Categories
national news

ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ ശക്തമായ നടപടി എന്ന് വിശദീകരണം; 14 മൊബൈല്‍ മേസേജിംഗ് ആപ്പുകൾക്ക് കേന്ദ്രസർക്കാർ നിരോധനം

പാകിസ്ഥാനില്‍ നിന്നും തീവ്രവാദത്തെ പിന്തുണയ്ക്കുന്നവര്‍ സന്ദേശങ്ങള്‍ കൈമാറുന്നത് ഈ ആപ്പുകള്‍ വഴിയാണെന്നാണ് വിവരം.

രാജ്യത്തിൻ്റെ സുരക്ഷ കണക്കിലെടുത്ത് 2020ല്‍ ഘട്ടം ഘട്ടമായി 220 ഓളം ആപ്പുകള്‍ കേന്ദ്ര സര്‍ക്കാര്‍ നിരോധിച്ചിരുന്നു. ചൈനീസ് ആപ്പുകളായ പബ്ജി, ടിക് ടോക്, യു.സി ബ്രൗസര്‍ അടക്കമുള്ള ആപ്പുകളാണ് രണ്ട് ഘട്ടമായി കേന്ദ്ര സര്‍ക്കാര്‍ നിരോധിച്ചത്. ലഡാക്കിലെ ചൈനീസ് പ്രകോപനത്തിന് പിന്നാലെയാണ് ചൈനീസ് കമ്പനികളുടേതോ ചൈനീസ് മുതല്‍മടക്കുള്ള കമ്പനികളുടേ ആപ്പുകള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തി ഇന്ത്യ ഡിജിറ്റല്‍ സ്ട്രൈക്ക് നടത്തിയത്.

കേന്ദ്ര സര്‍ക്കാരിൻ്റെ സുരക്ഷാ മാനദണ്ഡങ്ങളും ഉപഭോക്താക്കളുടെ സ്വകാര്യതയും ഈ ആപ്പുകള്‍ ലംഘിക്കുന്നതായി അധികൃതര്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഇപ്പോഴിതാ രാജ്യത്ത് വീണ്ടും മൊബൈല്‍ ആപ്പുകള്‍ നിരോധിച്ചിരിക്കുന്നു. 14 മൊബൈല്‍ മേസേജിംഗ് ആപ്പുകളാണ് കേന്ദ്ര സര്‍ക്കാര്‍ നിരോധിച്ചിരിക്കുന്നത്. ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുന്നതിൻ്റെ ഭാഗമായിയാണ് 14 മൊബൈല്‍ മേസേജിംഗ് ആപ്പുകളെ കേന്ദ്ര സര്‍ക്കാര്‍ നിരോധിച്ചത്.

ഭീകരവാദത്തെ പിന്തുണയ്ക്കുന്നവര്‍ ഇന്ത്യയ്ക്ക് അകത്ത് നിന്നും പുറത്തുനിന്നും സന്ദേശങ്ങള്‍ കൈമാറുന്നുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് കേന്ദ്ര സര്‍ക്കാര്‍ നടപടി. പാകിസ്ഥാനില്‍ നിന്നും തീവ്രവാദത്തെ പിന്തുണയ്ക്കുന്നവര്‍ സന്ദേശങ്ങള്‍ കൈമാറുന്നത് ഈ ആപ്പുകള്‍ വഴിയാണെന്നാണ് വിവരം.

ക്രിപ് വൈസര്‍, എനിഗ്മ, സേഫ് വിസ്, വിക്രം, മീഡിയഫയര്‍, ബ്രയാര്‍, ബിചാറ്റ്, നാന്‍ഡ്ബോക്സ്, കോണ്‍യോണ്‍, ഐഎംഒ, എലമെന്റ്, സെക്കന്‍ഡ് ലൈന്‍, സാംഗി, ത്രീമ എന്നീ ആപ്പുകളാണ് നിരോധിച്ചിരിക്കുന്നത്. സുരക്ഷ ഇന്റലിജന്‍സ് ഏജന്‍സികളുടെ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് ആപ്പുകള്‍ നിരോധിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറായത്.

ദേശീയ സുരക്ഷയ്ക്ക് ഭീഷണിയായതും ഇന്ത്യന്‍ നിയമങ്ങള്‍ പാലിക്കാത്തതുമായ ആപ്പുകളുടെ പട്ടിക തയ്യാറാക്കിയതിന് ശേഷം അവ നിരോധിക്കാന്‍ ബന്ധപ്പെട്ട മന്ത്രാലയത്തിന് നിര്‍ദ്ദേശം നല്‍കുകയായിരുന്നു. 2000ലെ ഇന്‍ഫര്‍മേഷന്‍ ടെക്നോളജി ആക്ട് സെക്ഷന്‍ 69 എ പ്രകാരമാണ് ഈ ആപ്പുകള്‍ നിരോധിച്ചത്.

0Shares

Leave a Reply

Your email address will not be published. Required fields are marked *