Categories
health news

24 മണിക്കൂറിനിടെ 35 മരണം; രാജ്യത്ത് കൊറോണ ബാധിതരുടെ എണ്ണം 9000 കടന്നു; രോഗം ബാധിച്ച ആരോഗ്യപ്രവർത്തകരിൽ മലയാളികളും; കൂടുതൽ വിവരം

ന്യൂഡല്‍ഹി: 24 മണിക്കൂറിനിടെ 35 പേര്‍ മരിച്ചു. ഇതോടെ രാജ്യത്ത് കോവിഡ് മരണം 308 ആയി ഉയര്‍ന്നു. ഇന്ത്യയില്‍ കോവിഡ് ബാധിതരുടെ എണ്ണം 9000 കടന്നു. ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 9152 ആയതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. രാജ്യത്ത് ഇതുവരെ 856 പേര്‍ രോഗമുക്തി നേടിയതായും മന്ത്രാലയം അറിയിച്ചു.

ലോക്ക്ഡൗണിന് മുമ്പ് 600 ഓളം പേര്‍ക്കാണ് രോഗബാധ ഉണ്ടായിരുന്നത്. എന്നാല്‍ മൂന്നാഴ്ച പിന്നിടുമ്പോൾ രോഗികളുടെ എണ്ണം വർധനവുണ്ടായി. രാജ്യത്ത് പത്തിലധികം കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത ജില്ലകളുടെ എണ്ണം 86 ല്‍ നിന്ന് 126 ആയി ഉയര്‍ന്നു. പത്തോളം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത ജില്ലകളുടെ എണ്ണം 199 ല്‍ നിന്ന് 228 ആയി വര്‍ധിച്ചു. അതേസമയം കഴിഞ്ഞദിവസങ്ങളേക്കാള്‍ രോ​ഗബാധിതരുടെ എണ്ണത്തില്‍ കുറവ് ഉണ്ടാകുന്നതായി ആരോ​ഗ്യമന്ത്രാലയം സൂചിപ്പിച്ചു.

മഹാരാഷ്ട്രയില്‍ ഇന്നലെ 134 പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. ഇതോടെ ഇവിടുത്തെ രോഗികളുടെ എണ്ണം 1895 ആയി. ഡല്‍ഹിയിലെ കോവിഡ് ബാധിതരുടെ എണ്ണം 1154 ആയി. തമിഴ്‌നാട്ടില്‍ 1014 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇന്നലെ 96 പേര്‍ക്ക് കൂടി വൈറസ് ബാധ സ്ഥിരീകരിച്ചതോടെ രാജസ്ഥാനില്‍ കോവിഡ് ബാധിതരുടെ എണ്ണം 796 ആയി.

മധ്യപ്രദേശില്‍ 562, ഗുജറാത്തില്‍ 516, തെലങ്കാനയില്‍ 503 എന്നിങ്ങനെയാണ് വിവിധ സംസ്ഥാനങ്ങളിലെ കോവിഡ് ബാധിതരുടെ എണ്ണം. പശ്ചിമ ബംഗാളില്‍ ഇന്നലെ കോവിഡ് ബാധിച്ച രണ്ട് പേര്‍ മരിച്ചു. ഇതോടെ മരണം ഏഴായി. ഇന്ന് അഞ്ച് പേര്‍ കൂടി മരണത്തിന് കീഴടങ്ങിയതോടെ ഡല്‍ഹിയിലെ കോവിഡ് മരണസംഖ്യ 24 ആയി. ആയിരത്തിലേറെ കൊറോണ ബാധിതരുള്ള ഡല്‍ഹിയില്‍ രോഗം ഭേദമാകുന്നവരുടെ എണ്ണം വളരെ കുറവാണ് എന്നത് ആശങ്ക ജനിപ്പിക്കുന്നു. ഇവിടെ ഇതുവരെ 24 പേര്‍ക്ക് മാത്രമാണ് രോഗം ഭേദമായത്. ആരോഗ്യ പ്രവർത്തകർക്കും രോഗം പടരുന്നതിനാൽ അതീവ ഗജാഗ്രതയിലാണ് രാജ്യം. മഹാരാഷ്ട്രയിലെ പൂനയിൽ കോവിഡ് ബാധിച്ച ആരോഗ്യപ്രവർത്തകരിൽ ഒരു മലയാളി നേഴ്സുകൂടി ഉള്ളതായി വിവരം പുറത്തുവന്നിട്ടുണ്ട്. ഇവിടെ കൂടുതൽ മലയാളികൾ ഉണ്ടെന്നാണ് വിവരം.

0Shares

Leave a Reply

Your email address will not be published. Required fields are marked *