Categories
national news

മണിപ്പൂരിൽ സുരക്ഷാ സേനയും നാട്ടുകാരും തമ്മില്‍ ഏറ്റുമുട്ടി; അക്രമികള്‍ പൊലീസ് കമാന്‍ഡോകളുടെ വേഷത്തില്‍ എത്താം, മുന്നറിയിപ്പുമായി കേന്ദ്ര ഇന്‍റലിജന്‍സ്

ചുരചന്ദ്പൂര്‍, ഇംഫാല്‍ ഈസ്റ്റ്, ഇംഫാല്‍ വെസ്റ്റ് എന്നിവിടങ്ങളില്‍ കനത്ത ജാഗ്രത

കലാപം തുടരുന്ന മണിപ്പൂരില്‍ കേന്ദ്ര ഇൻ്റെലിജൻസിൻ്റെ മുന്നറിയിപ്പ്. സുരക്ഷ സേനകളുടെ യൂണിഫോം ധരിച്ച്‌ അക്രമികള്‍ വെടിവെയ്പ്പ് നടത്തിയേക്കാം എന്നാണ് ഇൻ്റലിജൻസ് മുന്നറിയിപ്പ് നല്‍കുന്നത്. പൊലീസിൻ്റെ ആയുധശേഖരം കൊള്ളയടിക്കപ്പെട്ടു എന്നാണ് വിവരം. അതേസമയം, മണിപ്പൂരില്‍ വീണ്ടും സംഘര്‍ഷം തുടരുകയാണ്. ഇംഫാലില്‍ സുരക്ഷാ സേനയും നാട്ടുകാരും തമ്മില്‍ ഏറ്റുമുട്ടി. രണ്ടുപേര്‍ക്കാണ് സംഘര്‍ഷത്തില്‍ പരുക്കേറ്റത്.

ചുരചന്ദ്പൂര്‍, ഇംഫാല്‍ ഈസ്റ്റ്, ഇംഫാല്‍ വെസ്റ്റ് എന്നിവിടങ്ങളില്‍ കനത്ത ജാഗ്രതയാണ് നിലനില്‍ക്കുന്നത്. മണിപ്പുര്‍ മന്ത്രി തൊങ്ഗം ബിശ്വജിത്തിൻ്റെ വീടും അതുപോലെതന്നെ ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ്റെ വീട് ആക്രമിക്കാനും ഇതിനോടകം തന്നെ നീക്കമുണ്ടായിരുന്നു.

ചുരാചന്ദ്പുരിലും ബിഷ്‌ണുപുരിലും വെടിവയ്പ്പും സ്ഫോടനവുമാണ്ടായി. സംഘര്‍ഷ മേഖലകളില്‍ സൈന്യവും ദ്രുതകര്‍മ സേനയും അര്‍ദ്ധരാത്രിയും ഫ്ലാഗ് മാര്‍ച്ച്‌ നടത്തി.

മെയ്തെയ് വിഭാഗത്തിൻ്റെ പട്ടിക വര്‍ഗ പദവിയുമായി ബന്ധപ്പെട്ട തര്‍ക്കമാണ് മണിപ്പൂരില്‍ കലാപത്തില്‍ കലാശിച്ചത്. ഗോത്ര വിഭാഗങ്ങളും ഗ്രോത വിഭാഗങ്ങളല്ലാത്തവരും തമ്മിലുള്ള സംഘര്‍ഷമാണ് മണിപ്പൂരില്‍ നടക്കുന്നത്. ജനസംഖ്യയുടെ 64 ശതമാനമത്തോളം വരുന്ന ഗ്രോത്രതര വിഭാഗമാണ് മെയ്തെയ്. ഇവര്‍ ഭൂരിഭാഗവും ഹിന്ദു സമുദായത്തില്‍ പെട്ടതാണ്. 35 ശതമാനത്തോളം വരുന്ന നാഗ, കുക്കി വിഭാഗത്തിലുള്ള ഗോത്ര വിഭാഗക്കാര്‍ ഭൂരിഭാഗവും ക്രിസ്ത്യൻ സമുദായത്തില്‍ പെട്ടവരാണ്.

തങ്ങളുടെ സാമൂഹിക പിന്നോക്കവസ്ഥ പരിഗണിച്ച്‌ പട്ടിക വര്‍ഗ്ഗ പദവി വേണമെന്ന് മെയ്തെയ് വിഭാഗക്കാര്‍ ദീര്‍ഘനാളായി ഉയര്‍ത്തുന്ന വിഷയമാണ്. 1949ല്‍ മണിപ്പൂര്‍ ഇന്ത്യയോട് ചേരുന്നത് വരെ തങ്ങളെ ഗോത്രമായാണ് പരിഗണിച്ചിരുന്നതെന്നും എന്നാല്‍ അതിന് ശേഷം പദവി നഷ്ടമായെന്നും മെയ്തെയ് വാദിക്കുന്നു. എന്നാല്‍ ഇതിനെ നാഗ, കുക്കി വിഭാഗങ്ങള്‍ എതിര്‍ക്കുകയാണ്. മെയ്തെയ് വിഭാഗത്തിന് 60 അംഗ നിയമസഭയിലെ 40 സീറ്റുകളില്‍ പ്രാതിനിധ്യം ഉണ്ടെന്ന് ഇവര്‍ ചൂണ്ടിക്കാട്ടുന്നു. മെയ്തെയ്ക്ക് പട്ടികവര്‍ഗ പദവി ലഭിക്കുമ്പോള്‍ തങ്ങളുടെ ജോലി സാധ്യത അടക്കം കുറയുമെന്നും നാഗ കുക്കി വിഭാഗങ്ങള്‍ ആരോപിക്കുന്നു.

0Shares

Leave a Reply

Your email address will not be published. Required fields are marked *