെന്റ് മന്ദിരത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ട് പോകുന്നത്. നിലവിലെ പാര്‍ലമെന്റ് മന്ദിരത്തിന് സമീപം തന്നെയാണ് ത്രികോണാകൃതിയില്‍ പുതിയ മന്ദിരവും പണിയുന്നത്.

0Shares

Leave a Reply

Your email address will not be published. Required fields are marked *