Categories
news

കെ റെയിൽ പദ്ധതി പൂര്‍ണമായും സര്‍ക്കാര്‍ ഉപേക്ഷിക്കുന്ന ദിവസം അധികം വൈകാതെ കേരളം കാണും; തൃക്കാക്കരയിൽ സി.പി.എം പരാജയപ്പെടും: വി. മുരളീധരന്‍

കെ റെയില്‍ പദ്ധതിക്ക് കേന്ദ്രസര്‍ക്കാരിൻ്റെ അനുമതി കിട്ടില്ലെന്ന് ഉറപ്പായതോടെയുള്ള തന്ത്രപരമായ പ്രഖ്യാപനമാണ് ഇപ്പോഴുണ്ടായതെന്നും മുരളീധരന്‍

സില്‍വര്‍ ലൈന്‍പദ്ധതി പൂര്‍ണമായും സര്‍ക്കാര്‍ ഉപേക്ഷിക്കുന്ന ദിവസം അധികം വൈകാതെ കേരളം കാണുമെന്ന് കേന്ദ്രമന്ത്രി വി. മുരളീധരന്‍. കേന്ദ്രസര്‍ക്കാരിൻ്റെ അനുമതിയില്ലാതെ ഇത് നടത്താനാവില്ല. കേരളത്തിലുടനീളം ജനങ്ങളെ വലിച്ചിഴച്ച് സംഘര്‍ഷമുണ്ടാക്കിയാണ് ഈ പദ്ധതിക്കായി സര്‍ക്കാര്‍ കല്ലിടാന്‍ ശ്രമിച്ചത്.

സര്‍വെ നിര്‍ത്തിവച്ചൂ എന്ന് പറഞ്ഞു ഉത്തരവിറക്കി അങ്ങ് സ്ഥലം വിട്ടാല്‍ പോരാ, ഈ സമരത്തില്‍ പങ്കെടുത്തവര്‍ക്കെതിരെ എടുത്ത കേസ് പിന്‍വലിക്കണമെന്നും അതിക്രമത്തിന് ഇരയായവര്‍ക്ക് സര്‍ക്കാര്‍ നഷ്ടപരിഹാരം നല്‍കണമെന്നും മുരളീധരന്‍ തിരുവനന്തപുരത്ത് മാധ്യമങ്ങളോട് പറഞ്ഞു.

ഈ സമരത്തില്‍ പങ്കാളികളായിട്ടുള്ള എല്ലാവരെയും അഭിനന്ദിക്കുന്നു. തോല്‍വി സമ്മതിച്ചുകൊണ്ടുള്ള സര്‍ക്കാരിന്റെ ഈ കീഴടങ്ങല്‍ കൊണ്ട് പ്രശ്നപരിഹാരമാകുന്നില്ല. സാധാരണക്കാരായവര്‍ക്കെതിരെ എടുത്തിട്ടുള്ള കേസുകള്‍ പിന്‍വലിക്കണം. പരിക്കേറ്റവര്‍ക്ക് നഷ്ടപരിഹാരം നല്‍കണം. കെ റെയില്‍ പദ്ധതിക്ക് കേന്ദ്രസര്‍ക്കാരിൻ്റെ അനുമതി കിട്ടില്ലെന്ന് ഉറപ്പായതോടെയുള്ള തന്ത്രപരമായ പ്രഖ്യാപനമാണ് ഇപ്പോഴുണ്ടായതെന്നും മുരളീധരന്‍ പറഞ്ഞു.

കെ റെയില്‍ മുഴുവന്‍ ഉപേക്ഷിച്ചാല്‍ തൃക്കാക്കരയില്‍ പ്രചരണത്തിന് വിഷയങ്ങളില്ല. വികസനവാദികളും വികസനവിരുദ്ധരുമാണെന്ന് വ്യാഖ്യാനിച്ചാണ് സി.പി.എം ഈ തെരഞ്ഞടുപ്പിനെ നേരിടുന്നത്. തെരഞ്ഞെടുപ്പിലെ സുപ്രധാനവിഷയത്തില്‍ നിന്ന് പിന്‍വാങ്ങുന്നത് തന്നെ സി.പി.എമ്മിനുള്ള തിരിച്ചടിയാണ്. ഈ ഉപതെരഞ്ഞെടുപ്പില്‍ സി.പി.എം പരാജയപ്പെടുമെന്നും മുരളീധരന്‍ പറഞ്ഞു.

0Shares

Leave a Reply

Your email address will not be published. Required fields are marked *

The Latest