Categories
entertainment national news

ചന്ദ്രയാൻ-3; വിക്രം ലാൻഡർ വേർപെട്ടു, ഇന്ത്യയുടെയും റഷ്യയുടെയും ചാന്ദ്ര ദൗത്യങ്ങൾ അവസാന ഘട്ടത്തിലേക്ക്

ഓഗസ്റ്റ് 23നാണ് ലാൻഡർ ചന്ദ്രോപരിതലത്തിൽ ഇറങ്ങുക

ബെംഗളൂരു: 34 ദിവസം മുമ്പ് വിക്ഷേപിച്ച ഇന്ത്യയുടെ ചന്ദ്രയാൻ 3ൻ്റെ ലാൻഡിംഗ് മൊഡ്യൂൾ, പ്രൊപ്പൽഷൻ മൊഡ്യൂളിൽ നിന്ന് വേർപെട്ടു. ഇത് വിജയകരമായിരുന്നു എന്നും അടുത്ത ഘട്ടമായ ഡീ ബൂസ്റ്റിംഗ് വെള്ളിയാഴ്‌ച വൈകിട്ട് നാലിന് നടക്കുമെന്നും ഐ.എസ്.ആർ.ഒ അറിയിച്ചു. ഓഗസ്റ്റ് 23നാണ് ലാൻഡർ ചന്ദ്രോപരിതലത്തിൽ ഇറങ്ങുക. ചന്ദ്രോപരിതലത്തിൽ നിന്ന് 100 കി.മീറ്റർ മുകളിൽ വെച്ചാണ് ലാൻഡർ വേർപെട്ടത്.

ചന്ദ്രയാൻ -3 വിജയകരമായി ചന്ദ്രന് ചുറ്റും വൃത്താകൃതിയിലുള്ള അവസാനഘട്ട ഭ്രമണപഥം പൂർത്തിയാക്കിയതായി ഐ.എസ്.ആർ.ഒ നേരത്തെ അറിയിച്ചിരുന്നു. ഇന്ത്യയുടെ ചന്ദ്രയാൻ -3 ഉം റഷ്യയുടെ ലൂണ -25 ഉം അടുത്തയാഴ്‌ച സോഫ്റ്റ് ലാൻഡിങ്ങിനായി തയ്യാറെടുക്കുകയാണ്. ചന്ദ്രൻ്റെ അജ്ഞാത ദക്ഷിണ ധ്രുവത്തിലേക്ക് ആര് ആദ്യം എത്തുമെന്ന കടുത്ത മത്സരം തന്നെയാണ് ബഹിരാകാശത്ത് നടക്കുക.

ചന്ദ്രൻ്റെ ദക്ഷിണ ധ്രുവത്തിൽ ആദ്യമായി ഇറങ്ങാൻ ലക്ഷ്യമിട്ട് ചന്ദ്രയാൻ -3 ആണ് ആദ്യം യാത്ര പുറപ്പെട്ടത് എങ്കിലും ലൂണ-25 ഓഗസ്റ്റ് 21നോ 23നോ സോഫ്റ്റ് ലാൻഡിങ് നടത്തുമെന്നാണ് വിലയിരുത്തുന്നത്. ഇതിന് തൊട്ടുപിന്നാലെ ഓഗസ്റ്റ് 23നോ 24നോ ആയി ചന്ദ്രയാൻ 3ഉം ചാന്ദ്രോപരിതലത്തിൽ ഇറങ്ങുമെന്നും ഐ.എസ്‌.ആര്‍.ഒ വൃത്തങ്ങള്‍ അറിയിച്ചിട്ടുണ്ട്. ഇന്ത്യയുടെ ചാന്ദ്ര പര്യവേക്ഷണ പരമ്പരയിലെ മൂന്നാമത്തെ ദൗത്യമായ ചന്ദ്രയാൻ- 3 ജൂലൈ 14ന് വിക്ഷേപിച്ച് ഓഗസ്റ്റ് 5ന് വിജയകരമായി ചന്ദ്രൻ്റെ ഭ്രമണപഥത്തിൽ പ്രവേശിച്ചിരുന്നു. വിക്ഷേപിച്ച് 40 ദിവസത്തിനുള്ളിൽ തന്നെ സോഫ്റ്റ് ലാൻഡിംഗ് ശ്രമത്തിനുള്ള തയ്യാറെടുപ്പിനായി ചന്ദ്രയാൻ 3 അതിൻ്റെ ഭ്രമണപഥം സൂക്ഷ്മമായി ക്രമീകരിക്കുന്നുമുണ്ട്.

