Categories
news

സഭ്യതയുടെ എല്ലാ സീമകളും ലംഘിച്ച് നടത്തുന്ന മാധ്യമ പ്രവർത്തനം; റിപ്പോർട്ടർ ടി.വിക്കെതിരെ ഒരു കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് കോൺഗ്രസ്

വൃത്തികെട്ട മാധ്യമ പ്രവർത്തനം തുടരാനാണ് തീരുമാനമെങ്കിൽ, എം.വി.ആറിൻ്റെ മകനോടുള്ള സൗമനസ്യവും പരിഗണനയും കോൺഗ്രസ് വേണ്ടെന്ന് വെയ്ക്കും

വ്യാജ വാർത്ത ആരോപണമുന്നയിച്ച് റിപ്പോർട്ടർ ടി.വിക്കെതിരെ ഒരു കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് കോൺഗ്രസ്. അപകീർത്തികരമായ വാർത്തയുടെ പേരിൽ ചാനലിൻ്റെ സംപ്രേക്ഷണം അവസാനിപ്പിക്കാൻ ഇൻഫർമേഷൻ ആൻഡ് ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയത്തിന് പരാതി നൽകിയതായി കെ.പി.സി.സി അധ്യക്ഷൻ കെ. സുധാകരൻ പറഞ്ഞു.

സഭ്യതയുടെ എല്ലാ സീമകളും ലംഘിച്ച് നടത്തുന്ന മാധ്യമ പ്രവർത്തനം തന്നെ മാത്രമല്ല, നാടിനെ മുഴുവനും ബാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. ‘പല തവണ പാർട്ടിപ്രവർത്തകരും സ്നേഹിതന്മാരും നിർബന്ധിച്ചിട്ടും റിപ്പോർട്ടർ ചാനലിനെതിരെ ഇതുവരെയും നിയമ നടപടികൾക്ക് മുതിരാതിരുന്നത് എം.വി. രാഘവൻ എന്ന ഉറ്റ സുഹൃത്തായ രാഷ്ട്രീയ നേതാവിനെ ഓർത്തിട്ടാണ്. സ്വന്തം ജീവനോളം വിശ്വാസമായിരുന്നു ഞങ്ങളിരുവരും തമ്മിൽ.

കാല് കുത്തിക്കില്ലെന്ന് പിണറായി വിജയനടക്കമുള്ളവർ വീമ്പടിച്ചു പ്രസംഗിച്ച കണ്ണൂരിൻ്റെ മണ്ണിൽ, പതിറ്റാണ്ടുകളോളം ഒരു പോറൽ പോലുമേൽക്കാതെ എം.വി.ആറിനെ കാത്തത് കണ്ണൂരിലെ കോൺഗ്രസ് പാർട്ടിയാണ്. യാതൊരു അടിസ്ഥാനവുമില്ലാതെ എന്നെയും മറ്റു കോൺഗ്രസ് നേതാക്കളെയും വ്യക്തിഹത്യ ചെയ്യുന്നത് പലകുറി കണ്ടിട്ടും കാണാത്തത് പോലെ മുന്നോട്ട് പോയത് ഞങ്ങൾക്ക് പ്രിയപ്പെട്ട എം. വി.ആറിൻ്റെ മകനോടുള്ള സ്നേഹം കൊണ്ടുതന്നെയാണ്,’ സുധാകരൻ വ്യക്തമാക്കി.

രാഷ്ട്രീയ പ്രവർത്തനം നടത്തുന്നവർ ഒരുപാട് ത്യാഗം സഹിച്ചാണ് ജീവിതം മുന്നോട്ട് കൊണ്ടുപോകുന്നത്. സ്വന്തം കുടുംബത്തെ മറന്നും സമൂഹത്തെ സേവിക്കാൻ തുനിഞ്ഞിറങ്ങിയവരണ് പൊതുപ്രവർത്തകർ. ഈ രാജ്യം തന്നെ കെട്ടിപ്പടുത്ത പാർട്ടിയെയും ജീവിതം തന്നെ രാഷ്ട്ര സേവനത്തിനായി ഉഴിഞ്ഞുവച്ച നേതാക്കളെയും എന്തിനെന്നില്ലാതെ അപമാനിക്കുന്നത് ഇനിയും കൈയ്യും കെട്ടി നോക്കി നിൽക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു.

‘കോൺഗ്രസിൻ്റെ നേതാക്കൾക്കെതിരെ എന്തും പറയാം എന്നൊരു ധാരണ ഉണ്ടെങ്കിൽ അതങ്ങോട്ട് മാറ്റി വച്ചേക്കണം. അസത്യവും അവാസ്തവവും പ്രചരിപ്പിക്കുന്നത് മുഖമുദ്ര ആക്കിയൊരു ദൃശ്യ മാധ്യമത്തെ എങ്ങനെ നേരിടണം എന്ന് കോൺഗ്രസിന് അറിയാഞ്ഞിട്ടല്ല. ഇനിയും ഈ രീതിയിലുള്ള വൃത്തികെട്ട മാധ്യമ പ്രവർത്തനം തുടരാനാണ് തീരുമാനമെങ്കിൽ, എം.വി.ആറിൻ്റെ മകനോടുള്ള സൗമനസ്യവും പരിഗണനയും കോൺഗ്രസ് വേണ്ടെന്ന് വെയ്ക്കും,’ അദ്ദേഹം കൂട്ടിച്ചേർത്തു.

0Shares

Leave a Reply

Your email address will not be published. Required fields are marked *

The Latest