Categories
Kerala national news trending

പോപ്പുലര്‍ ഫ്രണ്ടുകാരുടെ കടകളില്‍ ഇറച്ചിവെട്ടി എന്‍.ഐ.എ; പോപ്പുലര്‍ ഫ്രണ്ട് ക്യാമ്പിലും പങ്കെടുത്തു, ഡോവലിന്‍റെ ചാരപ്രവര്‍ത്തനം

മുറുക്കിത്തുപ്പി, മുഷിഞ്ഞ വേഷവും ധരിച്ചാണത്രെ എന്‍.ഐ.എക്കാര്‍ ഈ കടകളില്‍ പണിയെടുത്തിരുന്നത്

കൊച്ചി: കേന്ദ്ര ഇന്‍റലിജന്‍സ് ഏജന്‍സിയുടെ ചാരപ്രവര്‍ത്തനം കണ്ട് കണ്ണ് തള്ളിയിരിക്കുകയാണ് പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരും അനുയായികളും. ഇക്കൂട്ടത്തില്‍ രണ്ടുപേര്‍ തമ്മില്‍ കഴിഞ്ഞ ഒരു വര്‍ഷത്തോളമായി പോപ്പുലര്‍ ഫ്രണ്ടുകാര്‍ക്കിടയില്‍ ചാരപ്രവര്‍ത്തനത്തിനായി നുഴഞ്ഞുകയറിയ എന്‍.ഐ.എയുടെ മിടുക്കിനെയും ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിന്‍റെ അതിബുദ്ധിയെ കുറിച്ചും പുകഴ്ത്തുന്ന ഒരു വോയ്‌സ് ക്ലിപ്പ് ഇപ്പോള്‍ വൈറലാണ്.

പെരുമ്പാവൂര്‍, ആലുവ, അങ്കമാലി പ്രദേശങ്ങളില്‍ കഴിഞ്ഞ ഒരു വര്‍ഷത്തിലധികമായി എന്‍.ഐ.എ ഉദ്യോഗസ്ഥര്‍ പല വേഷങ്ങളില്‍ പോപ്പുലര്‍ ഫ്രണ്ടുകാരുടെ വിശ്വസ്തത നേടി നുഴഞ്ഞുകയറിയെന്ന വാര്‍ത്തയാണ് ഇപ്പോള്‍ ചര്‍ച്ചയാവുന്നത്. “അല്ല വിനോദേ, അങ്കമാലിയില്‍ അജിത് ഡോവല്‍ എന്ത് പരിപാടിയാ കാട്ടിവെച്ചേ… നിങ്ങളെ എറച്ചിക്കടേല് മുഴുവന്‍ എന്‍.ഐ.എക്കാര്‍ ആയിരുന്നൂലേ…”- ഇങ്ങിനെയാണ് വോയ്‌സ് ക്ലിപ്പിലെ സംഭാഷണം ആരംഭിക്കുന്നത്. എന്‍.ഐ.എയുടെ ഈ ചാരപ്രവര്‍ത്തനം കണ്ട് പെരുമ്പാവൂര്‍, ആലുവ, അങ്കമാലി പ്രദേശങ്ങളിലുള്ളവരുടെ കിളി പോയിരിക്കുകയാണെന്നും പറയുന്നു.

കഴിഞ്ഞ ഒരു വര്‍ഷമായി അങ്കമാലി, ആലുവ, പെരുമ്പാവൂര്‍ പ്രദേശത്ത് പന്നിവെട്ടാനും കോഴിവെട്ടാനും പോത്ത് വെട്ടാനും എന്‍.ഐ.എ ആളെക്കൊടുക്കുക ആയിരുന്നു. ഈ പണിക്കാരെല്ലാം കൂട്ടത്തോടെ റെയ്‌ഡിൻ്റെ തലേദിവസം മുങ്ങിയതോടെയാണ് ഇവരെല്ലാം എന്‍.ഐ.എക്കാരായിരുന്നു എന്ന് പുറംലോകം അറിയുന്നത്. പിറ്റേദിവസം ഇവര്‍ എന്‍.ഐ.എയുടെ യൂണിഫോമില്‍ റെയ്‌ഡിന്‌ എത്തിയപ്പോഴാണ് ഇവരെല്ലാം ഇറച്ചിവെട്ടുകാരായി പണിയെടുത്തവരായിരുന്നു എന്ന് അറിയുന്നത്. ഇനിയിപ്പോള്‍ പെരുമ്പാവൂരിലെ പ്ലൈവുഡ് കമ്പനിയില്‍ പണിയെടുക്കാന്‍ വന്നവരൊക്കെ എന്‍.ഐ.എക്കാരാണോ എന്ന സംശയവും ഇപ്പോള്‍ പലരിലും ഉണ്ട്. ഇറച്ചിക്കടകളില്‍ നിന്നവരെല്ലാം കയ്യക്ഷരം മനസ്സിലാകാതിരിക്കാന്‍ മോശമായിട്ടാണ് കുത്തിക്കുറിച്ചിരുന്നത് എന്നും പറയുന്നു.

