Categories
national news

മാതാവിനെ ബലാത്സംഗം ചെയ്ത മകന് മരണം വരെ തടവ് ശിക്ഷ വിധിച്ച് കോടതി

ഹരിയാനയിലെ പട്ടൗഡി സ്വദേശിയായ സ്ത്രീയെ 2020 നവംബര്‍ 16നാണ് വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.

സ്വന്തം അമ്മയെ ബലാത്സംഗം ചെയ്ത മകന് മരണം വരെ തടവ് ശിക്ഷ വിധിച്ച് കോടതി. ഗുരുഗ്രാമില്‍ മയക്കുമരുന്നിന് അടിപ്പെട്ട മകന്‍ ബലാത്സംഗം ചെയ്തതിന് പിന്നാലെ ‘അമ്മ ജീവനൊടുക്കിയിരുന്നു.
2020 നവംബറിലായിരുന്നു കേസിനാസ്പദമായ സംഭവം. ബലാത്സംഗം ചെയ്ത കേസിലും ആത്മഹത്യയ്ക്ക് പ്രേരിപ്പിച്ചതിലും ആണ് ഇയാൾ കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയത്.

ജീവപര്യന്തം കഠിനതടവും 20,000 രൂപ പിഴയുമാണ് ശിക്ഷ വിധിച്ചത്. ജീവപര്യന്തം തടവ് മരണം വരെ തടവാണെന്നും കോടതി വ്യക്തമാക്കി. ഗുരുഗ്രാം അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി ജഡ്ജി രാഹുല്‍ ബിഷ്‌ണോയിയാണ് കേസിൽ വിധി പറഞ്ഞത്. അമ്മയ്ക്ക് സംരക്ഷണം ഒരുക്കേണ്ടയാളാണ് മകനെന്നും എന്നാല്‍ അയാള്‍ അമ്മയെ ദ്രോഹിക്കുന്നയാളായി മാറിയെന്നും വിധിപ്രസ്താവത്തില്‍ കോടതി പറഞ്ഞു.

അമ്മയോട് മൃഗീയമായി പെരുമാറിയ പ്രതി കൊടുംക്രൂരതയാണ് ചെയ്തതെന്നും അതിനാല്‍ ജീവനൊടുക്കുകയല്ലാതെ മറ്റൊരു വഴിയും അമ്മയ്ക്ക് മുന്നിലുണ്ടായില്ലെന്നും കോടതി വ്യക്തമാക്കി. കേസിൻ്റെ വിചാരണയില്‍ 18 സാക്ഷികളെയാണ് കോടതി വിസ്തരിച്ചത്. ഹരിയാനയിലെ പട്ടൗഡി സ്വദേശിയായ സ്ത്രീയെ 2020 നവംബര്‍ 16നാണ് വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.

സംഭവത്തില്‍ ഭര്‍ത്താവ് പരാതി നല്‍കിയതോടെ പൊലീസ് കേസെടുത്ത് വിശദമായ അന്വേഷണം നടത്തുകയായിരുന്നു. ആത്മഹത്യയ്ക്ക് പിന്നില്‍ ശക്തമായ എന്തോ കാരണമുണ്ടെന്നും മയക്കുമരുന്നിന് അടിമയായ മൂത്തമകന്‍ അമ്മയെയും കുടുംബാംഗങ്ങളെയും നിരന്തരം ഉപദ്രവിച്ചിരുന്നതായും പോലീസിന് നല്‍കിയ പരാതിയില്‍ പറഞ്ഞിരുന്നു.

ഇതിനു പിന്നാലെയാണ് സ്ത്രീ ബലാത്സംഗത്തിനിരയായെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമായത്. തുടര്‍ന്ന് പോലീസ് അന്വേഷണം നടത്തുകയും 2020 നവംബര്‍ 21-ാം തീയതി പ്രതിയായ മകനെ കസ്റ്റഡിയിലെടുക്കുകയുമായിരുന്നു.

0Shares

Leave a Reply

Your email address will not be published. Required fields are marked *