Categories
national news sports

നീലപ്പട സൂപ്പര്‍ 8 ഭാഗ്യ പരീക്ഷണത്തിന്; ടീമില്‍ മാറ്റങ്ങള്‍ക്ക് സാധ്യത, പിച്ച്‌ അമേരിക്കയിലെ പോലെ മോശമാവില്ല എന്നാണ് സൂചന

ഇന്ത്യൻ പ്ലേയിങ് ഇലവനിൽ മാറ്റമുണ്ടാകുമെന്ന സൂചന കോച്ച്‌ രാഹുൽ ദ്രാവിഡ് നല്‍കി

ടി20 ലോകകപ്പിലെ സൂപ്പർ എട്ട് പോരാട്ടത്തില്‍ രോഹിത്ത് ശർമ്മ നയിക്കുന്ന ഇന്ത്യൻ ടീം വ്യാഴാഴ്‌ച അഫ്‌ഗാനിസ്ഥാനെ നേരിടും. (IND vs AFG T20 World Cup 2024)

രാത്രി എട്ട് മണിക്ക് ബാർബഡോസിലെ കെൻസിഗ്ടൺ ഓവലിലാണ് ഇന്ത്യ -അഫ്‌ഗാൻ പോരാട്ടം. ഗ്രൂപ്പ് ഘട്ടത്തിലെ മൂന്ന് മത്സരങ്ങൾ ജയിച്ച്‌ ഏഴ് പോയണ്ടുമായി ഗ്രൂപ്പ് ചാമ്പ്യന്മാരായാണ് ഇന്ത്യ സൂപ്പർ എട്ടിലെത്തിയത്. കാനഡക്കെതിരായ മത്സരം മഴയെ തുടർന്ന് ഉപേക്ഷിച്ചിരുന്നു.

മത്സരം തടസപ്പെടുത്താൻ മഴ എത്തിയേക്കുമെന്നുള്ള വാർത്തകളും പുറത്തു വരുന്നുണ്ട്. അക്യൂവെതർ പ്രകാരം 50 ശതമാനമാണ് മഴ പെയ്യാനുള്ള സാധ്യത. ജൂണ്‍ 24ന് സൂപ്പർ എട്ടിൽ ഓസ്ട്രേലിയക്കെതിരായ മത്സര ദിവസവും മഴ എത്തിയേക്കുമെന്ന് പ്രവചനമുണ്ട്. ആദ്യ മൂന്ന് കളികളിലും എതിരാളികളെ 100 പോലും കടക്കാൻ വിടാതെയാണ് അഫ്‌ഗാൻ മുന്നേറിയത്. അവസാന ഗ്രൂപ്പ് പോരാട്ടത്തിൽ വെസ്റ്റ് ഇഇൻഡീസിനോട് കനത്ത തോൽവി വഴങ്ങിയെങ്കിലും സൂപ്പർ എട്ടിലെത്തി.

കെൻസിംഗ്ടൺ ഓവലിലെ പിച്ച്‌ അമേരിക്കയിലെ പോലെ മോശമാവില്ലെന്നാണ് സൂചന. കാലാവസ്ഥയിലും വേദിയിലുമുള്ള മാറ്റം പിച്ചിൻ്റെ അവസ്ഥയെ ബാധിക്കും. കെൻസിംഗ്ടൺ ഓവർ ഇതുവരെ 29 ടി-20 അന്താരാഷ്ട്ര മത്സരങ്ങൾക്ക് ആതിഥേയത്വം വഹിച്ചിട്ടുണ്ട്.

ടോസ് നേടി ആദ്യം ബാറ്റിങ് തിരഞ്ഞെടുക്കുന്ന ടീമിന് പിച്ചിൻ്റെ ആനുകൂല്യം ലഭിക്കും. ഇവിടെ ടോസ് നേടി ആദ്യം ബാറ്റ് ചെയ്‌ത ടീമുകള് 18 തവണ വിജയിച്ചിട്ടുണ്ട്. രണ്ടാമത് ബാറ്റ് ചെയ്‌ത ടീം എട്ട് തവണ ജയിച്ചു. ഉയർന്ന സ്കോറുകൾ വേദിയിൽ പിറക്കില്ലെന്നാണ് പ്രവചനം.

സൂപ്പർ 8 പോരാട്ടത്തിൽ വ്യാഴാഴ്‌ച അഫ്‌ഗാനിസ്ഥാനെ നേരിടാനിറങ്ങുമ്പോൾ ഇന്ത്യൻ പ്ലേയിങ് ഇലവനിൽ മാറ്റമുണ്ടാകുമെന്ന സൂചന കോച്ച്‌ രാഹുൽ ദ്രാവിഡ് നല്‍കി. സത്യസന്ധമായി പറഞ്ഞാൽ പ്ലേയിങ് ഇലവനിൽ ഇതുവരെ അവസരം ലഭിക്കാത്ത നാലുപേരും കഴിവുറ്റ താരങ്ങളാണെന്നും ദ്രാവിഡ് പറഞ്ഞു.

“അമേരിക്കയിലെ സാഹചര്യങ്ങൾക്ക് അനുസരിച്ച്‌ ടീം കോംബിനേഷൻ തീരുമാനിച്ചപ്പോൾ അവർക്ക് അവസരം ലഭിച്ചില്ല. എന്നാൽ വിന്ഡീസിലേത് വ്യത്യസ്ത സാഹചര്യമാണ്. ഇവിടെ ഫിംഗർ സ്പിന്നർമാർക്ക് വലിയ റോള്‍ ഉണ്ടാകുമെന്നാണ് കരുതുന്നത്. അതുകൊണ്ട് തന്നെ വ്യാഴാഴ്‌ച അഫ്ഗാനെതിരെ കുൽദീപ് യാദവോ യുസ്വേന്ദ്ര ചഹലോ പ്ലേയിങ് ഇലവനില്‍ എത്താന് സാധ്യതയുണ്ട്,” ദ്രാവിഡ് പറഞ്ഞു.

ഇന്ത്യൻ ടീം: രോഹിത് ശർമ (ക്യാപ്റ്റൻ), ഹാർഥിക് പാണ്ഡ്യ, യശസ്വി ജയ്സ്വാൾ, വിരാട് കോലി, സൂര്യകുമാർ യാദവ്, റിഷഭ് പന്ത്, സഞ്ജു സാംസൺ, ശിവം ദുബെ, രവീന്ദ്ര ജഡേജ, അക്‌സർ പട്ടേൽ, കുൽദീപ് യാദവ്, യുസ്വേന്ദ്ര ചാഹല്, അർഷദീപ് സിംഗ്, ജസ്പ്രീത് ബുമ്ര, മുഹമ്മദ് സിറാജ്.

ഇന്ത്യയുടെ സൂപ്പർ 8 മത്സര ഷെഡ്യൂള്‍

അഫ്ഗാനിസ്ഥാൻ vs ഇന്ത്യ (ജൂണ്‍ 20, 8 PM), കെൻസിങ്ടണ്‍ ഓവല്‍, ബാർബഡോസ്
ബംഗ്ലാദേശ് vs ഇന്ത്യ (ജൂണ്‍ 22, 8 PM), സർ വിവിയൻ റിച്ചാർഡ്‌സ് സ്റ്റേഡിയം
ഓസ്ട്രേലിയ vs ഇന്ത്യ (ജൂണ്‍ 24, 8 PM), ബ്യൂസെജൂർ സ്റ്റേഡിയം.

0Shares

Leave a Reply

Your email address will not be published. Required fields are marked *