Categories
Kerala news

പയ്യന്നൂരില്‍ അനുനയ നീക്കവുമായി സി.പി.എം; ഫണ്ട് കൈകാര്യം ചെയ്യുന്നതില്‍ ജാഗ്രതകുറവ് ഉണ്ടായെന്നും വിശദീകരണം

അന്വേഷണത്തെ തുടര്‍ന്ന് കഴിഞ്ഞ ദിവസം ടി.ഐ മധുസൂധനന്‍ എം.എല്‍.എയെ ജില്ലാ സെക്രട്ടറിയേറ്റില്‍ നിന്നും ജില്ലാ കമ്മറ്റിയിലേക്ക് തരംതാഴ്ത്തി

പയ്യന്നൂർ / കണ്ണൂർ: പയ്യന്നൂരില്‍ പാര്‍ട്ടിക്കുള്ളില്‍ ഭിന്നത രൂക്ഷമായ സാഹചര്യത്തില്‍ അനുനയ നീക്കവുമായി സി.പി.എം. കഴിഞ്ഞ ദിവസം ചുമതലയില്‍ നിന്നും പുറത്താക്കപ്പെട്ട ഏരിയ സെക്രട്ടറി വി.കുഞ്ഞികൃഷ്ണനുമായി നേതൃത്വം ചര്‍ച്ച നടത്തും. പാര്‍ട്ടി ഫണ്ട് തിരിമറി പുറത്ത് കൊണ്ടുവരുന്നതിന് വേണ്ടി പരാതി നല്‍കിയത് കുഞ്ഞിക്കൃഷ്ണനായിരുന്നു.

പാര്‍ട്ടി തനിക്കെതിരെ നടപടിയെടുത്തതിനെ തുടര്‍ന്ന് പൊതുപ്രവര്‍ത്തനം അവസാനിപ്പിക്കുകയാണെന്ന് കുഞ്ഞിക്കൃഷ്ണന്‍ അറിയിച്ചിരുന്നു. ഇതേതുടര്‍ന്നാണ് നേതൃത്വം ചര്‍ച്ച നടത്തുന്നത്. പയ്യന്നൂര്‍ സി.പി.എമ്മിലെ ഒരു വിഭാഗം പാര്‍ട്ടിയുടെ നടപടിക്ക് എതിരെ രംഗത്തെത്തിയിരുന്നു. പരാതിയുമായി പോകാന്‍ താല്‍പര്യമില്ലെന്നാണ് കുഞ്ഞിക്കൃഷ്ണൻ്റെ നിലപാട്. നടപടിക്ക് പിന്നാലെ ബാങ്ക് ഡയറക്ടര്‍ ബോര്‍ഡ് അംഗത്വവും കുഞ്ഞിക്കൃഷ്ണന്‍ രാജിവെച്ചു.

2021ലെ നിയമസഭ തിരഞ്ഞെടുപ്പ് ഫണ്ട്, ഏരിയ കമ്മറ്റി ഓഫീസ് കെട്ടിട നിര്‍മ്മാണ ഫണ്ട്, ധനരാജ് രക്തസാക്ഷി സഹായ ഫണ്ട് എന്നിവയിലെ പണം തിരിമറി നടത്തിയെന്നാണ് നേതാക്കള്‍ക്കെതിരെ ഉയര്‍ന്ന ആരോപണം. ടി.ഐ മധുസൂദനന്‍ എം.എല്‍.എ അടക്കമുള്ളവര്‍ ഒരു കോടിയിലധികം രൂപയുടെ തിരിമറി നടത്തിയെന്നായിരുന്നു കുഞ്ഞിക്കൃഷ്ണൻ്റെ പരാതി. രേഖകള്‍ സഹിതം നല്‍കിയ പരാതിയില്‍ ആദ്യം നടപടി എടുക്കാന്‍ ജില്ലാ നേതൃത്വം മടിച്ചു.

പിന്നാലെ കുഞ്ഞികൃഷ്ണന്‍ സംസ്ഥാന നേതൃത്വത്തെ സമീപിക്കുകയും പാര്‍ട്ടി അന്വേഷണം പ്രഖ്യാപിക്കുകയുമായിരുന്നു. അന്വേഷണത്തെ തുടര്‍ന്ന് കഴിഞ്ഞ ദിവസം ടി.ഐ മധുസൂധനന്‍ എം.എല്‍.എയെ ജില്ലാ സെക്രട്ടറിയേറ്റില്‍ നിന്നും ജില്ലാ കമ്മറ്റിയിലേക്ക് തരംതാഴ്ത്തി. സ്ഥാനാര്‍ത്ഥിയെന്ന നിലയിലും പാര്‍ട്ടിയുടെ മുതിര്‍ന്ന അംഗം എന്ന നിലയിലും ഫണ്ട് കൈകാര്യം ചെയ്യുന്നതില്‍ ജാഗ്രത പുലര്‍ത്തിയില്ലെന്ന കാരണത്തിലാണ് മധുസൂദനന്‍ എം.എല്‍.എക്കെതിരെ നടപടിയെടുത്തത്.

എം.എല്‍.എക്കൊപ്പം രണ്ട് ഏരിയ കമ്മറ്റി അംഗങ്ങള്‍ക്കെതിരെയും അച്ചടക്ക നടപടിയെടുത്തിരുന്നു. കെ.കെ ഗംഗാധരന്‍, ടി.വിശ്വനാഥന്‍ എന്നിവരെയാണ് കീഴ്ക്കമ്മറ്റിയിലേക്ക് തരംതാഴ്ത്തിയത്. പരാതി ഉന്നയിച്ച ഏരിയ സെക്രട്ടറി വി.കുഞ്ഞികൃഷ്ണനെ ചുമതലയില്‍ നിന്നും മാറ്റി പകരം സംസ്ഥാന കമ്മറ്റി അംഗം ടി.വി രാജേഷിന് ചുമതല നല്‍കുകയും ചെയ്തു.

0Shares

Leave a Reply

Your email address will not be published. Required fields are marked *