എങ്ങിനെയാണ് എന്‍.ഐ.എ പോപ്പുലര്‍ ഫ്രണ്ടുകാരുടെ വിശ്വാസം നേടിയെടുത്തതെന്നും സംഭാഷണത്തില്‍ കേള്‍ക്കാം. മുറുക്കി ഒരു ടിപ്പിക്കല്‍ ഹിന്ദിക്കാരെപ്പോലെയാണ് ഈ കടകളില്‍ എന്‍.ഐ.എക്കാര്‍ പണിയെടുത്തിരുന്നത്. എന്‍.ഐ.എക്കാരെ കടവരെ ഏല്‍പിച്ചിട്ടുപോയെ പോപ്പുലര്‍ ഫ്രണ്ടുകാരും ഉണ്ടെന്നും സംഭാഷണത്തില്‍ പറയുന്നു. അണുവിട സംശയം തോന്നാത്ത വിധത്തിലായിരുന്നുവത്രെ ഇവരുടെ പെരുമാറ്റം. ഫുള്‍‍ടൈം ചെവിയില്‍ ഹെഡ്ഫോണും വെച്ച്‌, മുറുക്കിത്തുപ്പി, മുഷിഞ്ഞ വേഷവും ധരിച്ചാണത്രെ എന്‍.ഐ.എക്കാര്‍ ഈ കടകളില്‍ പണിയെടുത്തിരുന്നത്. എന്‍.ഐ.എ റെയ്‌ഡിന്‍റെ തലേദിവസം ഇവര്‍ കൂട്ടത്തോടെ അപ്രത്യക്ഷമായതോടെ ആണ് പോപ്പുലര്‍ ഫ്രണ്ട്കാര്‍ പോലും ഇക്കാര്യം അറിയുന്നത്.

ഇതില്‍ ഏതാനും എന്‍.ഐ.എക്കാര്‍ തീവ്രവാദത്തിനോട് അത്രയും താല്‍പര്യമുള്ളതു പോലെ പെരുമാറി പോപ്പുലര്‍ ഫ്രണ്ടുകാരുടെ വിശ്വാസ്യത പിടിച്ചുപറ്റിയിരുന്നു. അവര്‍ പിന്നീട് പോപ്പുലര്‍ ഫ്രണ്ടിന്‍റെ രഹസ്യ ക്യാമ്പുകളില്‍ വരെ പങ്കെടുത്തിരുന്നതായും പറയപ്പെടുന്നു.

അജിത് ഡോവലിനുള്ള പുകഴ്ത്തലുകളും ഈ ഓഡിയോ ക്ലിപ്പില്‍ കേള്‍ക്കാം. വെറുതെയല്ലാട്ടോ ഈ ചങ്ങാതീനെ (അജിത് ഡോവലിനെ) മോദി തലപ്പത്താക്കിയതെന്നും സംഭാഷണത്തില്‍ ഏര്‍പ്പെടുന്നവരില്‍ ഒരാള്‍ പറയുന്നത് കേള്‍ക്കാം. പണ്ട് പാകിസ്ഥാനില്‍ പോയി രഹസ്യവിവരം നേടാന്‍ പാട്ട പെറുക്കുന്നയാളായി ജോലി ചെയ്തിരുന്നു അജിത് ഡോവലിന്‍റെ കഥയും ഇവര്‍ പങ്കുവെയ്ക്കുന്നു.

അതുകൊണ്ടാണ് പുട്ടുപോലെ പോപ്പുലര്‍ ഫ്രണ്ട് നേതാക്കളെ പൊക്കിയെടുക്കാന്‍ കഴിഞ്ഞതെന്നും പറയുന്നു. തുമ്പിയെ പിടിക്കുന്നതു പോലെയാണ് പുലര്‍ച്ചെ പോപ്പുലര്‍ ഫ്രണ്ട് നേതാക്കളെ പിടിച്ചത്. മാത്രമല്ല, റെയ്‌ഡ്‌ നടക്കുമ്പോള്‍ പല പോപ്പുലര്‍ ഫ്രണ്ട് നേതാക്കളും വാട്‍സ് ആപ്പിലൂടെ സന്ദേശം അയക്കാന്‍ ശ്രമിച്ചിരുന്നെങ്കിലും എന്‍.ഐ.എ ജാമര്‍ ഉപയോഗിച്ച്‌ വാട്‍സ് ആപ്പ് അക്കൗണ്ടുകളെല്ലാം മരവിപ്പിച്ചിരുന്നുവെന്നും പറയുന്നു. എന്തായാലും ഒന്നൊന്നര പൊക്കലായി എന്ന് പറഞ്ഞാണ് സംഭാഷണം അവസാനിക്കുന്നത്.

0Shares

Leave a Reply

Your email address will not be published. Required fields are marked *