Categories
local news

ധീരസൈനികൻ്റെ അനുഭവങ്ങള്‍ പ്രചോദനമാക്കി ശിശുഭവനിലെ കുട്ടികള്‍; പ്രയാണ്‍ 2022 മുഖാമുഖത്തില്‍ പങ്കെടുത്ത് എൻ. എസ്. ജി കമാന്‍ഡോ ശൗര്യചക്ര പി. വി മനേഷ്

സൈനികര്‍ക്ക് മതമില്ല, ജാതിയില്ല. രാജ്യത്തിന് വേണ്ടി അഹോരാത്രം പ്രയത്നിച്ച് രാജ്യസുരക്ഷ ഉറപ്പാക്കുകയാണ് ഓരോ സൈനികരും.

കാസർകോട്: ആത്മാര്‍ത്ഥമായി ആഗ്രഹിച്ചാല്‍ ഏത് ആഗ്രഹത്തെയും കൈപ്പിടിയിലൊതുക്കാമെന്ന് വിദ്യാര്‍ഥികളോട് പറയുകയായിരുന്നു എന്‍.എസ്ജി കമാന്‍ഡോ ശൗര്യചക്ര പി. വി മനേഷ്. പ്രത്യേക പരിഗണന അര്‍ഹിക്കുന്ന വിദ്യാര്‍ഥികള്‍ക്കായി വിവിധ മേഖലകളിലെ വിദഗ്ധരെ പങ്കെടുപ്പിച്ച് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസും ജില്ലാ ഭരണകൂടവും വനിതാ ശിശു വികസന വകുപ്പും സംഘടിപ്പിക്കുന്ന പ്രയാണ്‍ 2022 ൻ്റെ രണ്ടാം ഘട്ട പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

2008 നവംബര്‍ 26ന് മുംബൈയില്‍ നടന്ന ഭീകരാക്രമണത്തില്‍ തീവ്രവാദികള്‍ക്കെതിരെ പോരാടി രാജ്യത്തിൻ്റെ അഭിമാനമായ, രാജ്യം ശൗര്യ ചക്ര ബഹുമതി നല്‍കി ആദരിച്ച പി. വി മനേഷിന് കുട്ടികളോട് പങ്കുവെക്കാനുണ്ടായിരുന്നത് സൈനികരുടെ ത്യാഗത്തെ കുറിച്ചും കടമ്പകളെ കുറിച്ചുമായിരുന്നു. കോളേജ് കാലത്ത് അപ്രതീക്ഷിതമായി എത്തപ്പെട്ട സൈനികമേഖലയെ പിന്നീടങ്ങോട്ട് നെഞ്ചോട് ചേര്‍ക്കുകയായിരുന്നു.

രാജ്യസുരക്ഷയില്‍ പൊലിയുന്ന നിരവധി സൈനിക ജീവിതങ്ങള്‍ക്കും ത്യാഗങ്ങള്‍ക്കും സാക്ഷിയാവേണ്ടി വന്നു. സൈനികര്‍ക്ക് മതമില്ല, ജാതിയില്ല. രാജ്യത്തിന് വേണ്ടി അഹോരാത്രം പ്രയത്നിച്ച് രാജ്യസുരക്ഷ ഉറപ്പാക്കുകയാണ് ഓരോ സൈനികരും. സൈനികര്‍ രാഷ്ട്രത്തിൻ്റെ സ്വത്താണെന്നും അദ്ദേഹം പറഞ്ഞു. ഓരോ വിദ്യാര്‍ഥിക്കും തന്റെ ഗുരുവിന് നല്‍കാനുള്ള ഏറ്റവും വലിയ ദക്ഷിണ രാജ്യത്തെ ഏതെങ്കിലും ഉന്നതപദവിയിലെത്തുക എന്നതാണെന്നും അദ്ദേഹം പറഞ്ഞു.

ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസും ജില്ലാ ഭരണകൂടവും വനിതാ ശിശു വികസന വകുപ്പും കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ജില്ലയിലെ ശിശുഭവനുകളിലെ കുട്ടികള്‍ക്കായി സംഘടിപ്പിച്ച പ്രയാണ്‍ 2022 ജില്ലാ കളക്ടര്‍ ഭണ്ഡാരി സ്വാഗത് രണ്‍വീര്‍ ചന്ദ് ഉദ്ഘാടനം ചെയ്തു. വനിതാ ശിശു വികസന വകുപ്പ് ജില്ലാ ഓഫീസര്‍ വി. എസ് ഷിംന അധ്യക്ഷത വഹിച്ചു. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എം. മധുസൂദനന്‍ അതിഥിയെ പരിചയപ്പെടുത്തി. ജില്ലാ ശിശുസംരക്ഷണ സമിതി ഓഫീസര്‍ സി. എ ബിന്ദു സ്വാഗതവും ചില്‍ഡ്രന്‍സ് ഹോം സൂപ്രണ്ട് ഉസ്മാന്‍ നന്ദിയും പറഞ്ഞു.

0Shares

Leave a Reply

Your email address will not be published. Required fields are marked *

The Latest