Categories
entertainment

നടിയെ വിവാഹവാഗ്ദാനം നല്‍കി ബലാത്സംഗം ചെയ്തെന്ന പരാതി; നടന്‍ ഗോവിന്ദന്‍കുട്ടിക്കെതിരെ കേസെടുത്തു

വിവാഹവാഗ്ദാനം നല്‍കിയ നടന്‍, യുവതിയെ എറണാകുളത്തെ വാടകവീട്ടില്‍വച്ച് മെയ് മാസത്തില്‍ രണ്ടുതവണ പീഡിപ്പിച്ചതായാണ് പരാതി.

വിവാഹവാഗ്ദാനം നല്‍കി ബലാത്സംഗം ചെയ്തെന്ന പരാതിയില്‍ നടനും അവതാരകനും എബിസി മലയാളം യുട്യൂബ് വാര്‍ത്താചാനല്‍ എംഡിയുമായ അടൂര്‍ കടമ്പനാട് നെല്ലിമുകള്‍ പ്ലാന്തോട്ടത്തില്‍ ഗോവിന്ദന്‍കുട്ടിക്കെതിരെ (42) കേസെടുത്തു. ബലാത്സംഗം, ദേഹോപദ്രവം ഏല്‍പ്പിക്കല്‍ എന്നീ കുറ്റങ്ങള്‍ക്കാണ് കേസെടുത്തത്.

എറണാകുളത്തെ വാടകവീട്ടിലും സുഹൃത്തിൻ്റെ ഇടപ്പള്ളിയിലെ വില്ലയിലും കാറിലുംവച്ച് പലതവണ പീഡിപ്പിച്ചതായാണ് നടിയും മോഡലുമായ എറണാകുളം സ്വദേശി നോര്‍ത്ത് പൊലീസിന് നവംബര്‍ 24ന് പരാതി നല്‍കിയത്. യുട്യൂബ് ചാനലില്‍ ടോക്ഷോ നടത്താന്‍ പോയപ്പോഴാണ് യുവതി ഗോവിന്ദന്‍കുട്ടിയെ പരിചയപ്പെട്ടത്. തുടര്‍ന്ന് വിവാഹവാഗ്ദാനം നല്‍കിയ നടന്‍, യുവതിയെ എറണാകുളത്തെ വാടകവീട്ടില്‍വച്ച് മെയ് മാസത്തില്‍ രണ്ടുതവണ പീഡിപ്പിച്ചതായാണ് പരാതി.

സുഹൃത്തിൻ്റെ ഇടപ്പള്ളിയിലെ വില്ലയില്‍വച്ചും രണ്ടുതവണ പീഡിപ്പിച്ചു. വിവാഹവാഗ്ദാനത്തെക്കുറിച്ച് ചോദിച്ചപ്പോള്‍ നടന്‍ മര്‍ദിച്ചതായും പരാതിയിലുണ്ട്. കാറിനുള്ളില്‍വച്ച് തമ്മനംമുതല്‍ കലൂര്‍ എത്തുംവരെ മര്‍ദിച്ചു. ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി യുവതിയുടെ അമ്മ ഇന്‍ഫോപാര്‍ക്ക് പൊലീസിനും പരാതി നല്‍കിയിട്ടുണ്ട്.

കേസുകള്‍ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് വാട്സാപ്പിലൂടെ നടന്‍ ഭീഷണിപ്പെടുത്തിയതായും യുവതിയുടെ പരാതിയില്‍ പറയുന്നു. ഡി.ജി.പി, മുഖ്യമന്ത്രി, സിറ്റി പൊലീസ് കമ്മീഷണര്‍ സി.എച്ച് നാഗരാജു എന്നിവര്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്. ജില്ലാ സെഷന്‍സ് കോടതിയില്‍നിന്ന് നടന് ലഭിച്ച ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് യുവതി ഹൈക്കോടതിയെ സമീപിച്ചു. നടിയുടെ ഹര്‍ജിയില്‍ ഹൈക്കോടതി ഗോവിന്ദന്‍കുട്ടിക്ക് നോട്ടീസ് അയച്ചു.

0Shares

Leave a Reply

Your email address will not be published. Required fields are marked *

The Latest