Categories
entertainment news

പൃഥ്വിരാജ് സംവിധാനം ചെയ്ത സിനിമയിലും ലൈംഗിക പീഡനം നടന്നതായി റിപ്പോർട്ട്; ഹൈദരാബാദില്‍ സിനിമയുടെ ഷൂട്ടിങ് നടക്കുമ്പാഴാണ് സംഭവം

കൊച്ചി: നടനും സംവിധായകനുമായ പൃഥ്വിരാജ് സംവിധാനം ചെയ്ത ‘ബ്രോ ഡാഡി’ സിനിമയില്‍ അഭിനയിക്കാനെത്തിയ ജൂനിയർ ആർട്ടിസ്റ്റിനെ പീഡിപ്പിച്ചെന്ന വാർത്ത ഇപ്പോൾ പുറത്തുവരികയാണ്. പൃഥ്വിയുടെ അസിസ്റ്റന്റ് ഡയറക്ടർ മൻസൂർ റഷീദ് പീഡിപ്പിച്ചെന്ന കേസാണ് ഇപ്പോൾ തലപോക്കുന്നത്. ഈ സംഭവത്തിൽ പ്രതികരണവുമായി പൃഥ്വിരാജ് രംഗത്ത് വന്നു. ”അസിസ്റ്റന്റ് ഡയറക്ടർ മൻസൂർ റഷീദിനെതിരെ പോലീസ് കേസ് റജിസ്റ്റർ ചെയ്തെന്നത് എൻ്റെ ചീഫ് അസോഷ്യേറ്റ് ഡയറക്ടർ പറയുമ്പോഴാണ് ഞാൻ അറിയുന്നത്. 2023 ഒക്ടോബറില്‍ എംപുംരാൻ സിനിമയുടെ ഷൂട്ടിങ്ങിൻ്റെ തുടക്കത്തിലാണ് ഞാൻ ഇത് അറിയുന്നത്. അതുവരെയും ഈ സംഭവമോ പരാതിയോ ഞാൻ അറിഞ്ഞിരുന്നില്ല. കാര്യങ്ങൾ അറിഞ്ഞ ഉടൻ തന്നെ ഇയാളെ ഷൂട്ടിങ്ങില്‍നിന്നും മാറ്റിനിർത്തി. പോലീസിന് മുന്നില്‍ ഹാജരാകാനും നിയമനടപടികള്‍ക്കു വിധേയനാകാനും നിർദേശിച്ചു” എന്നാണു പൃഥ്വിരാജിൻ്റെ പ്രതികരണം.

സംഭവം നടക്കുന്നത് 2021 ഓഗസ്റ്റ് 8ന് ഹൈദരാബാദിലാണ്. വിവാഹ സീൻ ഷൂട്ട് ചെയ്യുന്നതിന് അവിടെ മലയാളി അസോസിയേഷനുമായി ബന്ധപ്പെട്ടാണ് അഭിനയിക്കാൻ ആളെ തേടിയത്. അസോസിയേഷൻ്റെ നിർദേശ പ്രകാരമാണ് ജൂനിയർ ആർട്ടിസ്റ്റ് അഭിനയിക്കാനെത്തിയത്. വീണ്ടും മറ്റു സീനുകളിലും അവസരം തരാമെന്ന് പറഞ്ഞ് അസിസ്റ്റന്റ് ഡയറക്ടർ മൻസൂർ റഷീദ് പരിചയം സ്ഥാപിച്ചു. ഷൂട്ടിങ് നടക്കുന്ന ഇടത്ത് തുടരാൻ ആവശ്യപ്പെട്ടു. ഇതനുസരിച്ച് സ്വന്തം നിലയില്‍, ഷൂട്ടിങ് സംഘം താമസിക്കുന്നിടത്തു തന്നെ മുറിയെടുത്തു. മൻസൂർ റഷീദ് മുറിയിലെത്തി കുടിക്കാൻ കോള കൊടുത്തുവെന്നും ഇതിനു ശേഷം തനിക്കു ബോധം നഷ്ടപ്പെട്ടുവെന്നും പിന്നീട് ബോധം വന്നപ്പോള്‍ താൻ പീഡിപ്പിക്കപ്പെട്ടുവെന്നുമാണ് ജൂനിയർ ആർട്ടിസ്റ്റ് നൽകിയ പരാതിയിലുള്ളത്. പിന്നീട് ഇവരുടെ നഗ്നചിത്രം ഈ അസിസ്റ്റന്റ് ഡയറക്ടർ അയച്ചു കൊടുത്തതായും പണം ആവശ്യപ്പെട്ടതായും കാണിച്ച് ഹൈദരാബാദിലെ ഗച്ചിബൗളി സ്റ്റേഷനില്‍ ബലാല്‍സംഗത്തിന് കേസെടുത്തു. ചിത്രം കാണിച്ച്‌ പലപ്പോഴായി പണം വാങ്ങിയെന്നാണു പരാതി. അറസ്റ്റ് ചെയ്യാൻ പോലീസ് കൊല്ലം കടയ്ക്കലിലെ പ്രതിയുടെ വീട്ടിലെത്തിയെങ്കിലും ഒളിവില്‍ പോയെന്നും രാഷ്ട്രീയ സഹായം പ്രതിക്ക് കിട്ടിയെന്നും പരാതിക്കാരി പറയുന്നു. പിന്നീടും പ്രമുഖരുടെ സിനിമകളില്‍ ഇയാള്‍ പങ്കെടുക്കുന്നുവെന്നു ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിക്കും സാംസ്കാരിക മന്ത്രിക്കും പരാതി നല്‍കിയെങ്കിലും നടപടിയുണ്ടായില്ലെന്നും പരാതിക്കാരി വെളിപ്പെടുത്തി. ഹൈദരാബാദ് പോലീസ് കേസെടുത്തെങ്കിലും പ്രതിയെ അറസ്റ്റ് ചെയ്യാൻ കഴിഞ്ഞിട്ടില്ല എന്നാണ് പറയുന്നത്.

0Shares

Leave a Reply

Your email address will not be published. Required fields are marked *