Trending News
തിരുവനന്തപുരം: ഉത്തർപ്രദേശിൽ അധ്യാപിക അടിപ്പിച്ച ഏഴുവയസുകാരനായ വിദ്യാർത്ഥിയേയും കുടുംബത്തേയും ജോൺ ബ്രിട്ടാസ് എം.പിയും പൊളിറ്റ് ബ്യുറോ അംഗം സുഭാഷിണി അലിയും അടങ്ങുന്ന സി.പി.എം പ്രതിനിധിസംഘം സന്ദർശിച്ചു.
Also Read
ഇരുവരും മുസഫർ നഗറിലെ കുബ്ബാപുർ ഗ്രാമത്തിൽ എത്തി കുട്ടിയേയും പിതാവ് ഇർഷാദിനെയും കുടുബാംഗങ്ങളെയും കണ്ടു. ആദ്യമായാണ് ഒരു രാഷ്ട്രീയ പാർട്ടി പ്രതിനിധി സംഘം ഈ കുടുംബത്തെ സന്ദർശിക്കുന്നത്.
മർദനത്തിന് ഇരയായ കുട്ടിയുടെയും ദാരിദ്ര്യം കാരണം പഠിത്തം നിർത്തിയ ജേഷ്ഠൻ്റെയും തുടർ പഠനത്തിനുള്ള സഹായം നൽകാമെന്ന നിർദേശം കുടുംബം സ്വീകരിച്ചു. കുടുംബത്തോടൊപ്പം കേരളം ഉണ്ടെന്ന മുഖ്യമന്ത്രി പിണറായി വിജയൻ്റെയും തുടർ പഠനത്തിന് സംസ്ഥാനം തയ്യാറാണെന്ന വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടിയുടെയും സന്ദേശം കുടുംബത്തെ അറിയിച്ചു.
കേരളത്തിലെ സമുദായ മൈത്രിയും സാഹോദര്യവും ഉത്തർപ്രദേശിലും ഉണ്ടാകണമെന്ന പ്രാർത്ഥനയാണ് തങ്ങൾക്കുള്ളതെന്ന് കുട്ടിയുടെ കുടുംബം പറഞ്ഞു.
സ്‌കൂളിലെ സംഭവത്തിന് ശേഷം കുട്ടിയുടെ സംസാരം വല്ലാതെ കുറഞ്ഞുവെന്ന് പിതാവ് സംഘത്തോട് പറഞ്ഞു. അധ്യാപികയായ തൃപ്‌തി ത്യാഗിയെ ഭാര്യയോടൊപ്പം രണ്ടുവട്ടം കണ്ടിരുന്നെങ്കിലും താൻ ചെയ്‌തത് ശരിയാണെന്ന വാദത്തിൽ ഉറച്ചുനിൽക്കുകയായിരുന്നു. അതുകൊണ്ടാണ് മകനെ മറ്റൊരു സ്‌കൂളിൽ ചേർക്കാൻ തീരുമാനിച്ചത്.
ഒരാഴ്‌ച കഴിഞ്ഞ് അഡ്‌മിഷൻ നൽകാമെന്നാണ് പുതിയ സ്‌കൂൾ അധികൃതർ അറിയിച്ചിട്ടുണ്ട്. കുട്ടിക്ക് ഓണസമ്മാനം കൂടി നൽകിയാണ് ബ്രിട്ടാസും സുഭാഷിണി അലിയും മടങ്ങിയത്.
Sorry, there was a YouTube error.