1976ലെ സോവിയറ്റ് കാലഘട്ടത്തിലെ ലൂണ-24 ദൗത്യം കഴിഞ്ഞ് ഏകദേശം അഞ്ച് പതിറ്റാണ്ടിന് ശേഷം റഷ്യ നടത്തുന്ന ആദ്യ ചാന്ദ്രദൗത്യം ആണ് ലൂണ-25. ഓഗസ്റ്റ് 10നാണ് ലൂണ 25 വിക്ഷേപിച്ചത്. അതിനാൽ ഓഗസ്റ്റ് 21ന് ഏകദേശം 11 ദിവസത്തിനുള്ളിൽ തന്നെ ഇതിന് ലാൻഡിംഗ് നടത്താൻ സാധിക്കുമെന്നാണ് പ്രതീക്ഷ.

വളരെ ഭാരം കുറഞ്ഞ രീതിയിലുള്ള രൂപകല്പനയും കാര്യക്ഷമമായ ഇന്ധന സംഭരണവുമാണ് ലൂണ 25നെ ദ്രുതഗതിയിൽ ചന്ദ്രോപരിത്തലത്തില്‍ എത്തിക്കാൻ കാരണമായി ചൂണ്ടിക്കാണിക്കുന്നത്. ”ഓരോ ദൗത്യത്തിൽ നിന്നും ലഭിക്കുന്ന അറിവ് ചന്ദ്രൻ്റെ ഭൂതകാലത്തെയും സാധ്യതകളെയും കുറിച്ചുള്ള നമ്മുടെ ധാരണയെ സമ്പന്നമാക്കും. ഞങ്ങളുടെ സംയുക്ത പരിശ്രമത്തിൻ്റെ ആകെത്തുകയായിരിക്കും ഇത്,” എന്ന് ബെംഗളൂരുവിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആസ്ട്രോ ഫിസിക്‌സിലെ ശാസ്ത്രജ്ഞൻ ക്രിസ്ഫിൻ കാർത്തിക്ക് മാധ്യമങ്ങളോട് വ്യക്തമാക്കി.

രണ്ട് ദൗത്യങ്ങളുടെയും വ്യത്യസ്ത ആഗമന സമയത്തിന് ഒരു പ്രധാന കാരണം അവയുടെ ഭാരത്തിലും ഇന്ധനക്ഷമതയിലും വരുന്ന ഏറ്റക്കുറച്ചിൽ തന്നെയാണ്. അതായത് 3,800 കിലോഗ്രാമിനേക്കാൾ ഭാരം വരുന്ന ചന്ദ്രയാൻ -3യെ അപേക്ഷിച്ച് ലൂണ-25ൻ്റെ ഭാരം 1,750 കിലോഗ്രാം മാത്രമാണ്. ഈ കുറഞ്ഞ ഭാരം കൊണ്ട് തന്നെ ലൂണ-25 ആദ്യം ചന്ദ്രൻ്റെ ദക്ഷിണ ധ്രുവത്തിലെത്താനാണ് സാധ്യതയെന്നും ശാസ്ത്രജ്ഞർ അറിയിച്ചു.

0Shares

Leave a Reply

Your email address will not be published. Required fields are marked *