Categories
news

പ്രത്യേക നിയമസഭാ സമ്മേളനം: മുഖ്യമന്ത്രിയുടെ കത്തും ഗവര്‍ണറുടെ മറുപടിയും

സഭ വിളിക്കേണ്ട അടിയന്തിര സാഹചര്യമാണ് ചോദിച്ചത്, എന്നാൽ അടിയന്തിര സാഹചര്യം വിശദീകരിക്കാൻ സംസ്ഥാന സർക്കാരിന് സാധിച്ചില്ല

സംസ്ഥാന മുഖ്യമന്ത്രി പിണറായി വിജയൻ അയച്ച കത്തിന് മറുപടിയുമായി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. പ്രത്യേക നിയമസഭ സമ്മേളനത്തിന് അനുമതി നിഷേധിച്ച ഗവർണറുടെ നടപടിയിൽ പ്രതിഷേധം രേഖപ്പെടുത്തി മുഖ്യമന്ത്രി പിണറായി വിജയൻ അയച്ച കത്തിനാണ് ഗവർണർ മറുപടി നൽകിയത്. മന്ത്രിസഭയുടെ ആവശ്യം എല്ലാ കാലത്തും അംഗീകരിച്ചിട്ടുണ്ടെന്ന് പറഞ്ഞ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, സഭ ചേരേണ്ട അടിയന്തിര സാഹചര്യം ഇപ്പോൾ ഇല്ലെന്ന നിലപാടിൽ ഉറച്ച് നിന്നു.

മുഖ്യമന്ത്രിയുടെ കത്തിലുള്ളത് തെറ്റായ വാദങ്ങൾ ആണെന്നും ഗവർണർ പറഞ്ഞു. ‘സഭ വിളിക്കേണ്ട അടിയന്തിര സാഹചര്യമാണ് ചോദിച്ചത്, എന്നാൽ അടിയന്തിര സാഹചര്യം വിശദീകരിക്കാൻ സംസ്ഥാന സർക്കാരിന് സാധിച്ചില്ല’. ഗവർണർ പറഞ്ഞു. ഭരണഘടനാവിരുദ്ധമായി ഒന്നും ചെയ്തിട്ടില്ലെന്നും ഗവർണർ കൂട്ടിച്ചേർത്തു.

കർഷക ബില്ലിനെതിരെ പ്രമേയം പാസാക്കാൻ ഇന്ന് നടത്താനിരുന്ന കേരള നിയമസഭയുടെ പ്രത്യേക സമ്മേളനത്തിന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ അനുമതി നിഷേധിച്ചതിനെത്തുടർന്നാണ് മുഖ്യമന്ത്രി പിണറായി വിജയൻ ഗവർണർക്ക് കത്തയച്ചത്.

ഗവർണറുടെ നടപടി ഭരണഘടനക്ക് നിരക്കാത്തതാണെന്ന് മുഖ്യമന്ത്രി കത്തിൽ പറഞ്ഞിരുന്നു. ഗവർണറുടെ തീരുമാനം രാഷ്ട്രീയ പ്രേരിതമാണെന്നാണ് സർക്കാർ നിലപാട്. ഗവർണ്ണറുടെ നടപടി നിർഭാഗ്യകരമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും പ്രതികരിച്ചിരുന്നു.

0Shares

Leave a Reply

Your email address will not be published. Required fields are marked *