Categories
Kerala news

ലഹരിവിരുദ്ധ ദിനം; ലഹരി ഉപയോഗം കൂടുന്നതിന് കാരണം നിയോ ലിബറല്‍ മുതലാളിത്തം, ചൂഷണ വ്യവസ്ഥ ഇല്ലാതാക്കണം: മുഖ്യമന്ത്രി

ചൂഷണ വ്യവസ്ഥയെയും അതടിച്ചേല്‍പ്പിക്കുന്ന അരക്ഷിത ബോധത്തെയും ഇല്ലാതാക്കണം

തിരുവനന്തപുരം: തീവ്രമായ മത്സരങ്ങളും കൊടിയ ചൂഷണങ്ങളും നിറഞ്ഞ നിയോലിബറല്‍ മുതലാളിത്തം സൃഷ്ടിക്കുന്ന അരാജകാവസ്ഥയാണ് ലഹരി ഉപയോഗത്തെ ശക്തിപ്പെടുത്തുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഈ ചൂഷണ വ്യവസ്ഥയെയും അതടിച്ചേല്‍പ്പിക്കുന്ന അരക്ഷിത ബോധത്തെയും ഇല്ലാതാക്കണമെന്ന് ലഹരിവിരുദ്ധദിന സന്ദേശത്തില്‍ മുഖ്യമന്ത്രി പറഞ്ഞു.

‘ലഹരി ഉപഭോഗമെന്ന സാമൂഹിക വിപത്തിനെ പ്രതിരോധിക്കാനുള്ള നടപടികളെ ശക്തിപ്പെടുത്തണമെന്ന സന്ദേശമാണ് ഈ വര്‍ഷത്തെ ലഹരിവിരുദ്ധ ദിനം മുന്നോട്ടുവെക്കുന്നത്. ലഹരി വിരുദ്ധ ദിനാചരണത്തോട് അനുബന്ധിച്ച് എക്‌സൈസ് വകുപ്പിൻ്റെയും വിമുക്തി മിഷൻ്റെയും നേതൃത്വത്തില്‍ നിരവധി ബോധവല്‍ക്കരണ പരിപാടികള്‍ സംസ്ഥാന വ്യാപകമായി സംഘടിപ്പിക്കുന്നുണ്ട്. ലഹരി ഉപഭോഗം കുറച്ചു കൊണ്ടുവരാന്‍ വിമുക്തി, നോ ടു ഡ്രഗ്‌സ് അടക്കമുള്ള വിപുലമായ പ്രചരണ പരിപാടികള്‍ എല്‍.ഡി.എഫ് സര്‍ക്കാര്‍ ഏറ്റെടുത്ത് നടത്തിയിരുന്നു,’ മുഖ്യമന്ത്രി പറഞ്ഞു.

തീവ്രമായ മത്സരങ്ങള്‍ നിറഞ്ഞതും കൊടിയ ചൂഷണങ്ങള്‍ നിറഞ്ഞതുമായ നിയോലിബറല്‍ മുതലാളിത്തം സൃഷ്ടിക്കുന്ന അരാജകാവസ്ഥയാണ് ലഹരി ഉപഭോഗത്തെ ശക്തിപ്പെടുത്തുന്നത്. ഈ ചൂഷണ വ്യവസ്ഥയെയും അതടിച്ചേല്‍പ്പിക്കുന്ന അരക്ഷിത ബോധത്തെയും ഇല്ലാതാക്കണം.

എല്ലാവര്‍ക്കും സന്തോഷത്തോടെയും സംതൃപ്തിയോടെയും ജീവിക്കാന്‍ സാധിക്കുന്ന നാളുകള്‍ യാഥാര്‍ത്ഥ്യമാവട്ടെ. ചൂഷണ രഹിതമായ ലോകം യാഥാര്‍ഥ്യമാക്കാനുള്ള വിമോചന മുന്നേറ്റങ്ങള്‍ക്ക് ദിശാബോധം പകരുന്നതാകട്ടെ ഈ ലഹരി വിരുദ്ധ ദിനമെന്ന് മുഖ്യമന്ത്രി ആശംസിച്ചു.

0Shares

Leave a Reply

Your email address will not be published. Required fields are marked *