Categories
local news

സുനാമിയെ നേരിടാം, സുനാമി റെഡി പദ്ധതിക്ക് തുടക്കമായി; കളക്ടര്‍ ഭണ്ഡാരി സ്വാഗത് രണ്‍വീര്‍ചന്ദ് ഉദ്ഘാടനം ചെയ്തു

തദ്ദേശ ജനവിഭാഗങ്ങള്‍, ജനപ്രതിനിധികള്‍, ദുരന്ത നിവാരണ ഏജന്‍സികള്‍, വിവിധ വകുപ്പുകള്‍ എന്നിവ സംയുക്തമായാണ് പരിപാടി നടത്തുന്നത്.

കാസർകോട്: സുനാമി എന്ന ദുരന്തസാധ്യതയെ നേരിടുന്നതിനായി തീരദേശ സമൂഹത്തെ ശക്തിപ്പെടുത്തുന്നതിനുള്ള സുനാമി റെഡി പദ്ധതിക്ക് തുടക്കമായി. ദുരന്തങ്ങളെ നേരിടുന്നതിന് തീരദേശ സമൂഹത്തെ ശക്തിപ്പെടുത്തുന്നതിനായി ഐക്യരാഷ്ട്രംഘടനയുടെ ഭാഗമായ യുനെസ്‌കോ വിഭാവനം ചെയ്ത പദ്ധതിയാണ് സുനാമി റെഡി.

പാരിസ്ഥിതികവും ഭൂമിശാസ്ത്രപരവുമായ സവിശേഷതകള്‍ കണക്കിലെടുത്താണ് വലിയപറമ്പ ഗ്രാമപഞ്ചായത്തിനെയാണ് പദ്ധതിക്കായി തിരഞ്ഞെടുത്തത്. സംസ്ഥാനത്ത് ആറ് തീരദേശ ജില്ലകളിലെ ആറ് പഞ്ചായത്തുകളിലാണ് പദ്ധതി നടപ്പാക്കുന്നത്.

തദ്ദേശ ജനവിഭാഗങ്ങള്‍, ജനപ്രതിനിധികള്‍, ദുരന്ത നിവാരണ ഏജന്‍സികള്‍, വിവിധ വകുപ്പുകള്‍ എന്നിവ സംയുക്തമായാണ് പരിപാടി നടത്തുന്നത്. സുനാമി ദുരന്ത ലഘൂകരണ പദ്ധതികള്‍, ഭൂപടങ്ങള്‍, അവബോധന ക്ലാസുകള്‍, മോക്ക് ഡ്രില്ലുകള്‍ തുടങ്ങി വിവിധങ്ങളായ സൂചകങ്ങള്‍ മുന്‍നിര്‍ത്തി ഒരു തീരദേശ ഗ്രാമത്തിന് സുനാമി റെഡി എന്ന് സാക്ഷ്യപത്രം നല്‍കുന്ന അന്താരാഷ്ട്ര പദ്ധതിയാണിത്. യുനെസ്‌കോയുടെ നിയന്ത്രണത്തിലുള്ള ഇന്റര്‍ ഗവണ്‍മെന്റല്‍ ഓഷ്യനോഗ്രാഫിക് കമ്മീഷന്‍ ആണ് അംഗീകാരം നല്‍കുന്നത്.

അടുത്ത വര്‍ഷം ഡിസംബറോടെ യുനെസ്‌കോ സംഘം പരിശോധന നടത്തിയാണ് അന്തിമ പ്രഖ്യാപനം നടത്തുക. ഇന്ത്യന്‍ മഹാസമുദ്ര തീര രാജ്യങ്ങളില്‍ ഒഡിഷയിലെ രണ്ട് ഗ്രാമങ്ങള്‍ മാത്രമാണ് ഇതുവരെ ഈ അംഗീകാരം നേടിയിട്ടുള്ളത്. വലിയപറമ്പ ബീച്ചില്‍ നടന്ന പരിപാടി ജില്ലാ കളക്ടര്‍ ഭണ്ഡാരി സ്വാഗത് രണ്‍വീര്‍ചന്ദ് ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.വി.സജീവന്‍ അധ്യക്ഷനായി.

എ.ഡി.എം എ.കെ.രമേന്ദ്രന്‍, പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.ശ്യാമള, സ്ഥിരം സമിതി അധ്യക്ഷന്‍മാരായ കെ. അനില്‍കുമാര്‍, ഇ.കെ.മല്ലിക, ഖാദര്‍ പാണ്ട്യാല, കെ.മനോഹരന്‍, സെക്രട്ടറി എം.പി.വിനോദ്കുമാര്‍ എന്നിവര്‍ സംസാരിച്ചു. പ്രേം ജി പ്രകാശ് സ്വാഗതവും എന്‍.മണിരാജ് നന്ദിയും പറഞ്ഞു. ഡോ. ആല്‍ഫ്രഡ് ജോണി, പ്രേംജി പ്രകാശ് എന്നിവര്‍ സുനാമി അവബോധ ക്ലാസുകള്‍ എടുത്തു.

0Shares

Leave a Reply

Your email address will not be published. Required fields are marked *