Categories
Kerala news

ഓഫീസ് മേൽവിലാസത്തിൽ മയക്കുമരുന്ന് കൊറിയർ ചെയ്തു വാങ്ങും; വാഹന പരിശോധനയിൽ പിടിവീണു

മയക്കുമരുന്ന് കടത്ത് തടയുന്നതിന് വരുന്ന ദിവസങ്ങളിലും ശക്തമായ പരിശോധന

കണ്ണൂർ: തോട്ടടയിൽ എക്സൈസിൻ്റെ വാഹന പരിശോധനയ്ക്കിടെ എൽ.എസ്.ഡി. സ്റ്റാമ്പും (LSD Stamp) MDMAയും പിടികൂടി. കോട്ടയംപൊയിൽ പത്തായക്കുന്ന് സ്വദേശി മുഹമ്മദ്‌ കെ. ഷാനിലാണ് അറസ്റ്റിലായത്. പ്രതിയിൽ നിന്ന് 191 LSD സ്റ്റാമ്പും 6.443 ഗ്രാം MDMAയും കണ്ടെടുത്തു. മയക്കുമരുന്ന് കടത്താൻ ഉപയോഗിച്ച കാറും പോലീസ് പിടിച്ചെടുത്തു. ചെറുകിട വിൽപ്പനക്കാർക്ക് അവിശ്യാനുസരണം മയക്കുമരുന്ന് എത്തിച്ചു കൊടുക്കുന്ന സംഘത്തിലെ പ്രധാന കണ്ണിയാണ് പിടിയിലായ ഷാനിൽ.

തലശ്ശേരി- കണ്ണൂർ ദേശീയപാതയിലെ പരിശോധനക്ക്‌ ഇടയിലായിരുന്നു എക്സൈസിൻ്റെ മയക്കുമരുന്ന് വേട്ട. നർകോട്ടിക്ക് സ്പെഷ്യൽ ഡ്രൈവിൻ്റെ ഭാഗമായാണ് കണ്ണൂർ എക്സൈസ് റെയിഞ്ച് ഓഫീസ് ഉദ്യോഗസ്ഥർ പരിശോധന നടത്തിയത്.

കൊറിയർ വഴിയാണ് പ്രതി മാരക മയക്കുമരുന്നുകൾ ജില്ലയിൽ എത്തിക്കുന്നത് എന്ന് എക്സൈസ് അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. ജോലിചെയ്യുന്ന സ്ഥാപനത്തിൻ്റെ പേരിൽ കൊറിയർ ലഭിക്കുന്നതിനാൽ ആർക്കും പെട്ടെന്ന് സംശയം തോന്നുകയുമില്ല. ഷാനിലിനെ സംബന്ധിച്ച് എക്സൈസിന് നേരത്തെ തന്നെ ചില രഹസ്യവിവരങ്ങൾ ലഭിച്ചിരുന്നു. തുടർന്ന് ഉദ്യോഗസ്ഥർ നിരീക്ഷണം ഏർപ്പെടുത്തി.
എൻ.ഡി.പി.എസ് നിയമ പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. 10 വർഷം മുതൽ 20 വരെ കഠിന തടവും ഒരുലക്ഷം മുതൽ രണ്ടുലക്ഷം വരെ പിഴയും ലഭിക്കുന്ന കുറ്റമാണ് ചുമത്തിയിരിക്കുന്നത്.

കണ്ണൂർ റെയിഞ്ച് എക്സൈസ് ഇൻസ്പെക്ടർ സിനു കോയില്യത്തിൻ്റെ നേതൃത്വത്തിലുള്ള എക്സൈസ് സംഘത്തിൽ പ്രിവന്റീവ് ഓഫീസർമാരായ എം.കെ സന്തോഷ്, എൻ.വി പ്രവീൺ, സിവിൽ എക്സൈസ് ഓഫീസർമാരായ പി.പി സുഹൈൽ, എൻ.റിഷാദ് സി.എച്ച് രജിത്ത് കുമാർ എൻ.എം സജിത്ത്, ടി.അനീഷ്, സീനിയർ എക്സൈസ് ഡ്രൈവർ സി.അജിത്ത്, ഉത്തര മേഖലാ കമ്മീഷണർ സ്‌ക്വാഡ് അംഗം പി.ജലീഷ് എന്നിവരും ഉണ്ടായിരുന്നു. തലശ്ശേരി എസി.ജെ.എം കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാണ്ട് ചെയ്തു. തുടർനടപടികൾ വടകര എൻ.ഡി.പി.എസ്. കോടതിയിൽ നടക്കും.

കഴിഞ്ഞമാസം കണ്ണൂർ എക്സൈസ് റെയിഞ്ച് ഓഫീസിൻ്റെ സംയോജിതമായ ഇടപെടലിനെ തുടർന്ന് കണ്ണൂർ കേന്ദ്രീകരിച്ച്‌ മയക്കുമരുന്ന് കച്ചവടം നടത്തുന്ന സംഘത്തിലെ പലരും പിടിയിലായിരുന്നു. ബ്രൗൺ ഷുഗറും മറ്റ് വിതരണം ചെയ്യുന്ന കണ്ണൂർ സിറ്റി സ്വദേശികളായ ഫർഹാൻ, മഷ്ഹൂക്ക് എന്നിവരെ 10.1745 ഗ്രാം ബ്രൗൺഷുഗർ സഹിതവും, മയ്യിൽ മാണിയൂർ സ്വദേശി മൻസൂറിനെ 10.100 കിലോഗ്രാം കഞ്ചാവ് സഹിതവും പിടികൂടിയിരുന്നു.

600 ഗ്രാം എം.ഡി.എം.എയുമായി താമരശ്ശേരി സ്വദേശി ജാഫറിനെയും 4.5 ഗ്രാം നൈട്രോ സപാമം ഗുളികയുമായി വടകര സ്വദേശി സലാഹുദ്ധീനെയും അറസ്റ്റ് ചെയ്ത് കേസെടുത്തിരുന്നു. മയക്കുമരുന്ന് കടത്ത് തടയുന്നതിന് വരുന്ന ദിവസങ്ങളിലും ശക്തമായ പരിശോധന ഏർപ്പെടുത്തുമെന്ന് എക്സൈസ് വൃത്തങ്ങൾ അറിയിച്ചു.

0Shares

Leave a Reply

Your email address will not be published. Required fields are marked *

The Latest