Categories
Kerala local news

എന്‍ഡോസള്‍ഫാന്‍ ദുരിത മേഖലയിലെ സ്ത്രീകളുടെ പ്രശ്‌നങ്ങള്‍ പഠിച്ച് റിപ്പോര്‍ട്ട് നല്‍കും; വനിതാ കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍

കാസർകോട്: എന്‍ഡോസള്‍ഫാന്‍ മേഖലയിലെ സ്ത്രീകളുടെ പ്രശ്‌നങ്ങള്‍ പഠിച്ച് സര്‍ക്കാറിന് റിപ്പോര്‍ട്ട് നല്‍കുമെന്ന് വനിതാ കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ അഡ്വ. പി. സതീദേവി പറഞ്ഞു. എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിത മേഖലയിലെ അമ്മമാര്‍ക്ക് വേണ്ടി വനിതാ കമ്മീഷന്‍ കാസര്‍കോട് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടത്തിയ പബ്ലിക് ഹിയറിങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍. ചര്‍ച്ചയില്‍ ഉരിതിരിയുന്ന ആശയങ്ങള്‍ ക്രോഡീകരിച്ച റിപ്പോര്‍ട്ടാണ് സര്‍ക്കാരിന് നല്‍കുക. എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിത മേഖലയില്‍ സര്‍ക്കാര്‍ നടത്തിയ പദ്ധതികളുടെ നിലവിലെ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ചും ദുരിതബാധിതരായ കുട്ടികളെ സംരക്ഷിക്കുന്ന അമ്മമാരുടെ ക്ഷേമം സംബന്ധിച്ചുമുള്ള ചര്‍ച്ചയാണ് പബ്ലിക് ഹിയറിങ്ങിലൂടെ ഉദ്ദേശിക്കുന്നത്. കഴിഞ്ഞ വര്‍ഷം മുതലാണ് സംസ്ഥാന വനിതാ കമ്മീഷൻ്റെ നേതൃത്വത്തില്‍ പ്രത്യേക വിഷയങ്ങള്‍ മുന്‍നിര്‍ത്തി വിവിധ ജില്ലകളില്‍ പബ്ലിക് ഹിയറിങുകള്‍ നടത്തിവരുന്നത്. തൊഴിലിടങ്ങളിലെയും സാമൂഹ്യ ജിവിതങ്ങളിലെയും എല്ലാം വിഷയങ്ങള്‍ പ്രത്യേകം പബ്ലിക് ഹിയറിങ്ങുകളായി തെരഞ്ഞെടുത്ത് പഠിച്ച് റിപ്പോര്‍ട്ട് സര്‍ക്കാറിന് നല്‍കിയിട്ടുണ്ട്. കാഞ്ഞങ്ങാട് കഴിഞ്ഞ വര്‍ഷം ഒറ്റപ്പെട്ടുകഴിയുന്ന സ്ത്രീകളുടെ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്തിരുന്നു. എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരായ കുട്ടികളുടെ അമ്മമാര്‍ക്ക് വൈദ്യ പരിശോധനാ ക്യാമ്പുകള്‍, ആഴ്ചയില്‍ വീടുകളില്‍ വന്നുപോകുന്ന കൗണ്‍സിലര്‍മാരുടെ സേവനം, ബഡ്‌സ് സ്‌കൂള്‍ മാനേജ്‌മെന്റ് കമ്മറ്റി കാര്യക്ഷമമാക്കല്‍ തുടങ്ങി വിവിധ നിര്‍ദ്ദേശങ്ങള്‍ സര്‍ക്കാറിന് നല്‍കുന്ന റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തുമെന്നും അവര്‍ പറഞ്ഞു.

സെന്‍ട്രലൈസ്ഡ് പാലിയേറ്റീവ് കെയര്‍ ഹോസ്പിറ്റല്‍, പുനരധിവാസ കേന്ദ്രം, എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരായ കുട്ടികളുടെ രക്ഷിതാക്കളുടെ കടം എഴുതി തള്ളണം, ദുരിതബാധിതരുടെ കുടുംബത്തിലെ ഒരു അംഗത്തിന് വിദ്യാഭ്യാസ യോഗ്യത അനുസരിച്ച് സര്‍ക്കാര്‍ ജോലി നല്‍കണം, ബഡ്‌സ് സ്‌കൂളുകളില്‍ തെറാപിസ്റ്റുകളുടെ സേവനം ഉറപ്പാക്കണം, പെന്‍ഷന്‍ വിതരണം സുഗമമാക്കണം, മരുന്ന് വിതരണം മുടങ്ങരുത് തുടങ്ങി വിവിധ ആവശ്യങ്ങളാണ് ദുരിത ബാധിതമേഖലയിലെ സ്ത്രീകളുടെ പ്രതിനിധികള്‍ അറിയിച്ചത്. സര്‍ക്കാര്‍ ഭൂമി നല്‍കി സായ് ട്രസ്ററ് നിര്‍മ്മിച്ചു നല്‍കിയ വീടുകളില്‍ താമസിക്കുന്നവര്‍ക്ക് അവശ്യ സാധനങ്ങള്‍ വാങ്ങുന്നതിനായി ബഹുദൂരം സഞ്ചരിക്കേണ്ടി വരികയാണെന്നും ഈ സാഹചര്യത്തില്‍ വീടുകള്‍ സ്ഥിതി ചെയ്യുന്ന പ്രദേശത്തോട് ചേര്‍ന്ന് അവശ്യ സാധനങ്ങള്‍ ലഭിക്കുന്ന കടകള്‍ കൂടി ആവശ്യമാണെന്നും അറിയിച്ചു. പബ്ലിക് ഹിയറിങ്ങില്‍ വനിതാ കമ്മീഷന്‍ അംഗം അഡ്വ. പി. കുഞ്ഞായിഷ അധ്യക്ഷത വഹിച്ചു. എന്‍ഡോസള്‍ഫാന്‍ സെല്‍ ഡെപ്യൂട്ടി കളക്ടര്‍ പി. സുര്‍ജിത്ത്, ജില്ലാ സാമൂഹിക നീതി ഓഫീസര്‍ ആര്യ പി. രാജ് എന്നിവര്‍ സര്‍ക്കാര്‍ നല്‍കുന്ന വിവിധ പദ്ധതികള്‍ വിശദീകരിച്ചു. കേരള വനിതാ കമ്മീഷന്‍ റിസര്‍ച്ച് ഓഫീസര്‍ എ.ആര്‍ അര്‍ച്ചന ചര്‍ച്ച നയിച്ചു.

0Shares

Leave a Reply

Your email address will not be published. Required fields are marked *

The Latest